Thursday, October 08, 2015

വാഫി, വഫിയ്യ സംസ്ഥാന കലോത്സവം വെള്ളിയാഴ്ച മുതല്‍

മലപ്പുറം: അന്‍പതോളം സ്ഥാപനങ്ങളിലെ നാലായിരത്തിലധികം പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന സംസ്ഥാന വാഫി, വഫിയ്യ കലോത്സവം വെള്ളിയാഴ്ച തുടങ്ങും. വളാഞ്ചേരി മര്‍ക്കസില്‍ വാഫി സ്റ്റുഡന്റ്‌സ് ഫെഡറേഷനാണ് കലോത്സവം നടത്തുന്നത്. 
10ന് രാവിലെ 11.30ന് സമസ്ത ജില്ലാ ജനറല്‍സെക്രട്ടറി പി. കുഞ്ഞാണി മുസ്ലിയാര്‍ ഉദ്ഘാടനംചെയ്യുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സാഹിത്യകാരന്‍ ബെന്യാമിന്‍, സമസ്ത സെക്രട്ടറി കോട്ടുമല ബാപ്പുമുസ്ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നേര്‍വായന ഓണ്‍ലൈന്‍ മാഗസിന്‍ ചടങ്ങില്‍ പ്രകാശനംചെയ്യും. 
വൈകിട്ട് ഏഴിനു നടക്കുന്ന സംവാദം യു.എ.ഇ. മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലി അല്‍ ഹാഷിമി ഉദ്ഘാടനംചെയ്യും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാവും. 
11ന് 10.30ന് വാഫി, വഫിയ്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുക്കുന്ന കുടുംബസംഗമം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്യും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാവും. ഉച്ചയ്ക്ക് രണ്ടിന് വാഫികളുടെ സംഗമം നടക്കും. 
12ന് രാവിലെ 10ന് വനിതാസമ്മേളനം മന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനംചെയ്യും. എം.ജി. സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍ മുഖ്യാതിഥിയാവും.

