അലകളുടെ പുഴകളുടെയും നാട് സമസ്ത സമ്മേളനത്തിന്റെ തിരയിളക്കത്തില്‍

ആലപ്പുഴ : വിപ്ലവത്തിന്റെ വളക്കൂറുളള മണ്ണില്‍ സന്മാര്‍ഗത്തിന്റെ പുഴയൊഴുക്കാന്‍ സമസ്ത സമ്മേളനത്തിന് ആലപ്പുഴ വേദിയാകും. കേരളത്തിന്റെ സാസ്‌ക്കാരിക ചരിത്രത്തിന് അമൂല്യ സംഭാവന ചെയ്ത സമസ്ത കേരള ജംഈഅത്തുല്‍ ഉലമയുടെ തൊണ്ണൂറാമത് വാര്‍ഷിക സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് നാന്ദിക്കുറിക്കാന്‍ രൂപപ്പെടുത്തിയ സ്വാഗതസംഘ രൂപീകരണത്തില്‍ പ്രവര്‍ത്തകര്‍ ഒഴുകിയെത്തി.എറണാകുളം ,ആലപ്പുഴ , കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളില്‍നിന്നുളള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. കേരളത്തിന്റെ ചരിത്രത്തില്‍ നാഴിക കല്ലായി മാറാനുളള സമ്മേളനത്തെ എതിരേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ക്കാണ് രൂപം നല്‍കിയിട്ടുളളത്. മുവ്വായിരിത്തി ഒന്ന് അംഗ ദക്ഷിണ കേരള സ്വാഗത സംഘം രൂപീകരണം പൂര്‍ത്തിയായി. ഇന്നലെ വൈകുന്നേരം ഇര്‍ഷാദുള്‍ മുസ്ലിം ജാമാഅത്ത് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇത് നടാടെയാണ് സമസ്ത സമ്മേളനം ദക്ഷിണകേരളത്തിലെത്തുന്നത്. കേരള മുസ്ലിം ജനസാമാന്യത്തിന് ദിശാബോധം നല്‍കിയ പ്രസ്ഥാനത്തിന്റെ സമ്മേളനം എതിരാളികളുടെ ദുഷ്പ്രചാരണത്തിന് അന്ത്യം കുറിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ പ്രഖ്യാപിച്ചു. നിരവധി രാഷ്ട്രീയ സമ്മേളനങ്ങള്‍ക്ക് വേദിയായിട്ടുളള ആലപ്പുഴയ്ക്ക് സമസ്ത സമ്മേളനം വേറിട്ട അനുഭവമാക്കാനുളള തയ്യാറെടുപ്പിലാണ് പ്രവര്‍ത്തകര്‍. വിഭാഗീയത ഇല്ലാത്ത, പോര്‍വിളകളില്ലാത്ത ഒരു ചരടില്‍ കോര്‍ത്ത മുത്തുമാലപോലെ വിശ്വാസത്തിന്റെ തിരിനാളവുമായി പ്രവര്‍ത്തകര്‍ സമ്മേളനത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. ദക്ഷിണ കേരള സ്വാഗത സംഘത്തിന് പുറമെ ജില്ലാതല സ്വാഗത സംഘങ്ങളും രൂപീകരിക്കും. ഇതിനായുളള സമയവും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. കന്യാകുമാരി മുതല്‍ എറണാകുളം വരെയുളള ജില്ലകളെയാണ് ദക്ഷിണ കേരളത്തിന്റെ ഭാഗമായി ഉള്‍ക്കൊളളിച്ചിട്ടുളളത്. സ്വാഗത സംഘ രൂപീകരണ വേളയില്‍ ഒഴുകിയെത്തി പ്രവര്‍ത്തകരുടെ ആവേശം സമ്മേളനത്തിന്റെ വിജയം വിളിച്ചോതുന്നതായിരുന്നു. പ്രായാധിക്യവും ആരോഗ്യവും വകവെക്കാതെ വന്ദ്യവയോധികര്‍ വേദിയിലും ഹാളിലും അണിനിരന്നത് യുവാക്കള്‍ക്ക് പ്രചോദനമായി.
ഏതു പ്രതിസന്ധിയെയും അതിജീവിച്ച് സമ്മേളനം വിജയിപ്പിക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ ഇന്നു നാന്ദിക്കുറിക്കും. ദക്ഷിണ കേരളത്തിന്റെ മുഴുവന്‍ പ്രദേശങ്ങളിലും സമ്മേളനത്തിന്റെ സന്ദേശമെത്തിക്കാന്‍ ഇന്നലെ ചേര്‍ന്ന സ്വാഗത സംഘ യോഗം തീരുമാനിച്ചു. സമ്മേളനത്തില്‍ സമൂഹത്തിലെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ പങ്കെടുത്തു. യോഗത്തില്‍ സമസ്ത ഉപാദ്ധ്യക്ഷന്‍ എം ടി അബ്ദുല്ലാ മുസ്ലിയാര്‍ അദ്ധ്യക്ഷനായിരുന്നു-ഷാജഹാന്‍ കെ ബാവ (suprabhaatham)