അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കാൻ അനുവദിക്കരുത് : സമസ്ത

ആലുവ : സംസ്ഥാനത്തെ അടച്ചുപൂട്ടിയ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കന്‍ സര്‍ക്കാര്‍ അനുവദിക്കരുതെന്ന് സമസ്ത കേരള ജംഇയ്യഅത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ആലുവയില്‍ ചേര്‍ന്ന സാരഥി സംഗമമാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ജനപക്ഷത്ത് നില്‍ക്കണമെന്ന് ആവശ്യം ഉയര്‍ത്തിയത്. സംസ്ഥാനത്തെ 418 ബാറുകളും അടച്ചുപൂട്ടിയത് വഴിയുള്ള ജനനന്മ മനസിലാക്കി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങളും സര്‍ക്കാരും തയ്യാറാകണമെന്ന് സാരഥി സംഗമം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന തലത്തില്‍ ചേര്‍ന്ന സാരഥിസംഗമം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മദ്രസ വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ മാറ്റങ്ങള്‍ വരുത്തി മതവിദ്യാഭ്യാസം ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഇസ്‌ലാമിക വിദ്യാഭ്യാസം നവോത്ഥാന ചരിത്രത്തിന്റെ ഭാഗമാണ്. ഇക്കാര്യത്തില്‍ സമസ്തയും അതിന്റെ പണ്ഡിത ശ്രേഷ്ഠരും വഹിക്കുന്ന പങ്ക് അഭിമാനകരമാണ്. ശാസ്ത്രീയമായും ഗൗരവത്തോടെയുമാണ് ഇന്ന് മദ്രസാ വിദ്യാഭ്യാസം നല്‍കി വരുന്നത്. നവലോകത്ത് വഴിതെറ്റി പോകാന്‍ സാഹചര്യം ഏറെയുള്ള പുതുതലമുറക്ക് ഭ ൗതിക വിദ്യാഭ്യാസത്തിനൊപ്പം മതപരമായ വിദ്യാഭ്യാസവും അനിവാര്യമാണ്. അതുകൊണ്ട് തന്നെ മദ്രസാ അധ്യാപകരും രക്ഷിതാക്കളും വളരെ ഗൗരവത്തോടെയാണ് മതവിദ്യാഭ്യാസത്തെ സമീപിക്കേണ്ടത്. ജീവിതത്തിലുടനീളം മാറ്റം വരുത്തുന്ന രീതിയിലേക്ക് വിദ്യാഭ്യാസം രൂപപ്പെടുത്തണമെന്നും ഇതിനായി കൂടുതല്‍ ശാസ്ത്രീയവും ഗഹനവുമായ രീതികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആലുവ എടയപ്പുറം ജമാഅത്ത് ഹാളില്‍ നടന്ന ഉണര്‍വ് സാരഥി സംഗമത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റെയ്ഞ്ച് ഭാരവാഹികള്‍ പങ്കെടുത്തു.
സമസ്ത മുശാവറ അംഗം എം എം മുഹിയുദ്ദീന്‍ മൗലവിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സംഗമത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ എം സാദിഖ് മുസ് ലിയാര്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഓണമ്പള്ളി മുഹമ്മദ് ഫൈസി, എം എ ചേളാരി, പുറങ്ങ് മൈതീന്‍ മൗലവി, കെ കെ ഇബ്രാഹിം മുസ് ലിയാര്‍, വാക്കോട് മുഹമ്മദ് കുട്ടി ഫൈസി എന്നിവര്‍ പ്രസംഗിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം അബ്ദുല്‍ റഹിമാന്‍ മുസ് ലിയാര്‍ സ്വാഗതവും സംസ്ഥാന ജോയിന്റ് സെക്രട്ടറി ഹുസൈന്‍കുട്ടി മലപ്പുറം നന്ദിയും പറഞ്ഞു.