ബാബരിയുടെ ദുരനുഭവം ഗ്യാൻ വാപിയിലൂടെ ആവർത്തിക്കരുത്: എസ്. കെ. എസ്. എസ്. എഫ്

കോഴിക്കോട് : ആധുനിക ഇന്ത്യാചരിത്രത്തിലെ കറുത്ത അധ്യായമായി മാറിയ ബാബരി ധ്വംസനത്തെ അനുസ്മരിപ്പിക്കും വിധം പുതുതായി ഉയർന്നുവന്ന ഗ്യാൻ വാപി മസ്ജിദ് വിവാദം നീതിപൂർവകമായ ഇടപെടലുകളിലൂടെ അവസാനിപ്പിക്കണമെന്ന് എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മതത്തിനും ആരാധനാലയങ്ങൾക്കും പൊതുസമൂഹത്തിലുള്ള വിശ്വാസ്യതയെയും ആദരവിനെയും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ചൂഷണം ചെയ്യുന്നതിന്റെ ഭാഗമാണ് ആവർത്തിക്കപ്പെടുന്ന ഇത്തരം വിവാദങ്ങൾ. നൂറ്റാണ്ടുകളായി ഒരു മതവിഭാഗം പരിപാലിച്ച് പോരുന്നതും ആരാധനകൾ നടത്തിവരുന്നതുമായ കേന്ദ്രങ്ങൾ സാമാന്യബുദ്ധിക്ക് യോജിക്കാനാകാത്ത നടപടികളിലൂടെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നത് രാജ്യത്ത് അവശേഷിക്കുന്ന ജനാധിപത്യ- മതേതര ബോധത്തെ പരിഹസിക്കുന്നതിനു തുല്യമാണ്. മതവിശ്വാസികൾക്കിടയിൽ വെറുപ്പും വിദ്വേഷവും വർദ്ധിപ്പിച്ച് മുതലെടുപ്പ് നടത്താൻ സംഘ്പരിവാർ നേതൃത്വത്തിൽ നടത്തുന്ന പുതിയ ശ്രമങ്ങളെ മുളയിലെ നുള്ളാൻ ദേശസ്നേഹികൾ കൈകോർക്കണം.

ബാബരി വിഷയത്തിൽ ഉണ്ടായതുപോലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേട്ടങ്ങൾ കൊയ്യുന്നതിനുവേണ്ടി ഇതിനെ ഒരു വിവാദമായി നിലനിർത്താനുളള സാധ്യതകൾ മുൻകൂട്ടി കണ്ടറിഞ്ഞ് നീതിപൂർവകമായി പ്രവർത്തിക്കാൻ മുഴുവൻ രാഷ്ട്രീയ - സാമൂഹിക പ്രസ്ഥാനങ്ങളും തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷതവഹിച്ചു. സത്താർ പന്തലൂർ, സയ്യിദ് ഹാശിർ അലി ശിഹാബ് തങ്ങൾ പാണക്കാട്, താജു ദ്ധീൻ ദാരിമി പടന്ന, ഒ പി അഷ്‌റഫ്‌, അൻവർ മുഹ്‌യുദ്ധീൻ ഹുദവി, അനീസ് റഹ്മാൻ മണ്ണഞ്ചേരി, ത്വാഹ നെടുമങ്ങാട്, ഡോ. കെ ടി ജാബിർ ഹുദവി, ജലീൽ ഫൈസി അരിമ്പ്ര, അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശെരി, മുജീബ് റഹ്മാൻ അൻസ്വരി, അബൂബക്കർ യമാനി, ശമീര്‍ ഫൈസി ഒടമല, സ്വാലിഹ് പി എം ഇടുക്കി, നാസിഹ് മുസ്ലിയാര്‍ ലക്ഷദ്വീപ്, നൂറുദ്ധീൻ ഫൈസി മുണ്ടുപാറ, അനീസ് ഫൈസി മാവണ്ടിയൂർ, അലി വാണിമേൽ, മുഹമ്മദ്‌ ഫൈസി കജ എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി റശീദ് ഫൈസി സ്വഗതവും ആഷിഖ് കുഴിപ്പുറം നന്ദിയും പറഞ്ഞു
- SKSSF STATE COMMITTEE