ആത്മീയ ചൂഷകരെ തിരിച്ചറിയുക : പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍

ബഹ്റൈന്‍ : ജീവിതത്തിന് നന്മ പകര്‍ന്നു നല്‍കേണ്ട ആത്മീയതയെ പാവപ്പെട്ട സമൂഹത്തില്‍ നിന്നും സന്പത്ത് സമാഹരിക്കാനുള്ള ഉപാധിയായി സ്വീകരിക്കുന്ന ചില തല്‍പര കക്ഷികള്‍ മാനവിക മൂല്യങ്ങളെ ചവിട്ടി മതിക്കുകയാണെന്നും അവരെ തിരിച്ചറിയാന്‍ പ്രവാസി സമൂഹം സന്നദ്ധരാവണമെന്നും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂളില്‍ നല്‍കിയ സ്വീകരണത്തിന് മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സി.കെ.പി. അലി മുസ്‍ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയുടെ ഉദ്ഘാടനം സയ്യിദ് ഫക്റുദ്ദീന്‍ തങ്ങള്‍ നിര്‍വ്വഹിച്ചു. SYS സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അന്പലക്കടവ് മുഖ്യപ്രഭാഷണം നടത്തി. രണ്ടു പതിറ്റാണ്ടുകളായി തട്ടിപ്പും വെട്ടിപ്പും നടത്തി അതിനൊക്കെ മത പരിവേഷം നല്‍കുകയും അവസാനം പ്രവാചകരുടേതെന്നു പറഞ്ഞു കൊണ്ടുവന്ന വ്യാജ മുടിയിലൂടെ കോടികള്‍ സമാഹരിച്ചു വിശ്വാസികളെ വഞ്ചിക്കുകയും ചെയ്ത കാന്തപുരം മാനവികതയുടെ പേരില്‍ നടത്തുന്നത് തികച്ചും കാപട്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, കെ.എം.സി.സി. പ്രസിഡന്‍റ് കട്ടൂസ മുണ്ടേരി, ഇന്ത്യന്‍ സ്കൂള്‍ സെക്രട്ടറി ഡോ. അശ്റഫ്, ഹാശിം ജീപാസ് ആശംസകള്‍ നേര്‍ന്നു. ജോലി ആവശ്യാര്‍ത്ഥം ബഹ്റൈനില്‍ നിന്നും ദുബായിലേക്ക് താമസം മാറുന്ന സയ്യിദ് അസ്ഹര്‍ തങ്ങള്‍ക്കുള്ള ഉപഹാര സമര്‍പ്പണം അബ്ദുല്‍ ഹമീദ് ഫൈസി നിര്‍വ്വഹിച്ചു. കന്നോത് അബ്ദുല്ല ഹാജി സ്വാഗതവും സെക്രട്ടറി എസ്.എം. അബ്ദുല്‍ വാഹിദ് നന്ദിയും പറഞ്ഞു.