സമസ്ത ജെനെറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി ഉസ്താദ്‌ തന്നെ, പ്രവര്‍ത്തകര്‍ ആശയക്കുഴപ്പത്തിലാവരുത് - SYS

 
കോഴിക്കോട്: സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ജനറല്‍ സെക്രടറി സ്ഥാനത്തു നിന്ന് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരെ നീക്കിയതായ വാര്‍ത്തകള്‍ വസ്തുതാപരമല്ലെന്ന് സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന സെക്രടറിമാരായ പിണങ്ങോട് അബൂബക്കര്‍, ഉമര്‍ ഫൈസി മുക്കം, കെ.മമ്മദ് ഫൈസി, പി.പി മുഹമ്മദ് ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂകോട്ടൂര്‍, കെ.എ.റഹ്മാന്‍ ഫൈസി എന്നിവര്‍ അറിയിച്ചു.
ഒരു വിഭാഗം പലപ്പോഴായി നിരവധി വ്യവഹാരങ്ങള്‍ കൊടുത്തിട്ടുള്ളതും കോടതികള്‍ പല കേസ്സുകളിലും സമസ്തക്ക് അനുകൂലമായ വിധം തീര്‍പ്പാക്കിയിട്ടുള്ളതുമാണ്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സമസ്തയുടെ ലിസ്റ്റും നിയമസാധുതയും അംഗീകരിച്ചിട്ടുള്ളതുമാണ്.
എന്നാല്‍ 1989-ല്‍ കായംകുളം താഹാ മൗലവിയും മറ്റും ചേര്‍ന്ന് സമസ്തക്കെതിരെ കൊടുത്ത അപ്പീല്‍ അനുവദിച്ച് കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ 'ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ ജനറല്‍ ബോഡിയാല്‍ തിരഞ്ഞെടുക്കപ്പെട്ടില്ലെന്ന കാരണം പറഞ്ഞു സെക്രടറി സ്ഥാനം നിലനില്‍കുന്നതല്ലെന്ന പരാമര്‍ശം' പ്രസ്തുത കോടതി അന്നേ ദിവസം തന്നെ സ്റ്റേ ചെയ്തതും , അതു കൊണ്ട് വിധിപരാമര്‍ശം നിലനില്‍കാത്തതുമാണ്.
സമസ്തക്കെതിരില്‍ തല്‍പരകക്ഷികള്‍ നടത്തുന്ന എല്ലാ വ്യവഹാരങ്ങളും സമസ്ത വ്യവസ്ഥാപിതമായും ഭരണഘടനക്കും നീതിന്യായ വ്യവസ്ഥകള്‍ക്കും പൂര്‍ണ്ണമായി വിധേയമായി നേരിടുന്നതാണെന്നും സമസ്തക്കെതിരില്‍ നടത്തുന്ന കുപ്രചാരണങ്ങളില്‍ ആരും വഞ്ചിതരാകരുതെന്നും നേതാക്കള്‍ അറിയിച്ചു.