മതവും രാഷ്ട്രീയവും തമ്മില്‍ ചര്‍ച്ചയാവാം



പ്രഫ. ഓമാനൂര്‍ മുഹമ്മദ്

മതം രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് രാഷ്ട്രീയനേതാക്കളും രാഷ്ട്രീയം മതത്തില്‍ ഇടപെടരുതെന്ന് മതനേതാക്കളും പറയാറുണ്ട്. ഇടതുമുന്നണിയിലായിരുന്ന ജോസഫ് ഗ്രൂപ്പ് കഴിഞ്ഞ തിരഞ്ഞെടുപ്പിനുമുമ്പ് മുന്നണിവിട്ട് മാണി കോണ്‍ഗ്രസ്സില്‍ ലയിച്ചതിനു കാരണക്കാരായി പ്രവര്‍ത്തിച്ചത് മെത്രാന്‍മാരായിരുന്നുവെന്നും ഇതു രാഷ്ട്രീയത്തിലുള്ള മതമേലധ്യക്ഷന്‍മാരുടെ ഇടപെടലാണെന്നും ഇത്തരം ഇടപെടലുകള്‍ മഹാ അപകടത്തിലേക്കു വഴിവയ്ക്കുമെന്നും സി.പി.എം ആരോപിച്ചിരുന്നു. ഇന്നിപ്പോള്‍ മന്ത്രിമാരെ നിയമിക്കുന്നതുപോലും മതനേതാക്കളുടെ ഇംഗിതമനുസരിച്ചാണെന്നും മതവിഭാഗങ്ങളുടെ ഇത്തരം ഇടപെടലുകള്‍ ഒട്ടും പൊറുപ്പിച്ചുകൂടാത്തതാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു. 
ഈ അടുത്തകാലത്ത് പിണറായി വിജയന്‍ ഇപ്പോള്‍ വിവാദമായിരിക്കുന്ന തിരുനബികേശ സംബന്ധിയായി ഒരു പ്രസ്താവന പുറപ്പെടുവിക്കുകയുണ്ടായി. നബിയുടെ വാക്കുകളാണ്, മറിച്ച് മുടിപോലെയുള്ള ഭൗതികാവശിഷ്ടങ്ങളല്ല പ്രധാനമെന്നും ഏതുമുടിയും കത്തിച്ചാല്‍ കത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. ഈ പ്രസ്താവന മതകാര്യങ്ങളിലുള്ള രാഷ്ട്രീയക്കാരുടെ ഇടപെടലാണെന്നും ഇത്തരം ഇടപെടലുകള്‍ അനുവദിച്ചുകൂടെന്നും മതകാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെട്ടാല്‍ അതു വര്‍ഗീയതയ്ക്കു കാരണമാവുമെന്നും പിണറായിക്കു മറുപടിയായി കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍ പ്രതികരിച്ചു. മാത്രവുമല്ല, മുസ്്‌ലിം മതപ്രശ്‌നങ്ങള്‍ മുസ്‌ലിംകളിലെ പണ്ഡിതന്‍മാര്‍ മാത്രം പറഞ്ഞുതീര്‍ക്കേണ്ടതാണെന്നും മറ്റു മതക്കാരോ നാസ്തികരോ രാഷ്ട്രീയക്കാരോ അതില്‍ ഇടപെട്ടുകൂടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
പിണറായിയുടെയും കാന്തപുരത്തിന്റെയും ഈ അഭിപ്രായപ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ മതവും രാഷ്ട്രീയവും തമ്മില്‍ എത്രത്തോളം അടുപ്പവും അകലവും ആവാമെന്നത് സജീവമായ ചര്‍ച്ചയ്ക്കു വിധേയമാക്കേണ്ടതുണ്ട്. 
