സമസ്ത ബഹ്‌റൈന്‍ മജ്‌ലിസുന്നൂര്‍ സദസ്സ് സംഘടിപ്പിച്ചു

മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര മദ്‌റസയായ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ ഹയര്‍ സെക്കന്‍ഡറി മദ്‌റസയുടെ 20-ാം വാര്‍ഷികാഘോഷ ത്രൈമാസ കാമ്പയിന്‍ 'തസ്ബീത്ത് 2015' ന്റെ ഭാഗമായി മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച 'മജ്‌ലിസുന്നൂര്‍' ആത്മീയസംഗമം ശ്രദ്ധേയമായി. ആത്മീയാനുഭൂതി പകര്‍ന്ന സമസ്ത സംഗമത്തിന് ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി വിശ്വാസികളാണ് പാക്കിസ്ഥാന്‍ ക്ലബ്ബിലെത്തിയത്. നിറഞ്ഞ സദസ്സിന്റെ അധരങ്ങളില്‍ നിന്നും ഒഴുകിയെത്തിയ ബദ്ര്‍ ബൈത്ത് പാരായണവും ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥനയും വിശ്വാസികളുടെ ഹൃദയാന്തരങ്ങളില്‍ കുളിര് പകരുന്നതായിരുന്നു. ചടങ്ങ്‌ സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ്‌ സയ്യിദ് ഫക്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇരുലോക വിജയത്തിന് ആത്മീയത അനിവാര്യമാണെന്നും ഇതിനാണ്‌ സമസ്ത പ്രവര്‍ത്തിക്കുന്നതെന്നും അത് ഉപയോഗപ്പെടുത്താന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും തങ്ങള്‍ ഓര്‍മ്മിപ്പിച്ചു. കൊച്ചുകുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും മത പഠനത്തിന് സമസ്തയില്‍ സൌകര്യമുണ്ടെന്നും ഈ മാസം (ഓഗസ്റ്റ്) 5 മുതല്‍ പുതിയ ബാച്ചിനുള്ള ക്ലാസ്സുകള്‍ ആരംഭിക്കുമെന്നും തങ്ങള്‍ പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക സമയം നിശ്ചയിച്ചാണ് ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നതെന്നും താല്‍പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെടണമെന്നും തങ്ങള്‍ അറിയിച്ചു. 
ചടങ്ങില്‍ സമസ്ത ബഹ്‌റൈന്‍ ജിദാലിഏരിയ കോഡിനേറ്റര്‍ ഉസ്താദ് മന്‍സൂര്‍ ബാഖവിഉദ്‌ബോധന പ്രഭാഷണം നടത്തി. ബദ്‌റില്‍ പങ്കെടുത്ത മഹാന്‍മാര്‍ അല്ലാഹുവിന്റെ അടുക്കല്‍ ഏറെ ഔന്നിത്യമുള്ളവരാണെന്നും അവരെ തവസ്സുലാക്കി ചെയ്യുന്ന കര്‍മ്മങ്ങള്‍ ഫലപ്രദമാണെന്നും ചരിത്രത്തില്‍ ഇതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ടെന്നും അദ്ധേഹം വിശദീകരിച്ചു. പൂര്‍വ്വകാലത്ത്‌ കേരളത്തില്‍ വസൂരി പോലുള്ള പകര്‍ച്ച വ്യാധികള്‍ വ്യാപിച്ചപ്പോള്‍ മൌലിദ് പാരായണത്തിലൂടെയാണ് പൂര്‍വ്വീകര്‍ അതിനെ നേരിട്ടത്. ഇന്നും വ്യാപകമായികൊണ്ടിരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമായാണ് ബഹുമാനപ്പെട്ട പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ് തങ്ങള്‍ മജ്‌ലിസുന്നൂര്‍ ചിട്ടപ്പെടുത്തിതന്നിരിക്കുന്നതെന്നും വീടുകള്‍തോറും ഇത് പാരായണം ചെയ്യണമെന്നും അദ്ധേഹം ഉപദേശിച്ചു. 
മജ്‌ലിസുന്നൂര്‍ പാരായണ ചടങ്ങിന് സമസ്ത ബഹ്‌റൈന്‍ റഫ ഏരിയ പ്രസിഡന്റ് ഹംസ അന്‍വരി മോളൂര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ഖതമുല്‍ ഖുര്‍ആനിന് സമസ്ത ബഹ്‌റൈന്‍ കോഡിനേറ്റര്‍ മൂസ മൗലവി വണ്ടൂര്‍ നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റുമാരായ സലിം ഫൈസി പന്തീരിക്കര, സൈദ് മുഹമ്മദ് വഹബി, ജനറല്‍ സെക്രട്ടറിഎസ്. എം അബ്ദുല്‍ വാഹിദ്, സെക്രട്ടറി ഷഹീര്‍ കാട്ടാമ്പള്ളി, തുടങ്ങിയ കേന്ദ്ര, ഏരിയ നേതാക്കളും പണ്ഡിതന്‍മാരും, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സമസ്ത വിഷന്‍, എസ്. കെ. എസ്. എസ്. എഫ് നേതാക്കളും പ്രവര്‍ത്തകരും സംബന്ധിച്ചു. പരിപാടിയില്‍ എസ്. കെ. എസ്. എസ്. എഫ് 'വിഖായ' വിങ്ങിന്റെ സേവനം ശ്രദ്ധേയമായി. 
- Samastha Bahrain