അലകളുടെ പുഴകളുടെയും നാട് സമസ്ത സമ്മേളനത്തിന്റെ തിരയിളക്കത്തില്‍

ആലപ്പുഴ : വിപ്ലവത്തിന്റെ വളക്കൂറുളള മണ്ണില്‍ സന്മാര്‍ഗത്തിന്റെ പുഴയൊഴുക്കാന്‍ സമസ്ത സമ്മേളനത്തിന് ആലപ്പുഴ വേദിയാകും. കേരളത്തിന്റെ സാസ്‌ക്കാരിക ചരിത്രത്തിന് അമൂല്യ സംഭാവന ചെയ്ത സമസ്ത കേരള ജംഈഅത്തുല്‍ ഉലമയുടെ തൊണ്ണൂറാമത് വാര്‍ഷിക സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് നാന്ദിക്കുറിക്കാന്‍ രൂപപ്പെടുത്തിയ സ്വാഗതസംഘ രൂപീകരണത്തില്‍ പ്രവര്‍ത്തകര്‍ ഒഴുകിയെത്തി.എറണാകുളം ,ആലപ്പുഴ , കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളില്‍നിന്നുളള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. കേരളത്തിന്റെ ചരിത്രത്തില്‍ നാഴിക കല്ലായി മാറാനുളള സമ്മേളനത്തെ എതിരേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ക്കാണ് രൂപം നല്‍കിയിട്ടുളളത്. മുവ്വായിരിത്തി ഒന്ന് അംഗ ദക്ഷിണ കേരള സ്വാഗത സംഘം രൂപീകരണം പൂര്‍ത്തിയായി. ഇന്നലെ വൈകുന്നേരം ഇര്‍ഷാദുള്‍ മുസ്ലിം ജാമാഅത്ത് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇത് നടാടെയാണ് സമസ്ത സമ്മേളനം ദക്ഷിണകേരളത്തിലെത്തുന്നത്. കേരള മുസ്ലിം ജനസാമാന്യത്തിന് ദിശാബോധം നല്‍കിയ പ്രസ്ഥാനത്തിന്റെ സമ്മേളനം എതിരാളികളുടെ ദുഷ്പ്രചാരണത്തിന് അന്ത്യം കുറിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ പ്രഖ്യാപിച്ചു. നിരവധി രാഷ്ട്രീയ സമ്മേളനങ്ങള്‍ക്ക് വേദിയായിട്ടുളള ആലപ്പുഴയ്ക്ക് സമസ്ത സമ്മേളനം വേറിട്ട അനുഭവമാക്കാനുളള തയ്യാറെടുപ്പിലാണ് പ്രവര്‍ത്തകര്‍. വിഭാഗീയത ഇല്ലാത്ത, പോര്‍വിളകളില്ലാത്ത ഒരു ചരടില്‍ കോര്‍ത്ത മുത്തുമാലപോലെ വിശ്വാസത്തിന്റെ തിരിനാളവുമായി പ്രവര്‍ത്തകര്‍ സമ്മേളനത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. ദക്ഷിണ കേരള സ്വാഗത സംഘത്തിന് പുറമെ ജില്ലാതല സ്വാഗത സംഘങ്ങളും രൂപീകരിക്കും. ഇതിനായുളള സമയവും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. കന്യാകുമാരി മുതല്‍ എറണാകുളം വരെയുളള ജില്ലകളെയാണ് ദക്ഷിണ കേരളത്തിന്റെ ഭാഗമായി ഉള്‍ക്കൊളളിച്ചിട്ടുളളത്. സ്വാഗത സംഘ രൂപീകരണ വേളയില്‍ ഒഴുകിയെത്തി പ്രവര്‍ത്തകരുടെ ആവേശം സമ്മേളനത്തിന്റെ വിജയം വിളിച്ചോതുന്നതായിരുന്നു. പ്രായാധിക്യവും ആരോഗ്യവും വകവെക്കാതെ വന്ദ്യവയോധികര്‍ വേദിയിലും ഹാളിലും അണിനിരന്നത് യുവാക്കള്‍ക്ക് പ്രചോദനമായി.

"മജ് ലിസുന്നൂര്‍" സമസ് ത ബഹ്റൈന്‍ ആത്മീയ മജ് ലിസ് നാളെ മനാമയില്‍

മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന മജ് ലിസുന്നൂര്‍ ആത്മീയ സദസ്സ്   നാളെ(വെള്ളി രാത്രി 9 മണിക്ക് മനാമ മദ്റസാ ഹാളില്‍ നടക്കും.
സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ മജ് ലിസിന് നേതൃത്വം നല്‍കും.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിർദേശപ്രകാരം ചിട്ടപ്പെടുത്തിയ മജ്ലിസുന്നൂർ ആത്മീയ സദസ്സ് ഇന്ന് കേരളത്തിനകത്തും പുറത്തും വ്യാപകമായി നടന്നു വരുന്നുണ്ട്. ഈ മജ് ലിസില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ക്ക് പ്രശ്ന പരിഹാരവും ആത്മീയാനുഭൂതിയും ലഭിക്കുന്നത് അനുഭവമാണ്.
വിശ്വാസികളില്‍ അത്യുന്നതരെന്ന്‌ പ്രവാചകന്‍ മുഹമ്മദ് നബി(സ) വിശേഷിപ്പിച്ച അസ്‌ഹാബുല്‍ ബദ്‌റിന്റെ നാമങ്ങളും അപദാനങ്ങളും പാരന്പര്യ രീതിയില്‍ കോര്‍ത്തിണക്കിയ അറുപത്‌ വരി പദ്യങ്ങളും പ്രത്യേക പ്രാര്‍ത്ഥനകളുമാണ് മജ്‌ലിസുന്നൂറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഗൂഗിള്‍ പ്ലെസ്റ്റോര്‍ വഴി ഡൗണ്‍ ലോഡ് ചെയ്തു ഉപയോഗിക്കാവുന്ന വിധം മൊബൈല്‍ ഫോണുകളിലും ഇപ്പോള്‍ മജ് ലിസുന്നൂര്‍ സോഫ്റ്റ് വെയര്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  00973 33842672. 

