മാനവിക ചരിത്രത്തിലെ നിര്‍ണായകമായ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മാസമാണ് മുഹര്‍റമെന്നത് വസ്തുതയാണ്. രണ്ടാം ഖലീഫ ഉമര്‍(റ)വിന്റെ ഭരണകാലം. ലോകത്തിന്റെ നാനാദിക്കുകളിലും ഇസ്‌ലാം പ്രചരിച്ചു. ലോക മുസ്‌ലിംകള്‍ക്ക് പൊതുവായൊരു കാലഗണനാ രീതി വേണമെന്ന ആവശ്യമുയര്‍ന്നു. എന്തിനെ അടിസ്ഥാനപ്പെടുത്തിയാകണം വര്‍ഷാരംഭം എന്ന ചര്‍ച്ചയില്‍ പലരും പല അഭിപ്രായങ്ങളും ഉന്നയിച്ചു. നബി(സ)യുടെ ജനം, പ്രവാചകത്വം, വഫാത്ത് തുടങ്ങിയ പല നിര്‍ദേശങ്ങളും ഉയര്‍ന്നു വന്നു. ഒടുവില്‍ പ്രവാചക ചരിത്രത്തിലെ അനുപമമായ സംഭവമായ ഹിജ്‌റയാകാമെന്ന അഭിപ്രായത്തിന് പ്രാമുഖ്യം ലഭിച്ചു. ജനിച്ച നാട്ടില്‍ പ്രബോധന ദൗത്യം തടസ്സപ്പെടുമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ മക്കയില്‍ നിന്നും മദീനയിലേക്ക് നടത്തിയ ചരിത്ര പ്രസിദ്ധമായ പലായനമാണല്ലോ ഹിജ്‌റ.
സഹനത്തിന്റെയും ആത്മ സമര്‍പ്പണത്തിന്റെയും മഹിതമായ പാഠങ്ങളാണ് ഹിജ്‌റ ലോകത്തിന് സമ്മാനിച്ചിട്ടുള്ളത്. പ്രവാചകന്‍(സ)യും അനുചരന്മാരും അല്ലാഹുവിന്റെ വഴിയില്‍ സര്‍വം സമര്‍പ്പിച്ച് കൊണ്ട് നടത്തിയ ഹിജ്‌റ പതിനാല് നൂറ്റാണ്ടുകള്‍ക്കിപ്പുറവും മുസ്‌ലിം ലോകത്തിന് മാതൃകാ പരമാണ്. ഹിജ്‌റ എന്ന പദം ഉത്ഭവിച്ചത് തന്നെ വെടിയുക, ത്യജിക്കുക എന്നര്‍ഥം വരുന്ന ഹജറ എന്ന അറബി പദത്തില്‍ നിന്നാണ് എന്നത് തന്നെ ഹിജ്‌റയുടെ ഉള്‍പ്പൊരുള്‍ വിളിച്ചോതുന്നു.
മുഹാജിരീങ്ങളെ പ്രശംസിച്ച് കൊണ്ടും അവരുടെ മഹത്വങ്ങള്‍ വാഴ്ത്തിക്കൊണ്ടുമുള്ള ഖുര്‍ആനിക വചനങ്ങളും നിരവധിയാണ്. അല്ലാഹു പറയുന്നു: സത്യവിശ്വാസികളാവുകയും അതിന് വേണ്ടി നാടും വീടും വെടിയുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ദേഹം കൊണ്ടും ധനം കൊണ്ടും ജിഹാദ് ചെയ്തവരാരാണോ അവരുടെ സ്ഥാനമാണ് അല്ലാഹുവിന്റെ അടുക്കല്‍ ഉന്നതമായത്. അവര്‍ തന്നെയാണ് വിജയം കൈവരിച്ചവരും (സൂറതുത്തൗബ :21). ഇസ്‌ലാമിക ചരിത്രത്തിലെ സുവര്‍ണ ലിപികളാല്‍ ഉല്ലേഖനം ചെയ്യപ്പെട്ട ഹിജ്‌റാ ചരിത്രത്തിന്റെ മഹിതമായ പാഠങ്ങളെ കുറിച്ച് വ്യക്തമായ അവബോധം നാം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.
സാമൂഹിക ജീവിയായ മനുഷ്യന്റെ ജീവിതത്തില്‍ വളരെ അനിവാര്യമായ ഒന്നാണ് ആസൂത്രണ മികവ്. ഹിജ്‌റ നല്‍കുന്ന ഏറ്റവും വലിയ പാഠവും അത് തന്നെയാണ്. സമയത്തിന്റെ വിജയകരമായ ഉപയോഗത്തിന് അത് അനിവാര്യമാണ്. ഹിജ്‌റയെക്കുറിച്ച് നബി(സ) ആലോചിച്ചത് മുതല്‍ മദീനയില്‍ എത്തിച്ചേരുന്നത് വരെയുള്ള ഓരോ ചുവടുകളിലും നബി(സ)യുടെ ആസൂത്രണ മികവിന്റെ വിജയം നമുക്ക് ദര്‍ശിക്കാവുന്നതാണ്.
വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഹിജ്‌റ വര്‍ഷത്തിന്റെ ആരംഭമായി മുഹര്‍റം മാസത്തെ തിരഞ്ഞെടുത്തത്. ഇത് മുഹര്‍റത്തിന്റെ ചരിത്രവര്‍ത്തമാന പ്രാധാന്യം കണക്കിലെടുത്തു തന്നെയായിരുന്നു. വിശുദ്ധമുഹര്‍റം മാസത്തെ ഒരു വര്‍ഷത്തിന്റെ സമാരംഭമെന്ന നിലയില്‍ പ്രാധാന്യത്തോടെ കാണുകയും കഴിഞ്ഞ ഒരു വര്‍ഷം നാം ചെയ്ത നന്മതിന്മകളെ കുറിച്ചുള്ള വിചാരപ്പെടലുകള്‍ക്കും ഭാവിയെ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള ആസൂത്രണങ്ങള്‍ക്കും വേദിയാക്കുകയാണ് വിശ്വാസിയുടെ ബാധ്യത. നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതിനു മുന്‍പ് നിങ്ങള്‍ സ്വയം വിചാരണ ചെയ്യുകയെന്ന, ഉമര്‍ (റ) വിന്റെ ആഹ്വാനം പ്രായോഗികമാക്കാനുള്ള വാര്‍ഷികാവസരം കൂടിയാണിത്.
മുഹര്‍റം ഒന്നാണ് മുസ്്‌ലിംകളുടെ പുതുവര്‍ഷ ദിനം. ഈ ദിനത്തോടനുബന്ധിച്ച് ആശംസകള്‍ കൈമാറല്‍ സുന്നത്താണ്. ഈവിഷയം ശര്‍വാനി 3:56 ല്‍ വ്യക്തമാക്കിയിട്ടുണ്ട്. തഖബ്ബലല്ലാഹു മിന്നാ വമിന്‍കും (അല്ലാഹു നമ്മുടെ കര്‍മങ്ങള്‍ സ്വീകരിക്കട്ടെ) എന്നാണ് ആശംസിക്കേണ്ടത്. കരിമരുന്നുകളുടെ ആഘോഷത്തിമര്‍പ്പുകളും അട്ടഹാസങ്ങളും വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ല. ഓരോ മുഹര്‍റവും കടന്നുവരുന്നത് ആയുസില്‍ നിന്ന് നഷ്ടപ്പെട്ട ദിനങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണെന്ന ബോധമാണ് വിശ്വാസിക്ക് വേണ്ടത്. സമയമെന്ന അമൂല്യപ്രതിഭാസത്തെ കുറിച്ച് നമുക്ക് മനസിലാക്കാന്‍ മരണം വിരുന്നു വരണമെന്ന ചിന്താഗതി മാറണം. സമയത്തിന്റെ അവസാന നിമിഷങ്ങളിലേക്ക് കാര്യങ്ങളെ പിന്തിപ്പിച്ച് നഷ്ടപ്പെടുത്തി ഖേദിക്കാന്‍ ഇടവരുത്തരുത്.
സമയമെന്നത് ജീവിതത്തിന്റെ വൃക്ഷമാണ്. ചിലയാളുകള്‍മാത്രം ആ വൃക്ഷത്തില്‍നിന്ന് മധുരഫലങ്ങള്‍ ശേഖരിച്ചു ജീവിതം അര്‍ഥപൂര്‍ണമാക്കുന്നു. എന്നാല്‍, മറ്റു ചിലരാകട്ടെ ഈ വൃക്ഷത്തണലില്‍ ജീവിച്ചിട്ടും അതില്‍നിന്ന് മധുരഫലങ്ങള്‍ ശേഖരിക്കാതെ വിശന്നുതളര്‍ന്നിരിക്കുന്നു. സമയമെന്നത് ഒരര്‍ഥത്തില്‍ ജീവിതത്തിന്റെ പുസ്തകമാണ്. ചിലയാളുകള്‍ ഈ പുസ്തകത്തില്‍നിന്ന് വിലയേറിയ വിജ്ഞാനം സമ്പാദിച്ച് ജീവിതം ശ്രേഷ്ഠതരമാക്കുന്നു. മറ്റുചിലര്‍ ഈ പുസ്തകം തുറന്നുനോക്കുവാന്‍ പോലും ശ്രമിക്കുന്നില്ല.
പുതിയൊരു വര്‍ഷത്തിലേക്ക് നാം കാലെടുത്തുകുത്തുമ്പോള്‍ നമുക്കു ലഭിക്കുന്ന സമയം ഏതുരീതിയില്‍ വിനിയോഗിക്കുന്നു എന്ന് ആലോചിക്കുവാന്‍ മറക്കരുത്.പുതിയ വര്‍ഷം നമ്മെ സംബന്ധിച്ചിടത്തോളം വിജയകരവും സന്തോഷകരവുമായിത്തീരുവാന്‍വേണ്ടി നമുക്കു നമ്മുടെ സമയം മുഴുവന്‍ വിവേകപൂര്‍വം വിനിയോഗിക്കാം.-സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി(suprabhaatham)