ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി; മംഗലാപുരം സമ്മേളനത്തിന്‌ ഉജ്ജ്വല സമാപ്‌തി

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്‌ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നടക്കുന്ന സമ്മേളനങ്ങളുടെ ഭാഗമായി നടന്ന മംഗലാപുരം സമ്മേളനത്തിന്‌ ഉജ്ജ്വല സമാപ്‌തി. സീനത്ത്‌ ബഖ്‌ശ്‌ ഹാളില്‍ നടന്ന സമ്മേളനം പാണക്കാട്‌ സയ്യിദ്‌ ബഷീറലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു.

സമൂഹത്തിന്റെ സമഗ്രമായ പുരോഗതിക്കും സാമൂഹിക സുസ്ഥിതിക്കും മത വിദ്യാഭ്യാസത്തിലധിഷ്‌ടിതമായ ഭൗതിക വിദ്യയും ആനിവാര്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു. മത ഭൗതിക വിദ്യാഭ്യാസ രംഗത്ത്‌ പുതിയ മാറ്റങ്ങള്‍ തീര്‍ക്കാന്‍ കേരളേതര സംസ്ഥാനങ്ങളിലും ദാറുല്‍ ഹുദാ മോഡല്‍ എന്ന പുതിയ സങ്കല്‍പം നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹുദവീസ്‌ അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ്‌ ഇസ്‌ലാമിക്‌ ആക്‌ടിവിറ്റീസ്‌ (ഹാദിയ) മംഗലാപുരം ചാപ്‌റ്ററിന്റെ ഉദ്‌ഘാടനം സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രോ.ചാന്‍സലറുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. ദക്ഷിണ കന്നട ഖാസി ത്വാഖ അഹ്‌മദ്‌ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. 

ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്‌. മുഹമ്മദ്‌ മസ്‌ഊദ്‌, യു.ടി ഖാദര്‍ എം.എല്‍.എ, മൊയ്‌ദീന്‍ അബ്ബ ഹാജി, മുന്‍ മേയര്‍ കെ.അശ്‌റഫ്‌, സോനാ ബസാര്‍ മമ്മുഞ്ഞി ഹാജി, പി.ഇസ്‌ഹാഖ്‌ ബാഖവി, യു.ശാഫി ഹാജി, സുബൈര്‍ ഹുദവി ചേകനൂര്‍, എന്നിവര്‍ സംസാരിച്ചു.  രാവിലെ പത്ത്‌ മണിക്ക്‌ ആരംഭിച്ച ലീഡേഴ്‌സ്‌ മീറ്റ്‌ സമസ്‌ത കേന്ദ്ര മുശാവറാംഗം ജബ്ബാര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. വാഹിദ്‌ ഫൈസി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന്‌ നടന്ന വിവിധ സെഷനുകളിലായി സി.ടി അബ്‌ദുല്‍ ഖാദിര്‍, വി.സി മുഹമ്മദ്‌, ഷാജി സമീര്‍ അല്‍ അസ്‌ഹരി എന്നിവര്‍ വിഷയമവതരിപ്പിച്ചു. മുഹ്‌യുദ്ദീന്‍ സിറാജ്‌ ഹുദവി സ്വാഗതവും ഹനീഫ്‌ ഹാജി നന്ദിയും പറഞ്ഞു.