ദുബൈ :
ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് ഹാദിയ യു.എ.ഇ ചാപ്‌റ്റര്‍ ദുബൈയില്‍
സംഘടിപ്പിച്ച ഫീഡര്‍ കോണ്‍ഫറന്‍സിന് ഉജ്ജ്വല സമാപനം. ദുബൈ ജംഇയ്യത്തുല്‍ ഇസ്‌ലാഹ്
ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നൂറുകണക്കിന് പ്രവാസി മലയാളികള്‍
പങ്കുകൊണ്ടു. വെള്ളിയാഴ്‌ച രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച കോണ്‍ഫറന്‍സിലെ
തബ്‌സ്വിറ സെഷനില്‍ സിംസാറുല്‍ ഹഖ് ഹുദവി വിഷയമവതരിപ്പിച്ചു. സമകാലിക
സംഭവവികാസങ്ങളെ ഖുര്‍ആനികാധ്യാപനങ്ങളുടെ വെളിച്ചത്തില്‍ വിശകലന
വിധേയമാക്കുന്നതായിരുന്നു തബ്‌സ്വിറ സെഷന്‍ .
ജുമുഅ നമസ്‌കാരാനന്തരം നടന്ന
തര്‍ബിയ സെഷന് അബ്‌ദുല്‍ ബാരി ഹുദവി കൂടല്ലൂര്‍ നേതൃത്വം നല്‍കി. ക്രിയാത്മകവും
ഫലപ്രദവുമായ പാരന്റിംഗ് സാധ്യതകളെക്കുറിച്ച് ഗൗരവതരമായ സംവാദത്തിന് ഈ സെഷന്‍
വേദിയായി. തുടര്‍ന്നു നടന്ന തൗഇയ സെഷനില്‍ ശംസുദ്ദീന്‍, ഡോ. കാസിം എന്നിവര്‍
സാമ്പത്തികാസൂത്രണം, ആരോഗ്യസംരക്ഷണം എന്നീ വിഷയങ്ങളവതരിപ്പിച്ചു. ആരോഗ്യപരിപാലനം,
ധനവിനിയോഗം തുടങ്ങിയ മേഖലകളില്‍ പ്രവാസികള്‍ക്കിടയില്‍ സംഭവിക്കുന്ന വീഴ്‌ചകളെയും
അവയുടെ പരിഹാരമാര്‍ഗ്ഗങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇവര്‍ നേതൃത്വം
നല്‍കി.
വൈകീട്ട് ഏഴു മണിക്ക് നടന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ്
മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ.
ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ദുബൈ ഇന്റര്‍നാഷണല്‍
ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ഓര്‍ഗനൈസിംഗ് കമ്മിറ്റിയിലെ ഡോ. ആരിഫ് അബ്‌ദുല്‍ കരീം
ജല്‍ഫാര്‍ മുഖ്യാതിഥിയായിരുന്നു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, അബ്‌ദുസ്സലാം
ബാഖവി, അബ്‌ദുല്‍ ഗഫൂര്‍ മൗലവി, അബ്‌ദുല്‍ ജലീല്‍ ദാരിമി, അലിബാവ ഫൈസി തുടങ്ങിയവരും
ചടങ്ങില്‍ സംബന്ധിച്ചു.