കഥാപ്രസംഗ വേദികളില്‍ കാല്‍നൂറ്റാണ്ട്് പിന്നിട്ട് കെ.എസ് മൗലവി

വല്ലപ്പുഴ: ഇസ്്‌ലാമിക കഥാപ്രസംഗ രംഗത്ത് കാല്‍ നൂറ്റാണ്ടിന്റെ ഖ്യാതിയുമായി ജൈത്രയാത്ര തുടരുകയാണ് കളത്തില്‍ സുലൈമാന്‍ എന്ന കെ.എസ് മൗലവി മുണ്ടക്കോട്ടുകുറുശ്ശി. മതപ്രബോധന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഹേതുവായിരുന്ന കഥാകദനം ഇന്ന് അന്യമായിക്കൊണ്ടിരിക്കുമ്പോള്‍ ഈ രംഗത്ത് വ്യത്യസ്തഥകള്‍ സ്വീകരിച്ച് അനുവാചക ഹൃദയങ്ങളില്‍ മാപ്പിളപ്പാട്ടിന്റെ ഇമ്പമാര്‍ന്ന ഈരടികളിലൂടെ ഇസ്്‌ലാമിക ചരിത്രത്തിന്റെ അനുഭൂതി സൃഷ്ടിച്ചെടുക്കുന്ന കേരളക്കരയിലെ ചുരുക്കം കലാകാരില്‍ ശ്രദ്ധേയനാണ് ഇദ്ദേഹം.
വളരെ ചെറുപ്രായത്തില്‍ ഇരുപത്തി ഒന്നാമത്തെ വയസ്സില്‍ ഈ രംഗത്തേക്ക് കടന്ന് വന്നപ്പോള്‍ അവതരണത്തിന് തെരഞ്ഞടുത്തിരുന്നത് സ്വന്തമായി എഴുതിയ കഥകളായിരുന്നു. ആദ്യം അവതരിപ്പിച്ച കഥാപ്രസംഗം 'മൂസാനബിയും ഫിര്‍ഔനും' എന്ന ചരിത്രമായിരുന്നു. ഈ രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയ വന്ദ്യ ഗുരുക്കന്‍മാരെയും ഇദ്ദേഹം ആദരവോടെ ഓര്‍ക്കുന്നു. പാടാന്‍ കഴിഞ്ഞില്ലെങ്കിലും ചെറുപ്രായത്തില്‍ മാപ്പിളപ്പാട്ടിനോട് വളരെ താല്‍പര്യമായതിനാല്‍ ഗാന രചനയില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിരുന്നു. മാപ്പിളപ്പാട്ട് ആസ്വാദകരുടെ നാവിന്‍തുമ്പില്‍ ഇപ്പോഴും കൊണ്ട് നടക്കുന്ന 'ആകെ സത്തിലുമുത്തൊളി', 'ഈത്തമരത്തിന്റെ ഓലത്തുമ്പത്തിരുന്നു കുറുകും പനങ്കിളി' എന്നീ ഗാനങ്ങളുടെ രചയിതാവ് കെ.എസ് മൗലവിയാണെന്ന കാര്യം പലര്‍ക്കും അറിയില്ല.
അനേകം നബിദിന ഗാന പുസ്തകങ്ങളും മൂസാനബിയും ഫിര്‍ഓനും, തീച്ചൂളയില്‍ വാടാത്ത പുഷ്പം, ഈസബ്‌നു മര്‍യം, ബീവി ആയിശ, സുരലോകറാണി, അദ്ഹം, ആദം നബി, ഇബ്രാഹീം നബി തുടങ്ങി അനേകം ചരിത്ര കാവ്യങ്ങള്‍ രചിച്ചിട്ടുള്ള മൗലവി കോല്‍ക്കളി, അറബന മുട്ട്, ദഫ്മുട്ട് എന്നിവയിലും ആയോധന കലകളായ കളരി, കരാട്ടെ, ഷാവോലിന്‍ കുങ്ഫു തുടങ്ങിയവകളിലും പ്രാവീണ്യം നേടിയിട്ടുണ്ട്.
ചെറു പ്രായത്തില്‍ പള്ളികളിലേക്ക് മതപ്രഭാഷണത്തിന് പറഞ്ഞയക്കുകയും തന്റെ കഴിവുകള്‍ തിരിച്ചറിയുകയും ചെയ്തത് ഉസ്താദായിരുന്ന ദിവംഗതനായ കാപ്പ് വെട്ടത്തൂര്‍ അബൂബക്കര്‍ ഫൈസിയാണന്ന് അദ്ദേഹം നന്ദിയോടെ സ്മരിക്കുന്നു. പണ്ട് കാലത്ത് പലരും അവതരിപ്പിക്കാന്‍ തയാറാകാതിരുന്ന ഹുനൈന്‍ യുദ്ധ ചരിത്രം അനായാസമായാണ് കെ.എസ് മൗലവി അവതരിപ്പിച്ചിരുന്നത്.
മദ്‌റസാധ്യാപകനായി കര്‍മരംഗത്ത് തുടക്കം കുറിച്ച ഇദ്ദേഹം ഇന്ന് കേരള ഖിസ്സപ്പാട്ട് സംഘം സംസ്ഥാന കമ്മിറ്റിയുടെ ട്രഷററാണ്.
ദുബൈ, റാസല്‍ ഖൈമ, അല്‍ഐന്‍, കര്‍ണ്ണാടക, തമിഴ്‌നാട്, വിവിധ ദ്വീപുകള്‍ തുടങ്ങി കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലായി ആയിരത്തില്‍ പരം വേദികളില്‍ കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്.
ഋഷി വര്യന്മാരായ സി.എം മടവൂര്‍, അന്ത്രുപ്പാപ്പ, കണ്ണ്യാല മൗല, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരോട് അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇദ്ദേഹം ചളവറ പഞ്ചായത്തിലെ കളത്തില്‍ ഹംസ-ഹാജിനഫീസ ദമ്പതികളുടെ മകനാണ്.
ഭാര്യ റംല. ഫാത്തിമ നാസര്‍, മുഹമ്മദ് ഫൈസല്‍, മുഹമ്മദ് ളിറാര്‍ എന്നിവര്‍ മക്കളാണ്.-കാസിം വള്ളിക്കുന്നത്ത്(Suprabhaatham)