കൈയെഴുത്തിന്റെ മധുരം നുണഞ്ഞു മദ്‌റസാ വിദ്യാര്‍ഥികള്‍

ഉദുമ: കൈയെഴുത്തിന്റെ മധുരവും നുണഞ്ഞാണ് കഴിഞ്ഞ ദിവസം മദ്‌റസാ വിദ്യാര്‍ഥികള്‍ വീട്ടിലേക്ക് മടങ്ങിയത്. ബലി പെരുന്നാളിനോടനുബന്ധിച്ച് മദ്‌റസ താല്‍കാലികമായി അടക്കുന്ന ദിവസമാണ് പ്രധാനമായും കൈയെഴുതിക്കൊടുക്കുക.
അറബി മഷി കൊണ്ടോ തേന്‍ കൊണ്ടോ വിദ്യാര്‍ഥികളുടെ വലതു കൈയ്യില്‍ ഖുര്‍ആന്‍ വചനങ്ങള്‍ എഴുതിക്കൊടുക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ ഗുരുദക്ഷിണ നല്‍കലും പതിവാണ്. ജില്ലയിലെ മിക്ക പ്രദേശങ്ങളിലും നൂറ്റാണ്ടുകളായുള്ള ആചാരമാണ് ഉസ്താദുമാര്‍ വിദ്യാര്‍ഥികള്‍ക്കു കൈയെഴുതിക്കൊടുക്കുക എന്നുള്ളത്.
പുതുവസ്ത്രങ്ങളണിഞ്ഞ് വീട്ടിലെ പിഞ്ചുകുട്ടികളുമായി ആവേശത്തോടെ എല്ലാ വിദ്യാര്‍ഥികളും മദ്‌റസയിലെത്തുന്നു എന്നതും കൈയെഴുത്ത് ദിവസത്തിന്റെ പ്രത്യേകതയാണ്.
കൈയെഴുതിയ ശേഷം, മരിച്ചു പോയ മഹാത്മാക്കള്‍ക്കും മഹല്ലു കാരണവര്‍ക്കും വേണ്ടി മദ്‌റസകളില്‍ പ്രത്യേക പ്രാര്‍ഥനകളും നടത്തിയാണ് കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ പിരിഞ്ഞത്.