വിദ്യാഭ്യാസ വിപ്ലവത്തിലൂടെ സാമൂഹിക ശാക്തീകരണം സാധ്യമാക്കണം: ഹൈദരലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി: രാജ്യത്തെ സാമൂഹിക പിന്നാക്കാവസ്ഥക്ക്  പരിഹാരമുണ്ടാകണമെങ്കില്‍ വിദ്യാബോധമുള്ള തലമുറയെ വളര്‍ത്തിയെടുക്കണമെന്നും പുതിയ കാലത്തെ വിദ്യാഭ്യാസ രീതികളോട് സംവദിക്കാന്‍ പ്രാപ്തരായ പണ്ഡിതരെയാണ് രാജ്യത്തിനാവശ്യമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. 
ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയില്‍ സെക്കണ്ടറി വിഭാഗത്തിലേക്ക് പുതുതായി പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ ക്ലാസ് ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു സംസാരിക്കുകയായിരുന്നു  അദ്ദേഹം.
കേരളത്തില്‍ സാധിച്ചെടുത്ത ദാറുല്‍ഹുദാ മോഡല്‍ വിദ്യാഭ്യാസ സംവിധാനത്തെ മുഴുവന്‍  സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അതുവഴി രാജ്യത്ത് മുസ്‌ലിം ശാക്തീകരണവും വിദ്യാഭ്യാസ മുന്നേറ്റവും സാധ്യമാകുമെന്നും സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ തങ്ങള്‍ അഭിപ്രായപ്പെട്ടു.
ദാറുല്‍ ഹുദാ കാമ്പസിലെ സെക്കണ്ടറി വിഭാഗത്തിലേക്ക്  87 മലയാളി വിദ്യാര്‍ത്ഥികള്‍ക്കും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ  സെക്കണ്ടറിയിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 58 ഉര്‍ദു വിദ്യാര്‍ത്ഥികള്‍ക്കുമാണ് പുതിയ അധ്യയന വര്‍ഷം പ്രവേശനം നല്‍കിയത്.
പ്രോ.ചാന്‍സലറും സമസ്ത കേരള ജംഇയ്യുത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രഥമ ക്ലാസിന് നേതൃത്വം നല്‍കി. വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. സി.യൂസുഫ് ഫൈസി മേല്‍മുറി,  മുഹമ്മദ് ഇസ്ഹാഖ് ബാഖവി ചെമ്മാട്, ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, കെ.എം സൈദലവി ഹാജി , ഹസന്‍ കുട്ടി ബാഖവി,  യു.ശാഫി ഹാജി ചെമ്മാട്, ഡോ. യു.വി.കെ മുഹമ്മദ്, എം.കെ ജാബിര്‍ ഹുദവി പടിഞ്ഞാറ്റുമുറി, സുബൈര്‍ ഹുദവി ചേളാരി സംസാരിച്ചു. 
- Darul Huda Islamic University