എസ്.എം.എഫ് സ്വദേശി ദര്‍സ് ശാക്തീകരണ കാമ്പയിന്‍ ആചരിക്കുന്നു

ചേളാരി: സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി സ്വദേശി ദര്‍സുകള്‍ ജനകീയമാക്കുന്നതിനായി ശാക്തീകരണ കാമ്പയിന്‍ ആചരിക്കുന്നു. തഅദീബ് '22 എന്ന ശീര്‍ഷകത്തിലുള്ള ത്രൈമാസ കാമ്പയിനിന്റെ സംസ്ഥാനതല ഉല്‍ഘാടനം ജൂണ്‍ 25 ശനിയാഴ്ച കോഴിക്കോട് വരക്കല്‍ അല്‍ ബിര്‍റ് ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. എസ്.എം.എഫ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷനാകും. പ്രമുഖര്‍ സംബന്ധിക്കും. കൗമാരപ്രായക്കാരായ ആണ്‍കുട്ടികള്‍ക്ക് പളളികള്‍ കേന്ദ്രീകരിച്ച് മത പഠനവും ധാര്‍മിക ബോധവും പ്രദാനം ചെയ്യുന്ന ത്രിവല്‍സര സര്‍ട്ടിഫിക്കറ്റ് കോഴ്‌സാണ് സ്വദേശി ദര്‍സ്. കൃത്യമായ കരിക്കുലവും വ്യവസ്ഥാപിതമായ പഠന രീതികളും പരിശീലനങ്ങളും കേന്ദ്രീകൃത പരീക്ഷകളും കോഴ്‌സിന്റെ ഭാഗമായി ഉണ്ടാവും. ഈ കോഴ്‌സ് കൂടുതല്‍ വിപുലവും ജനകീയവുമാക്കുന്നതിനായാണ് ത്രൈമാസ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ജൂലൈ 20 നകം ജില്ലാ കണ്‍വെന്‍ഷനുകളും ഓഗസ്റ്റ് 10 ന് മുമ്പായി മേഖലാ മണ്ഡലം കണ്‍വെന്‍ഷനുകളും പൂര്‍ത്തിയാവും. ഓഗസ്റ്റ് അവസാനത്തില്‍ നടക്കുന്ന മഹല്ല് സംഗമങ്ങളിലൂടെ മുന്നൂറ് പഠന കേന്ദ്രങ്ങളിലായി മൂവ്വായിരത്തിലേറെ പഠിതാക്കളെ കോഴ്‌സിന്റെ ഭാഗമാക്കുകയാണ് കാമ്പയിനിന്റെ ലക്ഷ്യം.

ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ സ്വദേശി ദര്‍സ് സംസ്ഥാന സമിതി ചെയര്‍മാന്‍ ഉമര്‍ ഫൈസി മുക്കം അധ്യക്ഷനായി. ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സലാം ഫൈസി മുക്കം, എ.കെ.ആലിപ്പറമ്പ്, ഒ.എം.ശരീഫ് ദാരിമി കോട്ടയം, ഇസ്മാഈല്‍ ഹുദവി ചെമ്മാട്, ഇ.ടി.എ.അസീസ് ദാരിമി കോഴിക്കോട്, പി.കെ.എം.സ്വാദിഖലി ഹുദവി വേങ്ങര, ഖാജാ ഹുസൈന്‍ ഉലൂമി പാലക്കാട് സംബന്ധിച്ചു.
- SUNNI MAHALLU FEDERATION