നമ്മുടെ നാട് ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നു. മതേതരത്വം എന്നുപറഞ്ഞാല്‍ നാം അര്‍ഥമാക്കുന്നത് രാഷ്ട്രത്തിനു പ്രത്യേക മതം ഇല്ലെന്നും രാഷ്ട്രം എല്ലാ മതങ്ങളെയും മാനിക്കുന്നുവെന്നുമാണ്. മതരഹിതമായി ജീവിക്കുന്നതിനും രാജ്യത്ത് തടസ്സമില്ല. മതവിശ്വാസികളുടെ വിശ്വാസങ്ങളിലോ ആചാരാനുഷ്ഠാനങ്ങളിലോ രാഷ്ട്രം പൊതുവില്‍ ഇടപെടില്ല. എന്നാല്‍, മതത്തിന്റെ പേരില്‍ സമൂഹത്തിനു ദോഷകരമായ കാര്യങ്ങള്‍  നടപ്പാക്കുകയോ അന്യമതവിദ്വേഷം പരത്തുകയോ ജനത്തെ ചൂഷണംചെയ്യുകയോ ആണെങ്കില്‍ രാഷ്ട്രത്തിന് ഇടപെടേണ്ടിവരും. ഉദാഹരണമായി ദൈവപ്രീതി നേടാനെന്ന പേരില്‍ മനുഷ്യനെ ബലിയര്‍പ്പിക്കാന്‍ പ്രേരിപ്പിച്ചാല്‍ രാഷ്ട്രം അതു തടയും. ഇതിനെ രാഷ്ട്രീയക്കാര്‍ മതത്തിലിടപെടുന്നുവെന്ന് ആക്ഷേപിക്കുന്നവരെ നിയമംമൂലം നിലയ്ക്കുനിര്‍ത്താന്‍ രാഷ്ട്രം ബാധ്യസ്ഥമാണ്. മതത്തിന്റെ പേരില്‍ പാമരജനങ്ങള്‍ പടച്ചുണ്ടാക്കുന്ന ജനദ്രോഹപരമായ അന്ധവിശ്വാസങ്ങള്‍ക്കെതിരേ രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്നവരും അല്ലാത്തവരും ആളുകളെ ബോധവല്‍ക്കരിക്കേണ്ടത് അനിവാര്യമാണ്.
നബിയുടെ വാക്കുകളുടെ പ്രാധാന്യത്തെ ഊന്നിപ്പറഞ്ഞ പിണറായി ആ നിലയ്ക്ക് ഒരു നല്ല കാര്യമാണു നിര്‍വഹിച്ചത്. മുടി കത്തുമെന്ന് അദ്ദേഹം പറഞ്ഞതില്‍ കത്തില്ലെന്നു വിശ്വസിക്കുന്നവര്‍ പ്രകോപിതരാവേണ്ടതില്ല. അല്ലാഹുവില്‍ തന്നെ വിശ്വസിക്കാത്ത സഖാവ്, അല്ലാഹുവിന്റെ നബിയിലും നബിയുടെ ശാരീരികസവിശേഷതകളിലും വിശ്വസിച്ചുകൊള്ളണമെന്ന് വിശ്വാസികള്‍ വാശിപിടിക്കുന്നതാണു തെറ്റ്. 
എന്നാല്‍, മതവിശ്വാസികള്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടുകൂടെന്ന സഖാവിന്റെ വാശിയും ഇതുപോലെത്തന്നെ തെറ്റാണ്. രാഷ്ട്രം എന്നത് മനുഷ്യന്‍ നിര്‍മിച്ച ഏറ്റവും വലുതും ബലിഷ്ഠവുമായ സാമൂഹിക സ്ഥാപനമാണ്. ജനാധിപത്യവ്യവസ്ഥയില്‍ ഏതു പൗരനും വിശ്വാസിയോ അവിശ്വാസിയോ എന്നു നോക്കാതെ രാഷ്ട്രീയത്തില്‍ ഇടപെടുകയും പ്രവര്‍ത്തിക്കുകയും അഭിപ്രായംപറയുകയുമൊക്കെയാവാം. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയില്‍ അംഗത്വമെടുത്തിട്ടില്ലാത്ത സ്വതന്ത്ര പൗരനും അതിനവകാശമുണ്ട്.  
മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെട്ട ഒട്ടേറെ അവസരങ്ങളുണ്ടായിട്ടുണ്ട്. ഷാബാനു കേസില്‍ സുപ്രിംകോടതി വിധി ശരീഅത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ടില്ലെന്നു കണ്ടപ്പോള്‍ മുസ്്‌ലിംകള്‍ ഇടപെട്ടു. രാഷ്ട്രീയമായിത്തന്നെ അതിനു പരിഹാരം കണ്ടു. കഴിഞ്ഞ ഇടതുസര്‍ക്കാര്‍ മദ്‌റസാ പഠനത്തിനു തടസ്സംസൃഷ്ടിക്കുന്ന നിയമം കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ മതനേതൃത്വം എതിര്‍ത്തു. സര്‍ക്കാരിനെ പിന്തിരിപ്പിച്ചു. ഇതുപോലെ ക്രിസ്തീയസഭകളും മറ്റു മതസംഘടനകളും ഇടപെട്ട ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. ഇത്തരം ഇടപെടലുകള്‍ പാടില്ലെന്നു പറയാന്‍ ഒരു രാഷ്ട്രീയക്കാരനും അവകാശമില്ല. അതുപോലെത്തന്നെ ആരെ മന്ത്രിയാക്കണമെന്നു നിര്‍ദേശിക്കാനും ഏതു വോട്ടര്‍ക്കും അവകാശമുണ്ട്. തങ്ങളുടെ വാക്ക് സ്വീകരിക്കുന്ന പാര്‍ട്ടിയോ ഭൂരിപക്ഷമോ ഉള്ളപ്പോള്‍ മാത്രമേ പൗരന്റെ ഇത്തരം ആഗ്രഹപ്രകടനങ്ങള്‍ നടപ്പാവുകയുള്ളൂവെന്നു മാത്രം. 
