ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി; ഫീഡര്‍ കോണ്‍ഫറന്‍സ്‌ ഏപ്രില്‍ 22 ന്‌ ദുബൈയില്‍



ദുബൈ : ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്‌ രാജ്യാന്തര തലത്തില്‍ നടക്കുന്ന സമ്മേളനങ്ങളുടെ ഭാഗമായി ദുബൈ ഫീഡര്‍ കോണ്‍ഫറന്‍സ്‌ ഏപ്രില്‍ 22ന്‌ ദുബൈയിലെ ജംഇയ്യത്തുല്‍ ഇസ്‌ലാഹ്‌ ഓഡിറ്റോറിയത്തില്‍ നടക്കും. 

ഏപ്രില്‍ 22 ന്‌ രാവിലെ ഒമ്പത്‌ മണിക്ക്‌ ഉദ്‌ഘാടന സെഷന്‍ ആരംഭിക്കും. തുടര്‍ന്ന്‌ അലവിക്കുട്ടി ഹുദവി മുണ്ടം പറമ്പ്‌, സിംസാറുല്‍ ഹഖ്‌ ഹുദവി മമ്പാട്‌ എന്നിവര്‍ നയിക്കുന്ന തബ്‌സിറ സെഷനില്‍ സമകാലിക സംഭവ വികാസങ്ങളെ ഖുര്‍ആനിക വെളിച്ചത്തില്‍ വിശകലനം നടത്തും. ജുമുഅ നമസ്‌കാരാനന്തരം നടക്കുന്ന തര്‍ബിയ സെഷന്‌ സ്ലൈഡ്‌ ഷോകളുടെയും ചിത്രീകരണങ്ങളുടെയും സഹായത്തോടെ ക്രിയാത്മകവും ഫലപ്രദവുമായ പാരന്റിങിന്റെ സാധുതയെക്കുറിച്ച്‌ ചര്‍ച്ചകള്‍ നടക്കും. 

അബ്‌ദുല്‍ ബാരി ഹുദവി കൂടല്ലൂര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന്‌ നടക്കുന്ന തൗഇയ സെഷനില്‍ പ്രവാസികള്‍ക്കുണ്ടായിരിക്കേണ്ട സാമൂഹികാവബോധത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യും.ആരോഗ്യ പരിപാലനം, ധനവിനിയോഗം തുടങ്ങിയ സുപ്രധാന മേഖലകളില്‍ പ്രവാസികള്‍ക്കിടയില്‍ സംഭവിച്ച്‌ കൊണ്ടിരിക്കുന്ന ഗുരുതരമായ വീഴ്‌ചകളെയും അവയുടെ പരിഹാരമാര്‍ഗങ്ങളെയും പരാമര്‍ശിക്കും. 

വൈകീട്ട്‌ ഏഴു മണിക്കാരംഭിക്കുന്ന പൊതു പരിപാടി സയ്യിദ്‌ ഹാമിദ്‌ കോയമ്മ തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടക്കമാകും. പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട്‌ മുഖ്യപ്രഭാഷണം നടത്തും. അബ്‌ദുസ്സലാം ബാഖവി, അബ്‌ദുല്‍ ജലീല്‍ ദാരിമി, അലി ബാവ ഫൈസി എന്നിവര്‍ സംബന്ധിക്കും.