ഒക്‌ടോബര്‍ 30-ന് സമസ്ത പ്രാര്‍ത്ഥന ദിനം; സ്ഥാപനങ്ങളില്‍ സമുചിതമായി ആചരിക്കും

ചേളാരി: ഒക്‌ടോബര്‍ 30-ന് ഞായറാഴ്ച സമസ്ത പ്രാര്‍ത്ഥന ദിനമായാചരിക്കും. എല്ലാവര്‍ഷവും റബീഉല്‍ ആഖിര്‍ മാസത്തെ ആദ്യ ഞായറാഴ്ച പ്രാര്‍ത്ഥന ദിനമായാചരിക്കാന്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ആഹ്വാന മനുസരിച്ച് ഈ വര്‍ഷത്തെ പ്രാര്‍ത്ഥന ദിനം ഒക്‌ടോബര്‍ 30-ന് ഞായറാഴ്ചയാണ് നടക്കുക.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പതിനായിരത്തില്‍പരം അംഗീകൃത മദ്‌റസകളും, പള്ളികള്‍, അറബിക് കോളേജുകള്‍, അഗതി അനാഥ മന്ദിരങ്ങള്‍, ദര്‍സുകള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തുന്ന പ്രാര്‍ത്ഥനയില്‍ ഉസ്താദുമാര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, സംഘടനാ പ്രവര്‍ത്തകര്‍ സംബന്ധിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും മണ്‍മറഞ്ഞുപോയ നേതാക്കളെയും ഓരോ മഹല്ലിലും സ്ഥാപനങ്ങള്‍ പടുത്തയര്‍ത്തിയും അതിനുവേണ്ടി പ്രവര്‍ത്തിച്ചവരെ അനുസ്മരിച്ചും പ്രത്യേക പ്രാര്‍ത്ഥന നടത്താനും മറ്റുമാണ് വര്‍ഷംതോറും റബീഉല്‍ആഖിര്‍ ആദ്യ ഞായറാഴ്ച പ്രാര്‍ത്ഥന ദിനാമായാചരിക്കാന്‍ തീരുമാനിച്ചത്.

പ്രാര്‍ത്ഥന ദിനം വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ കൊയ്യോട് പി.പി ഉമ്മര്‍ മുസ്‌ലിയാര്‍, വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ മൂസക്കുട്ടി ഹസ്രത്ത്, ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ട്രഷറര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
- Samasthalayam Chelari