മതം യുഗാന്തരങ്ങളിലൂടെ മനുഷ്യന് മാര്‍ഗദര്‍ശനം നല്‍കിയ പ്രസ്ഥാനമാണ്. വിശ്വാസത്തിലൂന്നിയ കര്‍മപദ്ധതികളാണ് മതം. നന്മചെയ്യുക, തിന്മ വെടിയുക, നീതി നടപ്പാക്കുക തുടങ്ങിയ കര്‍മപദ്ധതികളാണ് ഇസ്്‌ലാംപോലെയുള്ള മതങ്ങള്‍ അനുശാസിക്കുന്നത്. പക്ഷേ, അന്ധവിശ്വാസങ്ങളുടെ കൂടാരങ്ങളായിമാറിയ മതങ്ങളുണ്ട്. ഇങ്ങനെ പറയുന്നതുതന്നെ മതത്തില്‍ ഇടപെടലാണ്. പക്ഷേ, ഈ ഇടപെടല്‍ ആവശ്യമാണ്. അപ്പോഴേ, ആളുകളെ മെച്ചപ്പെട്ട മതത്തിന്റെ അനുയായികളാക്കിമാറ്റാന്‍ കഴിയുകയുള്ളു. മതങ്ങള്‍ തമ്മിലും നിരീശ്വര നിര്‍മത വിഭാഗങ്ങള്‍ തമ്മിലും യുക്തിബന്ധുരമായ സംവാദങ്ങള്‍ വേണം. ഇത്തരം സംവാദങ്ങള്‍ ധാരാളമായി ഖുര്‍ആനിലുണ്ട്. ബഹുദൈവത്വവും നിരീശ്വരത്വവും ത്രിയേകത്വവുമൊക്കെ ശരിയല്ലെന്നാണ് ഖുര്‍ആന്‍ കണക്കാക്കുന്നത്. ഇതുകേട്ടാല്‍ മറ്റുള്ളവര്‍ ചൊടിക്കും, വര്‍ഗീയതയ്ക്കു കാരണമാവും എന്നു പറഞ്ഞ് ഖുര്‍ആന്‍ മൂടിവയ്ക്കാന്‍ ഒക്കുമോ? ഖുര്‍ആന്‍ അതിന്റെ തത്ത്വം പറയുകയാണു ചെയ്യുന്നത്. അതു വിശ്വസിക്കാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. 
നബി അവസാന പ്രസംഗത്തില്‍ പറഞ്ഞത് ഖുര്‍ആനും തന്റെ ചര്യയും വിട്ടേച്ചുപോവുന്നുവെന്നാണ്. അതു മുറുകെ പിടിച്ചു മുന്നേറാനാണ് ആഹ്വാനംചെയ്തത്. അല്ലാതെ എന്റെ മുടിയും നഖവും വിട്ടേച്ചുപോവുന്നു. അതു പ്രദര്‍ശിപ്പിച്ചു കാശുണ്ടാക്കുക എന്നല്ല. നബിയുടെ ഭൗതികാവശിഷ്ടങ്ങള്‍ ആരുടെയെങ്കിലും കൈവശമുണെ്ടങ്കില്‍ അത് അവര്‍ ആദരവോടെ സൂക്ഷിച്ചുകൊള്ളട്ടെ. മറിച്ച്, അതു പ്രതിഷ്ഠിക്കാന്‍ പള്ളി പണിയുന്നത് ഇസ്‌ലാമിക പാരമ്പര്യമല്ല. മ്യൂസിയമുണ്ടാക്കി അതു പ്രദര്‍ശനവസ്തുവാക്കി സൂക്ഷിക്കുന്നതും നബിനിന്ദ തന്നെയാണ്. 
പിണറായിയുടെ വെല്ലുവിളി സ്വീകരിച്ച്, നബിയുടെ മുടി കൈവശമുണെ്ടന്നും അതു കത്തില്ലെന്നും വിശ്വാസമുള്ളവര്‍, അതു തെളിയിക്കാന്‍ മുന്നോട്ടുവരുകയാണു വേണ്ടത്. അല്ലാതെ, മതത്തില്‍ ഇടപെടരുതെന്നു പറഞ്ഞ് ഉള്‍വലിയുന്നത് ഭീരുത്വമാണ്.