സമസ്ത 90ാം വാര്‍ഷികം: SYS ജില്ലാ സമ്മേളനം ജനുവരി 16ന് ഒറ്റപ്പാലത്ത്: 3000 പ്രതിനിധികള്‍ പങ്കെടുക്കും

പാലക്കാട്: 2016 ഫെബ്രുവരി 11 മുതല്‍ 14 വരെ ആലപ്പുഴയില്‍ നടക്കുന്ന സമസ്ത 90ാം വാര്‍ഷികം, എസ്.വൈ.എസ് ആചരിക്കുന്ന മെമ്പര്‍ഷിപ്പ് കാംപയിന്‍ എന്നിവയുടെ പ്രചരണാര്‍ഥം എസ്.വൈ.എസ് ജില്ലാ സമ്മേളനം 2016 ജനുവരി 16ന് ശനിയാഴ്ച ഒറ്റപ്പാലത്ത് നടത്തുവാന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
എസ്.വൈ.എസ് ശാഖാ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, പഞ്ചായത്ത് ഭാരവാഹികള്‍, മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ജില്ലാ കൗണ്‍സിലര്‍മാര്‍, ആമില അംഗങ്ങള്‍, ജില്ലയിലെ സമസ്തയുടെയും മറ്റു കീഴ്ഘടകങ്ങളുടെയും ജില്ലാ പ്രവര്‍ത്തകസമിതി അംഗങ്ങള്‍, ഖത്തീബുമാര്‍, സദര്‍ മുഅല്ലിമുകള്‍ ഉള്‍പ്പടെ 3000 പ്രതിനിധികള്‍ പങ്കെടുക്കും.
കൈപ്പുറം മഹല്ലിലെ കൂര്‍ക്കപ്പറമ്പില്‍ വി സുലൈമാന്‍ മൗലവിക്ക് ജില്ലാ കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന നൂര്‍മഹല്ലിന്റെ താക്കോല്‍ദാനം ഡിസംബര്‍ 11ന് നടത്താനും ഇരുപരിപാടികളുടെയും സ്വാഗതസംഘം യോഗം ഈ മാസം 17ന് രാവിലെ 10 മണിക്ക് ഈസ്റ്റ് ഒറ്റപ്പാലം ദാറുല്‍ ഖൈറാത്ത് യതീംഖാനയില്‍ നടത്താനും തീരുമാനിച്ചു. സമസ്ത 90ാം വാര്‍ഷികത്തോടനുബന്ധിച്ച് 90 പേര്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റിലീഫും ആതുര സേവന പദ്ധതിയുടെ ഭാഗമായി പ്രതിമാസ മരുന്ന് വിതരണം നടത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു.

തെരഞ്ഞെടുപ്പില്‍ മുസ്‌ലിംകള്‍ക്ക് ജനസംഖ്യാനുപാതമായി സീറ്റ് നല്‍കണം: ജമാഅത്ത് ഫെഡറേഷന്‍

കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മുസ്‌ലിങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി സീറ്റ് നല്‍കാന്‍ യു.ഡി.എഫും എല്‍.ഡി.എഫും തയാറാകണമെന്ന് മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ വര്‍ക്കിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
വിജയ സാധ്യതയുള്ള മുസ്‌ലിം സ്ഥാനാര്‍ഥികള്‍ പരാജയപ്പെടാന്‍ ഇടയാക്കുന്നവിധം മുസ്‌ലിം വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ മുസ്‌ലിം സംഘടനാ നേതൃത്വത്തിലുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ജാഗ്രത കാട്ടണം. ബീഫ് നിരോധനം പോലുള്ള നിയമങ്ങള്‍ രാജ്യത്ത് വര്‍ഗഗ്ഗീയ കലാപങ്ങള്‍ക്കുള്ള അവസരമുണ്ടാക്കുമെന്നതിനാല്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അറബിക് സര്‍വകലാശാലയെന്ന നീതി പൂര്‍വമായ ആവശ്യം നേടിയെടുക്കുന്നതുവരെ ജമാഅത്ത് ഫെഡറേഷന്‍ സമരരംഗത്തായിരിക്കുമെന്നും യോഗം പ്രഖ്യാപിച്ചു

