SKSSF സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പ്രമേയങ്ങള്‍

അറബിക് സര്‍വകലാശാല
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറുന്നതിന് മുമ്പ് കേരള ജനതക്ക് നല്‍കിയ വാഗ്ദാനമായിരുന്നു അന്താരാഷ്ട്ര അറബിക് സര്‍വകലാശാല. വോട്ട് നേടി അധികാരത്തിലെത്തി നാല് വര്‍ഷം പൂര്‍ത്തിയായിട്ടും അറബിക് സര്‍വകലാശാലയുടെ വിഷയത്തില്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുകയാണ്.കേരളത്തിന്റെ വിദേശവരുമാനത്തിന്റെ 80 ശതമാനവും നേടിത്തരുന്ന ഗള്‍ഫ് രാജ്യങ്ങലിലെ വിനിമയ ഭാഷയായ അറബികിനോടുള്ള ചിറ്റമ്മ നയം ഉത്തരവാദപ്പെട്ട അധികാരികളും ഉദ്യോഗസ്ഥരും എത്രയും പെട്ടെന്ന് അവസാനിപ്പിക്കേണ്ടതുണ്ട്.അറബിക് സര്‍വകലാശാല യാഥാര്‍ത്ഥ്യമായാല്‍ കേരളത്തില്‍ സാമുദായിക ധ്രുവീകരണമുണ്ടാക്കുമെന്ന ചീഫ് സെക്രട്ടറിയുടെ വിശദീകരണം ദുരുദ്വേശ്യപരമാണ്.അറബി ഭാഷ കേവലം ഒരു മതത്തിന്റേത് മാത്രമാമെന്ന പ്രചരണം വസ്തുതാവിരുദ്ധമാണ്.ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ആറ് ഭാഷകളില്‍ ഒന്നായ അറബിക് ഇന്ന് ലോകത്ത് ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുകയാണ്. 50 ലക്ഷത്തിലധികം ആളുകല്‍ കേരളത്തില്‍ തന്നെ അറബി ഭാഷാ സാക്ഷരത നേടിയിട്ടുണ്ട്.നിര്‍ദിഷ്ട അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാലക്ക് വിലങ്ങുതടിയായി നില്‍ക്കുന്ന ചുവപ്പുനാടയുടെ കുരുക്കുകളഴിച്ച് എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ട നടപരികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കൗണ്‍സില്‍ ക്യാമ്പ് ആവശ്യപ്പെടുന്നു.
സഹിഷ്ണുത
സഹിഷ്ണുതയുടെ പ്രൗഢ പാരമ്പര്യം ഉള്ള നാടാണ് ഇന്ത്യ. സംസ്‌കാരങ്ങലെയും സന്ദേശങ്ങളെയും സ്വീകരിക്കാന്‍ ഒരു ലോപവും കാണിച്ചിട്ടില്ല. അങ്ങിനെ നൂറ്റാണ്ടുകളിലൂടെ രാജ്യം ഉയര്‍ന്നു നിന്നു.പക്ഷെ, പശുവിന് കൊടുക്കുന്ന വില പോലും മനുഷ്യന് ലഭിക്കാത്ത വിധം വര്‍ത്തമാന ഇന്ത്യ അതിവേഗം അസഹിഷ്ണുതയെ മുഖമുദ്രയാക്കുകയാണ്. വിരുദ്ധാഭിപ്രായങ്ങളെ സഹിഷ്ണുതയോടെ നിലനിര്‍ത്താനുള്ള സാമൂഹിക-സാംസ്‌കാരിക അവസ്ഥയുണ്ടാകുമ്പോഴാണ് ഒരു സമൂഹം നീതി ലഭിക്കുന്നവരാകുന്നത്. നിരന്തരമായ ജാഗ്രതയിലൂടെ മാത്രമേ ഈ പൗരാവകാശം നിലനിര്‍ത്താനാകൂ.കോഴിക്കോട് മാന്‍ഹോളില്‍ അകപ്പെട്ട രണ്ട് മനുഷ്യരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഒരു നല്ല മനുഷ്യനെപ്പോലും അസഹിഷ്ണുതയുടെ വാക്കുകളാല്‍ നേരിടുന്നത് കേരളം കണ്ടു.ഭരണസംവിധാനവും സാംസ്‌കാരിക നായകരുമൊക്കെ നിസ്സംഗത വെടിഞ്ഞ് ഗൗരവതരമായ ഇടപെടലുകള്‍ നടത്തണമെന്നും ഈ യോഗം ആവശ്യപ്പെടുന്നു.
എസ്.ഐ നിയമനം
എസ്.ഐ പോസ്റ്റിലേക്ക് കേരള പി.എസ്.സി തയാറാക്കിയ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഡൈ്വസ് മെമ്മോ അയച്ചതിന് ശേഷം പ്രസ്തുത നടപടി സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്.റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ ഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരായതുകൊണ്ടാണ് ധൃതിപിടിച്ച് എസ്.ഐ നിയമനം തടഞ്ഞുവെച്ചതെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു.വകുപ്പുതല നിയമനം പൂര്‍ത്തിയായതിന് ശേഷം ബാക്കി വന്ന നിരവധി ഒഴിവുകളിലേക്കുള്ള നിയമനം ആഭ്യന്തര വകുപ്പ് മരവിപ്പിച്ചത് ന്യൂനപക്ഷ വിഭാഗങ്ങളില്‍ ആശങ്കയുണ്ടാക്കുന്ന നടപടിയാണ്.എസ്.ഐ നിയമന ഉത്തരവ് മരവിപ്പിച്ച നടപടി പിന്‍വലിച്ച് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കൗണ്‍സില്‍ മീറ്റ് ആവശ്യപ്പെടുന്നു.