''കിത്താബുല്‍ മനാളിര്‍ - പ്രകാശത്തിന്റെ ആയിരം വര്‍ഷം'' SKSSF TREND - അന്താരാഷ്ട്ര സെമിനാര്‍ ഒക്‌ടോബര്‍ ആദ്യവാരം

കോഴിക്കോട്: അന്താരാഷ്ട്ര പ്രകാശവര്‍ഷം 2015ന്റെ ഭാഗമായി എസ്. കെ. എസ്. എസ്. എഫ് വിദ്യാഭ്യാസ വിഭാഗം ട്രന്റ് അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിക്കുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബിക് വിഭാഗവുമായി സഹകരിച്ച് നടത്തുന്ന സെമിനാര്‍ യൂണിവേഴ്‌സിറ്റി കാമ്പസില്‍ ഒക്‌ടോബര്‍ ആദ്യവാരത്തിലാണ് നടക്കുന്നത്. പ്രസിദ്ധ അറബ് ശാസ്ത്രജ്ഞന്‍ ഇബ്‌നുല്‍ ഹൈസം 1015ല്‍ രചിച്ച കിത്താബുല്‍ മനാളിര്‍ (ബുക് ഓഫ് ഓപ്റ്റിക്‌സ്) ന്റെ ആയിരം വര്‍ഷം പൂര്‍ത്തിയാവുന്നതുമായി ബന്ധപ്പെട്ടാണ് യുനെസ്‌കോ 2015 പ്രകാശവര്‍ഷമായി ആഘോഷിക്കാന്‍ തെരഞ്ഞെടുത്തത്. 
പ്രകാശ ശാസ്ത്രത്തെക്കുറിച്ചുള്ള അടിസ്ഥാന രേഖയായാണ് ബുക്ക് ഓഫ് ഓപ്റ്റിക്‌സിനെ പരിഗണിക്കുന്നത്. പ്രകാശത്തിന്റെ സ്വഭാവം നേര്‍രേഖാ പ്രസരണം തുടങ്ങി അനേകം കണ്ടുപിടുത്തങ്ങള്‍ ഇബ്‌നുല്‍ ഹൈസം നടത്തിയിട്ടുണ്ട്. നവോദ്ധാന കാലഘട്ടത്തില്‍ യുറോപ്യന്‍ കലാശാലകളില്‍ ബുക് ഓഫ് ഓപ്റ്റിക്‌സ് പ്രധാന പാഠ്യവിഷയമായിരുന്നു. 965ല്‍ ബസറയില്‍ ജനിച്ച് 1038 ല്‍ കൈറോയില്‍ മരണപ്പെട്ട ഇബ്‌നുല്‍ ഹൈസം ടോളമി രണ്ടാമന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഭൗതിക ശാസ്ത്രത്തിലേതെന്ന പോലെ ഗണിതശാസ്ത്രം, തത്വചിന്ത, വൈദ്യശാസ്ത്രം എന്നിവയില്‍ 70 ലധികം കനപ്പെട്ട ഗ്രന്ഥങ്ങള്‍ അദ്ധേഹം ലോകത്തിനു സമ്മാനിച്ചിട്ടുണ്ട്. 
ദര്‍ശന ശാസ്ത്രം - ലെന്‍സ്, കണ്ണാടി തുടങ്ങിയവയില്‍ ഇബ്‌നുല്‍ ഹൈസം നടത്തിയ പഠനങ്ങളാണ് പിന്‍ഹോള്‍ ക്യാമറയുടെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്. മേല്‍ കണ്ടുപിടുത്തങ്ങളും ഉപരിപഠനങ്ങളും കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രന്റ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. അധ്യാപകര്‍ക്കും ഗവേഷക വിദ്യാര്‍ഥികള്‍ക്കും സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9744041989
യോഗത്തില്‍ ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി അധ്യക്ഷത വഹിച്ചു. എസ്. വി. മുഹമ്മദലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, െക. അലി മാസ്റ്റര്‍ വയനാട്, റഹീം മാസ്റ്റര്‍ ചുഴലി, സത്താര്‍ പന്തലൂര്‍, പ്രൊഫസര്‍ ടി അബ്ദുല്‍ മജീദ് കൊടക്കാട്, റിയാസ് നരിക്കുനി, ഖയ്യൂം മാസ്റ്റര്‍ കടമ്പോട്, ശംസുദ്ധീന്‍ ഒഴുകൂര്‍, റഷീദ് കമ്പളക്കാട് സംസാരിച്ചു. 
- SKSSF STATE COMMITTEE