സമസ്ത 90ാം വാര്‍ഷികം; സംഘാടകസമിതി നിലവില്‍വന്നു

കണ്ണൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90ാം വാര്‍ഷിക സമ്മേളനത്തിന്റെ കണ്ണൂര്‍ ജില്ലാ സ്വാഗതസംഘം നിലവില്‍ വന്നു. കണ്ണൂര്‍ ഇസ് ലാമിക് സെന്ററില്‍ നടന്ന കണ്‍വെന്‍ഷന്‍ സമസ്ത ജില്ലാ ജനറല്‍സെക്രട്ടറി മാണിയൂര്‍ അഹ് മദ് മുസ് ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത കേരള ഇസ് ലാം മതവിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ഭാരവാഹികള്‍
മുഖ്യരക്ഷാധികാരി: പി.കെ.പി അബ്ദുസ്സലാം മുസ് ലിയാര്‍. രക്ഷാധികാരികള്‍: എ ഉമര്‍കോയ തങ്ങള്‍, കെ.കെ.പി അബ്ദുല്ല ഫൈസി, ടി.എസ് ഇബ്രാഹിം മുസ് ലിയാര്‍, കെ.ടി അബ്ദുല്ല മൗലവി, അസ് ലം തങ്ങള്‍ അല്‍ മശ്ഹൂര്‍, അബ്ദുറഹിമാന്‍ കല്ലായി, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, കെ.പി നൂറുദ്ദീന്‍.
ചെയര്‍മാന്‍: പി.പി ഉമര്‍ മുസ് ലിയാര്‍. വര്‍ക്കിംഗ് ചെയര്‍മാന്‍: മാണിയൂര്‍ അബ്ദുറഹിമാന്‍ ഫൈസി. വൈസ് ചെയര്‍മാന്‍മാര്‍: മലയമ്മ അബൂബക്കര്‍ ബാഖവി, അബ്ദുറഹിമാന്‍ ഹൈതമി ബ്ലാത്തൂര്‍, കെ.കെ മുഹമ്മദ് ദാരിമി അരിയില്‍, കെ.കെ മുഹമ്മദ്, കെ.കെ.പി തങ്ങള്‍, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, പാലത്തായി മൊയ്തുഹാജി, വി.പി വമ്പന്‍, അബ്ദുസ്സലാം ദാരിമി കിണവക്കല്‍, എസ്.വി മുഹമ്മദലി, ഹുസൈന്‍ തങ്ങള്‍, സ്വഫാന്‍ തങ്ങള്‍, ഡോ അന്ത്രു, അശ്‌റഫ് ബംഗാളി മുഹല്ല, കെ.കെ സൂപ്പി ഹാജി, എ.ടി അലി ഹാജി, അഫ്‌സല്‍ രാമന്തളി. ജനറല്‍ കണ്‍വീനര്‍: മാണിയൂര്‍ അഹമ്മദ് മുസ് ലിയാര്‍, വര്‍്ക്കിംഗ് കണ്‍വീനര്‍: എ.കെ അബ്ദുല്‍ ബാഖവി.

