യാചന നിരുല്‍സാഹപ്പെടുത്തുക: ഖതീബ് സംഗമം

പട്ടിക്കാട്: ഇസ്‌ലാം നിരുല്‍സാഹപ്പെടുത്തിയ യാചന മലബാര്‍ മേഖലയില്‍ വര്‍ദ്ദിച്ച് വരുന്ന സാഹചര്യത്തില്‍ മഹല്ല്തല റിലീഫ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയും മറ്റും മഹല്ല് ജമാഅത്തുകള്‍ ജാഗ്രത പാലിക്കണമെന്ന് പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ നടന്ന ഖത്തീബ് സംഗമം ആഹ്വാനം ചെയ്തു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിന്റെ ക്വാളിറ്റി സര്‍ട്ടിഫിക്കറ്റ് നേടിയ ഖതീബ്മാരാണ് സംഗമത്തില്‍ പങ്കെടുത്തത്.
മഹല്ല് ജമാഅത്തുകള്‍ സാധുക്കള്‍ക്ക് നാടുനീളെ പിരിവ് നടത്തുന്നതിന് കത്തു നല്‍കുന്ന സമ്പ്രദായം പരമാവധി അവസാനിപ്പിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് സഹായമെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് മഹല്ല് ജമാഅത്തുകള്‍ തന്നെ നേരിട്ട് നേതൃത്വം നല്‍കുകയുംവേണം. അന്യ മഹല്ലുകളില്‍ നിന്ന് വരുന്ന കത്തുകളുടെ ആധികാരികത ഉറപ്പുവരുത്താന്‍ ഖതീബുമാര്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഇസ്‌ലാമിലെ സാമ്പത്തിക വ്യവസ്ഥ, സകാത്ത്, അനുവദിക്കപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ മഹല്ല്തല ബോധവല്‍ക്കരണ പരിപാടികളും നടത്തണം. അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുന്നതിനായി പലിശരഹിത വായ്പാ നിധി എല്ലാ മഹല്ലുകളിലും നടപ്പില്‍ വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ജാമിഅഃ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ഹാജി കെ മമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, ഇ ഹംസ ഫൈസി നെല്ലൂര്‍ ശില്‍പശാലക്ക് നേതൃത്വം നല്‍കി.
- Secretary Jamia Nooriya