ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി: ദോഹാ സെമിനാര്‍ ശ്രദ്ധേയമായി


ദോഹ : ദാറുല്‍ ഹുദാ രജത ജൂബിലി പ്രചരണാര്‍ത്ഥം ഹാദിയ ഖത്തര്‍ ചാപ്‌റ്റര്‍ ദോഹയില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാര്‍ ശ്രദ്ധേയമായി. നൂറുകണക്കിന്‌ പ്രവാസി മലയാളികള്‍ പങ്കെടുത്ത സെമിനാര്‍ കേരളാ ഇസ്‌ലാമിക്‌ സെന്റര്‍ പ്രസിഡന്റ്‌ എ.വി അബൂബക്കര്‍ ഖാസിമി ഉദ്‌ഘാടനം ചെയ്‌തു. മാനവിക നന്മയും മനുഷ്യ സമൂഹത്തിന്റെ ക്രിയാത്മക വളര്‍ച്ചയുമായിരിക്കണം വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യമെന്ന്‌ ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സെമിനാറില്‍ മുഖ്യഭാഷണം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത-ഭൗതിക സമന്വയത്തിലൂന്നിയ പാഠ്യപദ്ധതി വിജയകരമായി നടപ്പാക്കിയതിലൂടെ കേരളീയ ഇസ്‌ലാമിക വിദ്യാഭ്യാസ രംഗത്ത്‌ വലിയൊരു വിടവാണ്‌ ദാറുല്‍ ഹുദാക്ക്‌ നികത്താനായതെന്നും അദ്ദേഹം പറഞ്ഞു. 

`വിദ്യാഭ്യാസം ലക്ഷ്യമാവേണ്ടത്‌' എന്ന വിഷയത്തില്‍ വക്‌റ ഭവന്‍സ്‌ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഡോ. മാനുവല്‍, ദാറുല്‍ ഹുദാ ചെലുത്തിയ സാമൂഹിക സ്വാധീനം എന്ന വിഷയത്തില്‍ റഈസ്‌ അഹ്‌മദ്‌, സിജി വൈസ്‌ ചെയര്‍മാന്‍ മുഹമ്മദ്‌ ഫൈറൂസ്‌ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. ഫൈസല്‍ ഹുദവി പട്ടാമ്പി, മജീദ്‌ ഹുദവി പുതുപ്പറമ്പ്‌, ഇസ്‌മാഈല്‍ ഹുദവി സംസാരിച്ചു. ഹാദിയ ഖത്തര്‍ ചാപ്‌റ്റര്‍ സംഘടിപ്പിച്ച `ക്വിസില്ല-2011' മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ മുഹമ്മദ്‌ ജാസിഫ്‌ (എഡ്‌മാക്‌), ഉമര്‍ അബ്‌ദുല്‍ ഖാദര്‍ (മാപ്‌ ഖത്തര്‍) എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ ഡോ. ബഹാഉദ്ദീന്‍ നദ്‌വിയും എ.വി അബൂബക്കര്‍ ഖാസിമിയും വിതരണം ചെയ്‌തു.