എസ്.കെ.എസ്.എസ്.എഫ്. കുമ്പള ക്ലസ്റ്റര്‍ സംഗമത്തിനു തുടക്കമായി

കുമ്പള: എസ്.കെഎസ്.എസ്.എഫ് മെമ്പര്‍ഷിപ്പ് കാംപയിന്റെ ഭാഗമായി നടത്തിവരുന്ന കുമ്പള മേഖലയിലെ ക്ലസ്റ്റര്‍ സംഗമത്തിന് ഉളുവാറില്‍ തുടക്കമായി. സംഗമം ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി ഉദ്ഘാടനം ചെയ്തു. കാദര്‍ മൗലവി കളത്തൂര്‍ അധ്യക്ഷനായി. മല്‍ഫൂസ് കൊടിയമ്മ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് താജദ്ദിന്‍ ദാരിമി പടന്ന വിഷയം അവതരിപ്പിച്ചു. സുബൈര്‍ നിസാമി കളത്തൂര്‍, സലാം ഫൈസി പേരാല്‍, എന്‍.കെ.അബ്ദുല്ല മൗലവി, അബ്ദുല്ല റഹ്മാറി, അബ്ദുല്‍ കാദര്‍ ഉളുവാര്‍ സംബന്ധിച്ചു. ക്ലസ്റ്റര്‍ ഭാരവാഹികള്‍: ഹുസൈന്‍ ഉളുവാര്‍ (പ്രസിഡന്റ്). യൂസഫ് പൂക്കട്ട, ജബ്ബാര്‍ ആരിക്കാടി, യൂസുഫ് ബംബാണ (വൈസ് പ്രസിഡന്റ്). മല്‍ഫൂസ് കൊടിയമ്മ (ജനറല്‍ സെക്രട്ടറി). ഫര്‍ഷിദ് കൊടിയമ്മ, അസിസ് ആരിക്കാടി, ഹാരിസ് ഉളുവാര്‍(ജോയിന്റ് സെക്രട്ടറിമാര്‍ ). സിദ്ദിഖ് കളത്തൂര്‍ (വര്‍ക്കിംഗ് സെക്രട്ടറി).മൊയ്തീന്‍ പൂകട്ട (ട്രഷറര്‍).

ഖാസിയുടെ കൊലപാതകം: ബഹുജന സംഗമത്തില്‍ പ്രതിഷേധമിരമ്പി

 കാസര്‍കോട് : പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സി.എം ഉസ്താദ് ജനകീയ സമര സമിതി നടത്തിയ സമര പ്രഖ്യാപന സംഗമത്തില്‍ പ്രതിഷേധമിരമ്പി. പുലിക്കുന്നു നഗരസഭാ ഹാള്‍ പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് ആളുകള്‍ അണിനിരന്നു.
2010 ഫെബ്രുവരി 15 നാണ് നൂറോളം മഹല്ലുകളുടെ ഖാസിയും ഗോള ശാസ്ത്ര വിദഗ്ധനുമായിരുന്ന അബ്ദുല്ല മൗലവിയെ ദുരൂഹ സാഹചര്യത്തില്‍ സ്വവസതിക്കു ഒരു കിലോമീറ്ററോളം അകലെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷണം ക്രൈംബ്രാഞ്ചിനും പിന്നീട് സി.ബി.ഐക്കും കൈമാറിയെങ്കിലും അന്വേഷണത്തില്‍ നിര്‍ണായക ഘട്ടം വന്നതോടെ സി.ബി.ഐയും അന്വേഷണം അട്ടിമറിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഇതിനെതിരേ അഞ്ചോളം ഹരജികള്‍ ഹൈക്കോടതിയില്‍ വാദത്തിനായി കാത്തു നില്‍ക്കുകയാണ്.
'കൊലയാളികളെ പുറത്തു കൊണ്ടു വരുന്നതു വരെ സമരം നടത്തും'
കാസര്‍കോട്: പ്രമുഖ മതപണ്ഡിതനും ഗോള ശാസ്ത്ര വിദഗ്ദനുമായ സി.എം അബ്ദുല്ല മൗലവിയുടെ കൊലയാളികളെ പുറത്തുകൊണ്ടു വരുന്നതു വരെ ജനകീയ പ്രക്ഷോഭ സമരങ്ങളുമായി മുന്നോട്ടു പോകുമെന്ന് അഡ്വ. പി.എ പൗരന്‍ പറഞ്ഞു. സി.എം ഉസ്താദ് ജനകീയ സമര സമിതി നടത്തിയ സമര പ്രഖ്യാപന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Sunday, October 04, 2015

റഹ് മത്തുല്ലാ ഖാസിമിയുടെ പ്രഭാഷണം (SKICR Live Record)

മാണിയൂരില്‍ നടന്ന റഹ് മത്തുല്ലാ ഖാസിമിയുടെ പ്രഭാഷണ ത്തിന്‍റെ ‍തല്‍സമയ സംപ്രേഷണം (SKICR Live Record)

