ഉസ്താദ് അബ്ദുല്‍ ഹമീദ് ഫൈസിയുടെ വിശദീകരണം
ഇടതുപക്ഷത്തെ പിന്തുണയ്ക്കണമെന്ന പ്രചാരണം വാസ്തവവിരുദ്ധം: ഹമീദ് ഫൈസി
കോഴിക്കോട്: ഫാസിസത്തിനെതിരേ ശക്തമായ നിലപാടെടുത്ത ഇടതുപക്ഷത്തെ വരുന്ന തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കണമെന്ന നിലയില്‍ തന്റെ പേരില്‍ ഒരു ചാനല്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും തീര്‍ത്തും വാസ്തവ വിരുദ്ധമാണെന്നും ആരും തെറ്റിദ്ധരിക്കരുതെന്നും അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പ്രസ്താവനയില്‍ പറഞ്ഞു.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പ്രത്യേകമായി അനുകൂലിക്കുകയോ, എതിര്‍ക്കുകയോ ചെയ്യുന്നില്ലെന്ന സമസ്തയുടെ പ്രഖ്യാപിത രാഷ്ട്രീയ നിലപാടില്‍ ഒരുമാറ്റവും ഇല്ല. ദാദ്രി കൊലപാതകത്തെ സംബന്ധിച്ച് ചോദിച്ച ലേഖകന്‍ തെരഞ്ഞെടുപ്പിനെ കുറിച്ചോ, പിന്തുണയെക്കുറിച്ചോ വോട്ട് രേഖപ്പെടുത്തുന്നതിനെ സംബന്ധിച്ചോ ഒരക്ഷരംപോലും ചോദിക്കുകയോ താന്‍ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. ഇന്ത്യന്‍ മതേതരത്വം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഫാസിസമാണെന്നും ഫാസിസത്തിനെതിരേ ഇടതുപക്ഷ കക്ഷികള്‍ പ്രത്യേകിച്ച് സി.പി.എം എടുത്ത സമീപനം അഭിനന്ദനാര്‍ഹമാണെന്നും ആ വിഷയത്തില്‍ അവര്‍ എല്ലാ പിന്തുണയും അര്‍ഹിക്കുന്നതാണെന്നും ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞു.
എസ്.എഫ്.ഐ നടത്തുന്ന ബീഫ് ഫെസ്റ്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത്തരത്തില്‍ സംഘര്‍ഷമുണ്ടാക്കുന്ന സമര പരിപാടികളോട് യോജിപ്പില്ലെന്നും ഫാസിസത്തിനെതിരേ മുസ്്‌ലിംലീഗ് ശക്തമായ നിലപാടെടുക്കേണ്ടതല്ലേ എന്ന ചോദ്യത്തിന് മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടിയായ ലീഗല്ല ഈ വിഷയത്തില്‍ ശക്തമായ നടപടിയെടുക്കേണ്ടതെന്നും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള ഇതര കക്ഷികളാണെന്നും ചൂണ്ടിക്കാണ്ടി. ഇതിനപ്പുറം ഒരു വാക്കുപോലും പറഞ്ഞതായി ആ ലേഖകന് ചൂണ്ടിക്കാണിക്കാനാകില്ല. വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ കെട്ടിച്ചമച്ച് ഒരു പ്രസ്ഥാനത്തെ സമൂഹ മധ്യേ തെറ്റിദ്ധരിപ്പിക്കുന്ന അങ്ങേയറ്റം ജുഗുപ്താസവഹവും നിന്ദ്യവുമായ പ്രവര്‍ത്തനം ഒരു മത സംഘടനയായ ജമാഅത്തെ ഇസ്‌ലാമി നടത്തുന്ന ചാനലില്‍ വരുന്നത് പ്രതിഷേധാര്‍ഹമാണ്. അദ്ദേഹം പറഞ്ഞു.
ഉസ്താദിന്‍റെ ചാനല്‍ അഭിമുഖവും അതുമായി ബന്ധപ്പെട്ട് വൈകുന്നേരം ഇതേ ചാനലില്‍ നടന്ന ചര്‍ച്ചയും താഴെ നല്കുന്നു..