കാന്തപുരം വിഭാഗത്തിന്റെ അനുഭാവിപോലും തെരഞ്ഞെടുക്കപ്പെടില്ല: സമസ്ത

കോഴിക്കോട്: മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശാധികാരങ്ങള്‍ സംരക്ഷിക്കാന്‍ മഹാന്മാരായ പൂര്‍വകാല നേതാക്കള്‍ രൂപംകൊടുത്ത മുസ്‌ലിംലീഗില്‍ വിഭാഗീയതകള്‍ക്കതീതമായി എല്ലാ വിഭാഗം മുസ്‌ലിംകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും എല്ലാ വിഭാഗം ആളുകള്‍ക്കും അര്‍ഹിക്കുന്ന പ്രാതിനിധ്യം മുസ്‌ലിംലീഗ് നല്‍കിവരുന്നുണ്ടെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്‌ലിയാരും സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാരും പ്രസ്താവനയില്‍ പറഞ്ഞു.
സമസ്തയെ സഹായിക്കുന്ന മുസ്‌ലിംലീഗുകാരെ പരാജയപ്പെടുത്തുമെന്ന കാന്തപുരത്തിന്റെ പ്രസ്താവന ധിക്കാരവും അതിരുകടന്നതും മുസ്‌ലിംലീഗില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗവുമാണ്. മുസ്‌ലിം രാഷ്ട്രീയ രംഗത്ത് ഓരോ സംഘടനയും തങ്ങളുടെ ആളുകളെ മാത്രം വിജയിപ്പിക്കുകയും പ്രതിയോഗികളെ പരാജയപ്പെടുത്തുകയും ചെയ്യുന്ന അപകടകരമായ പ്രവണതയ്ക്കു തുടക്കംകുറിച്ചാല്‍ കാന്തപുരം ഗ്രൂപ്പിന്റെ ഒരു അനുഭാവിപോലും വരുന്ന തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടില്ല.
മുസ്‌ലിംലീഗിന്റെ ആദരണീയനായ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അവമതിച്ചുകൊണ്ടും മുസ്‌ലിംലീഗിനുമേല്‍ കുതിരകയറിക്കൊണ്ടും പരസ്യപ്രസ്താവന നടത്തുന്ന കാന്തപുരത്തെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥികളെയും എന്തുചെയ്യണമെന്ന് ഉദ്ബുദ്ധരായ സമൂഹം തീരുമാനിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.-suprabhaatham