Monday, September 28, 2015

ദുരന്തത്തില്‍ താങ്ങായ SKSSF വിഖായക്ക് സഊദി അധികൃതരുടെ അംഗീകാര പത്രം

മക്ക: അല്ലാഹുവിന്റെ അതിഥികളെ സ്വീകരിച്ച എസ്.കെ.ഐ.സിയുടെ സന്നദ്ധ സേവക സംഘമായ വിഖായ വളണ്ടിയര്‍മാര്‍ക്ക് മികച്ച സേവനത്തിന് സഊദി അധികൃതരുടെ അംഗീകാരം. വിഖായ ഹജ്ജ് സെല്‍ സഊദി നാഷനല്‍ കമ്മിറ്റിയുടെ പേരിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശത്തോടെ ആശുപത്രി അധികൃതര്‍ പ്രശംസാ പത്രം കൈമാറിയത്.
മിനാദുരന്ത വേളയില്‍ വിഖായയുടെ മൂന്നാം യൂനിറ്റ് സജീവമായി ഇടപെടുകയും അപകടസ്ഥലത്ത് കര്‍മനിരതരാകുകയും ചെയ്തിരുന്നു. അപകടത്തില്‍പ്പെട്ടവര്‍ക്ക് പ്രഥമ ശുശ്രൂഷകള്‍ നല്‍കുന്നതിലും ആശുപത്രികളില്‍ എത്തിക്കുന്നതിനും പ്രത്യേക പരിശീലനം ലഭിച്ച വളണ്ടിയര്‍മാരുടെ സേവനം ഏറെ ഗുണകരമായിരുന്നു. വിദേശമാധ്യമങ്ങളും ആശുപത്രി അധികൃതരും വിഖായ വളണ്ടിയര്‍മാരെ പ്രത്യേകം പ്രശംസിച്ചു. മിനായിലെ ന്യൂ മിന ആശുപത്രിയില്‍ ഇന്നലെ നടന്ന ചടങ്ങിലാണ് അനുമോദനപത്രം കൈമാറിയത്.
ഹജ്ജ് കര്‍മങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും തിരക്കേറിയ മിനാ റോഡ്, പാലം, ഇന്ത്യന്‍ ഹാജിമാര്‍ താമസിക്കുന്ന ടെന്റുകള്‍, ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനം. മിനാ ദുരന്തം നടന്ന ഉടനെ മുഴുവന്‍ യൂനിറ്റും ആശുപത്രികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തി. ഇന്ത്യന്‍ ഹാജിമാര്‍ താമസിക്കുന്ന ടെന്റുകള്‍ കയറിയിറങ്ങി കാണാതായ ഹാജിമാരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ഹജ്ജ് മിഷനും കോണ്‍സുലേറ്റിനും കൈമാറിയത് വളരെയധികം സഹായകമായി.

സമസ്ത ബഹ്‌റൈന്‍ ഹജ്ജ് സംഘത്തിന് സ്വീകരണം ഇന്ന് മനാമയില്‍

മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കമ്മറ്റിക്കു കീഴില്‍ ഈ വര്‍ഷം ഹജ്ജ് ചെയ്ത് തിരിച്ചെത്തിയവര്‍ക്ക് സമസ്ത മനാമ മദ്‌റസാ ഹാളില്‍ സ്വീകരണം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഇന്ന് (28-9-15, തിങ്കളാഴ്ച) രാത്രി 8.30ന് ആരംഭിക്കുന്ന ചടങ്ങ് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര ഏരിയാ നേതാക്കളും പോഷകസംഘടനാ പ്രതിനിധികളും സംബന്ധിക്കും. ഹാജിമാരുടെ സാന്നിധ്യത്തില്‍ സമൂഹ പ്രാര്‍ത്ഥനയും നടക്കും. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0097333987487

