എംഐസി പൂര്‍വ്വ വിദ്യാര്‍ത്ഥി ഹനീഫ് ഇര്‍ശാദിക്ക് തുര്‍ക്കിയില്‍ പിഎച്ച്ഡി പഠനത്തിന് അപൂര്‍വ്വ അവസരം

കാസര്‍ഗോഡ്: ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് പൂര്‍വ്വ വിദ്യാര്‍ത്ഥി ഹനീഫ് ഇര്‍ശാദി ഹുദവി തൊട്ടിക്ക് തുര്‍ക്കിയില്‍ പിഎച്ച്ഡി ഗവേഷണ പഠനത്തിന് അപൂര്‍വ്വ അവസരം ലഭിച്ചു. തുര്‍ക്കി ഇസ്താംബൂള്‍ ബോസ്പറസ് കടലിടുക്കിലെ താഴ് വരയിലുള്ള മര്‍മറ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ മര്‍മറ യൂണിവേഴ്‌സിറ്റിയിലേക്കാണ് അങ്കാറയില്‍ നടന്ന ഒരു ലക്ഷത്തോളം വരുന്ന അപേക്ഷകരില്‍ നിന്ന് ഇന്റര്‍വ്യൂലൂടെ ഇര്‍ശാദി യുവ പണ്ഡിതന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിലോസഫി ആന്റ് റിലീജിയസ് സയന്‍സില്‍ പഠിതാവായി അടുത്ത് ആഴ്ച ഗവേഷണം തുടങ്ങും. തുര്‍ക്കി ഗവര്‍ണ്‍മെന്റിന്റെ ഡോക്ടറല്‍ സ്‌കോളര്‍ഷിപ്പിനും ഹനീഫ് ഇര്‍ശാദി അര്‍ഹനായി. 
കാസര്‍ഗോഡ് ജില്ലയിലെ പള്ളിക്കര തൊട്ടി ബെതില മന്‍സിലിലെ അബ്ദുല്‍ ഖാദര്‍-സുഹ്‌റ ദമ്പതികളുടെ മകനാണ് ഹനീഫ് ഇര്‍ശാദി. മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമിയില്‍ നിന്ന് ഇസ്ലാമിക് ആന്റ് കണ്ടംപററി സ്റ്റഡീസിലും ഇന്ദിരഗാന്ധി നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തിലും തുര്‍ക്കി കൊനിയ മൗലാനാ റൂമി യൂണിവേഴ്‌സിറ്റിയില്‍ ടര്‍ക്കിഷ് ഭാഷയിലും ബിരുദം നേടിയിട്ടുണ്ട്. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇസ്ലാമിക് ഫിലോസഫിയില്‍ ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയ ഹനീഫ് ഇര്‍ശാദി തുര്‍ക്കി ആഗോള ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക വിദ്യാഭ്യാസ സാംസ്‌കാരിക സംരംഭകരായ ഹിസ്മത്ത് പ്രസ്ഥാനത്തിന്റെ പ്രതിനിധികള്‍ നടത്തിയ ടെസ്റ്റിലൂടെ തുര്‍ക്കിയിലെ ഉപരിപഠനത്തിന് അവസരം നേടുകയായിരുന്നു.
ഡല്‍ഹിയില്‍ നടക്കുന്ന ടര്‍ക്കിഷ് ക്യാമ്പിലേക്ക് പുറപ്പെട്ട ഹനീഫ് ഇര്‍ശാദി ഹുദവിക്ക് ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സില്‍ യാത്രയയപ്പ് നല്‍കി. എം ഐസി പ്രസിഡണ്ട് ഖാസി ത്വാഖാ അഹ്മദ് മൗലവി ഖാസിയാരകം, ജനറല്‍ സെക്രട്ടറി യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി, ട്രഷറര്‍ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ദാറുല്‍ ഇര്‍ശാദ് അക്കാദമി മാനേജര്‍ കെ കെ അബ്ദുല്ല ഹാജി ഉദുമ പടിഞ്ഞാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എം ഐസി ദാറുല്‍ ഇര്‍ശാദ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഇസ്ലാമിക് മൂവ്‌മെന്റ് ഫോര്‍ അലുമ്‌നി ഓഫ് ദാറുല്‍ ഇര്‍ശാദ് (ഇമാദ്) ഭാരവാഹികള്‍ ഹനീഫ് ഇര്‍ശാദിയെ അഭിനന്ദിച്ചു. സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി മാസ്തിക്കുണ്ട്, അഡ്വ. ഹനീഫ് ഇര്‍ശാദി ദേലംപാടി, സിറാജ് ഇര്‍ശാദി ബെദിമല, അസ്മതുല്ലാഹ് ഇര്‍ശാദി കടബ, ഖലീല്‍ ഇര്‍ശാദി കൊമ്പോട്, ശൗഖുല്ലാഹ് ഇര്‍ശാദി സല്‍മാറ, ഇര്‍ശാദ് ഇര്‍ശാദി കുണിയ, ഫൈസല്‍ ഇര്‍ശാദി ബെദിര, മന്‍സൂര്‍ ഇര്‍ശാദി കളനാട് എന്നിവര്‍ പ്രസംഗിച്ചു.
- MIC Chattanchal Kasaragod