മനാമ: സമസ്ത ബഹ്‌റൈന്‍ മദ്‌റസകളുടെ കേന്ദ്രമായ മനാമ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസയുടെ 20ാം വാര്‍ഷിക ത്രൈമാസ കാമ്പയിന്‍ 'തസ്ബീത് 2015' ന്റെ ഭാഗമായി സമസ്ത കേരള സുന്നീ ജമാഅത്ത് ഇന്ന് (21/08) രാത്രി 8:30ന് പാകിസ്ഥാന്‍ ക്ലബ്ബില്‍ സംഘടിപ്പിക്കുന്ന മത വിജ്ഞാന സദസ്സില്‍ യുവപ്രഭാഷകനും പണ്ഡിതനുമായ ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തും.
പ്രഭാഷണ കലയില്‍ വേറിട്ട ശൈലികൊണ്ടും ആഴത്തിലിറങ്ങിയ വിഷയാവതരണം കൊണ്ടും ശ്രദ്ധേയമായ നിരവധി പഠന ക്ലാസ്സുകളും പ്രഭാഷണങ്ങളുമാണ് സിംസാറുല്‍ ഹഖ് ഹുദവി കേരളത്തിനകത്തും പുറത്തുമായി നടത്തിയിട്ടുള്ളത്. കേരളത്തിലെ അത്യുന്നത വൈജ്ഞാനിക കേന്ദ്രമായ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം അബൂദാബി ബ്രിട്ടീഷ് സ്‌കൂളിലെ ഇസ്‌ലാമിക പഠന വിഭാഗം തലവനായിട്ടാണ് ജോലി ചെയ്യുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എല്ലാ ശനിയാഴ്ചകളിലും അബൂദാബി ഇസ്‌ലാമിക് സെന്ററില്‍ നടക്കുന്ന ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഖുര്‍ആന്‍ പഠന ക്ലാസുകളില്‍ നൂറുകണക്കിന് വിശ്വാസികള്‍ സ്ഥിരം പഠിതാക്കളാണ്.
ഇന്ന് ബഹ്‌റൈനില്‍ നടത്തുന്ന പ്രഭാഷണം ശ്രവിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് സമസ്തയുടെ നേതൃത്വത്തില്‍ എസ്.കെ.എസ്.എസ്.എഫ് 'വിഖായ' പാകിസ്ഥാന്‍ ക്ലബ്ബില്‍ ഒരുക്കിയിട്ടുള്ളത്. പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം സമസ്ത കേരള സുന്നീ ജമാഅത്ത്, ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ നിര്‍വ്വഹിക്കും.
- Samastha Bahrain