ഹജ്ജ് കര്‍മങ്ങള്‍ക്ക് പരിസമാപ്തി; ഹാജിമാര്‍ മടക്കയാത്ര ആരംഭിച്ചു

മക്ക : ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് പരിസമാപ്തി. ഇന്നലെ ഉച്ചതിരിഞ്ഞ് കല്ലെറിയല്‍ കര്‍മ്മത്തിനായി വീണ്ടും ജംറകളിലെത്തിയ ഹാജിമാര്‍ മൂന്നു ജംറകളിലും ഏഴു വീതം ഏറുകള്‍ പൂര്‍ത്തിയാക്കി.
ഇന്നലെയും ഇന്നുമായി ജംറകളിലെ കല്ലേറു പൂര്‍ത്തിയാക്കുന്നതോടെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് പരിസമാപ്തിയാകും. ഇന്നലെ കല്ലെറിയല്‍ കര്‍മ്മം പൂര്‍ത്തിയാക്കി സന്ധ്യക്കു മുമ്പായി പകുതിയോളം പേര്‍ മിനാ വിട്ടു. അവശേഷിക്കുന്നവര്‍ ഇന്നത്തെ ഏറു പൂര്‍ത്തിയാക്കി മിനാ താഴ്‌വരയോടു വിട ചൊല്ലും.
മിനായിലെ തമ്പുകളില്‍ നിന്ന് മക്കയിലെ താമസ സ്ഥലത്തേക്ക് പോകുന്ന ഹാജിമാര്‍ 'വിടവാങ്ങല്‍ ത്വവാഫി'നു ശേഷം ഇന്നു രാത്രി മുതല്‍ തന്നെ സ്വന്തംദേശങ്ങളിലേക്ക് മടക്കയാത്ര തുടങ്ങും. പാപമുക്തി നേടി സ്ഫുടം ചെയ്ത മനസ്സും ശരീരവുമായി ജന്മം സഫലമായ നിര്‍വൃതിയിലായിരിക്കും ഹാജിമാര്‍ യാത്രയാകുന്നത്. ഹജ്ജിനു മുമ്പ് പ്രവാചക നഗരി സന്ദര്‍ശിച്ചിട്ടില്ലാത്തവര്‍ മദീനയിലേക്കു യാത്ര തിരിക്കും.
കേരള ഹജ്ജ് കമ്മിറ്റി മുഖേന പോയ ഹാജിമാര്‍ മക്കയില്‍ നിന്ന് അടുത്തമാസം അഞ്ചുമുതലാണ് മദീനയിലേക്കു പോകുക. എട്ടു ദിവസം മദീനയില്‍ തങ്ങുന്ന ഹാജിമാര്‍ പിന്നീട് മദീനയില്‍ നിന്നു നേരിട്ട് നെടുമ്പാശ്ശേരിയിലേക്കു മടങ്ങും. അടുത്ത മാസം 15 മുതലാണ് ഹാജിമാരുമായി നെടുമ്പാശ്ശേരിയില്‍ വിമാനമെത്തുക. 15ന് രാവിലെ ഒന്‍പതിന് ആദ്യസംഘം കരിപ്പൂരിലെത്തും.

