കാസര്‍കോട് : ഗ്യാസ് പൈപ്പ്‌ലൈന്‍ വഴി കൊച്ചിയില്‍
നിന്ന് മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നതിന് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ
ലിമിറ്റഡ് (ഗെയില്‍ ) പദ്ധതി നടപ്പിലാക്കുമ്പോള്‍ ജനവാസ കേന്ദ്രങ്ങളില്‍
പൈപ്പ്‌ലൈന്‍ സ്ഥാപിക്കരുതെന്ന 1962 ലെ പെട്രോളിയം ആക്‌ട് നടപ്പിലാക്കാന്‍
ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ഇതൊരു ജനകീയ പ്രശ്‌നമായി
ഏറ്റെടുത്ത് ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് SKSSF നേതൃത്വം നല്‍കുമെന്നും
ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം
എന്നിവര്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. 2009 ല്‍ കേരള സര്‍ക്കാരും ഗെയിലും
വ്യാവസായിക ആവശ്യത്തിന് മാത്രമായി ഗ്യാസ് കൊണ്ടുപോകാനാണ് കരാറുണ്ടാക്കിയത് .
ഇതിനായി ഭൂസര്‍വ്വേ നടത്തമ്പോള്‍ ഭൂഉടമകളെ വിശദീകരണം ബോധ്യപ്പെടുത്തണമെന്ന
പെട്രോളിയം നിയമം പാലിക്കപ്പെട്ടിട്ടില്ല. പൈപ്പ്‌ലൈനിന്റെ ഇരുവശങ്ങളിലായി 20
മീറ്റര്‍ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുക. ഈ സ്ഥലത്ത് കെട്ടിടങ്ങള്‍
നിര്‍മ്മിക്കാനോ മരങ്ങള്‍ വെച്ച്‌പിടിപ്പിക്കാനോ കിണര്‍ , കുളം കുഴിക്കുവാനോ പാടില്ല
എന്നതാണ് വിജ്ഞാപനം. പൈപ്പ്‌ലൈനിന് വേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്തിന്
ആധാരത്തില്‍ പറയുന്ന വിലയുടെ 10 ശതമാനം തുക ഉടമകള്‍ക്കും 24 ശതമാനം സര്‍ക്കാരിനും
ഗെയില്‍ കമ്പനിക്ക് 26 ശതമാനവും ബാക്കി 50 ശതമാനം സ്വകര്യകമ്പനിക്കുമാണ് ഓഹരി
നീക്കിവെച്ചിട്ടുള്ളത്. പൊതുജനങ്ങളെ ദ്രോഹിച്ച് സ്വകാര്യ കമ്പനികളെ സഹായിക്കുന്ന
ഇത്തരം പ്രവണതകളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും നേതാക്കള്‍
പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.