Thursday, September 24, 2015

ത്യാഗസ്മരണകളുണര്‍ത്തി ഇന്നു ബലി പെരുന്നാള്‍

കഷ്ടതയനുഭവിക്കുന്നവര്‍ക്കായി പ്രാര്‍ഥിക്കണമെന്ന് നേതാക്കള്‍
കോഴിക്കോട്: ത്യാഗസ്മരണകളുടെയും മാനവകുലത്തിനു തിരിച്ചറിവിന്റെ പ്രതിജ്ഞ പുതുക്കിയും മുസ്്‌ലിംകള്‍ ഇന്നു ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. ഇന്നലെ അറഫാ സംഗമത്തിനു ശേഷം ഗള്‍ഫിലും കേരളത്തിലും ഇന്നാണ് പെരുന്നാള്‍.
നന്മയുടെ മാര്‍ഗത്തില്‍ വിഭാഗീയതകള്‍ വെടിഞ്ഞ് ഒറ്റക്കെട്ടായി നില്‍ക്കാനും ആദര്‍ശത്തിനായി ത്യാഗം ചെയ്യാനുമുള്ള സന്നദ്ധതയാണ് ഈദുല്‍ അദ്ഹ ഓര്‍മിപ്പിക്കുന്നതെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. വിശ്വാസവും ആചാരാനുഷ്ഠാനങ്ങളുമെല്ലാം വ്യക്തിയെ സ്രഷ്ടാവുമായി അടുപ്പിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ ഒരു വിശ്വാസവും ആചാരവും മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നത് നിരര്‍ഥകമാണ്.
വിശ്വസാഹോദര്യത്തിന്റേയും ഐക്യത്തിന്റേയും സന്ദേശം മുഴക്കുന്ന ബലി പെരുന്നാള്‍ ആത്മീയ നവോല്‍ക്കര്‍ഷത്തിന്റെ ജീവിത പാഠങ്ങളാണ് വിശ്വാസികള്‍ക്ക് നല്‍കുന്നതെന്ന് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ആനക്കര സി.കോയക്കുട്ടി മുസ്്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്്‌ലിയാര്‍ എന്നിവര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഷ്ടതയനുഭവിക്കുന്ന ജനവിഭാഗത്തിനോടുള്ള ഐക്യദാര്‍ഢ്യംകൂടിയാവണം നമ്മുടെ പെരുന്നാള്‍. പീഡിതര്‍ക്കായി പ്രാര്‍ഥിക്കാന്‍ ഈ വേള ഉപയോഗപ്പെടുത്തണമെന്നും നേതാക്കള്‍ പറഞ്ഞു.

ഉത്തമ മാതൃകയുടെ സ്മരണയുണര്‍ത്തി ബലിപെരുന്നാള്‍


വിശ്വാസി മനസ്സുകളില്‍ സന്തോഷത്തിന്റെ പൂമൊട്ടുകള്‍ വിടര്‍ത്തി മുസ്‌ലിംകളുടെ ആഘോഷങ്ങളിലൊന്നായ ബലിപെരുന്നാള്‍ വീണ്ടും സമാഗതമായി. ദുല്‍ഹിജ്ജയുടെ ആദ്യ പത്ത് ദിനങ്ങള്‍ക്ക് പ്രത്യേക ബഹുമതിയുള്ളതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.ഇബ്‌റാഹീം നബി(അ)ന്റെയും മകന്‍ ഇസ്മാഈല്‍ നബി(അ)ന്റെയും അവരുടെ മാതാവ് ഹാജറ ബീവി(റ)യുടെയും ത്യാഗസ്മരണകളാണ് ഹജ്ജും ബലിപെരുന്നാളാഘോഷവും. ആ മഹാരഥന്‍മാരുടെ ആത്മസമര്‍പ്പണത്തിന്റെ വിവിധമുഖങ്ങള്‍ തലമുറകള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ സുദിനം.
ഹസ്രത്ത് ഇബ്‌റാഹീം(അ) നാഥനില്‍ അര്‍പ്പിച്ച അനര്‍ഘമായ ത്യാഗത്തിന്റെയും ആ മഹാനുഭാവന്‍ അതിജീവിച്ച തീക്ഷ്ണമായ പരീക്ഷണത്തിന്റെയും സ്മരണകള്‍ ഉണര്‍ത്തുന്നതാണ് ബലിപെരുന്നാള്‍. ഇസ്‌ലാമിലെ അടിസ്ഥാന ഘടകങ്ങളിലൊന്നായ ഹജ്ജ് കര്‍മ്മത്തിലെ ആരാധനകള്‍ ഇബ്‌റാഹീം നബി(അ)ന്റെ ജീവിതത്തിന്റെ പ്രതീകം കൂടിയാണ്. അത് കൊണ്ടുതന്നെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി മക്കയിലെത്തിച്ചേരുന്ന ലക്ഷക്കണക്കിന് വിശ്വാസികള്‍ ബലിനടത്തിയും സഅ്‌യ് ചെയ്തും ആ മഹത്തുക്കളുടെ ത്യാഗങ്ങള്‍ അനുസ്മരിക്കുമ്പോള്‍ സ്വദേശത്തുള്ളവര്‍ മസ്ജിദുകളില്‍ സമ്മേളിച്ചു തക്ബീര്‍ മുഴക്കിയും പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിച്ചും ബലിനടത്തിയുമെല്ലാം ജീവിതസ്മരണകള്‍ അയവിറക്കുന്നു.