സമസ്ത 90ാം വാര്‍ഷിക ഉദ്ഘാടന സമ്മേളനം: ശുഭ്രസാഗരംതീര്‍ത്ത് മംഗളൂരു

മംഗളൂരു: ഇസ്‌ലാമിന്റെ യഥാര്‍ഥ രൂപം സമസ്തയാണെന്ന് സമസ്ത ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ആദര്‍ശ വിശുദ്ധിയുടെ 90 വര്‍ഷമെന്ന പ്രമേയത്തില്‍ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമയുടെ 90ാം വാര്‍ഷിക ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശം തകര്‍ക്കുന്ന നീക്കങ്ങളാണ് ഫാസിസ്റ്റ് ശക്തികള്‍ നടപ്പാക്കുന്നതെന്നും ഇന്ത്യന്‍ ജനത കാത്തുസൂക്ഷിച്ച ഐക്യബോധവും സൗഹാര്‍ദാന്തരീക്ഷവും ഇല്ലാതാക്കുന്ന സമീപനങ്ങളാണു ഫാസിസ്റ്റുകളില്‍നിന്ന് ഉയരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


 വിവിധ ഭാഷക്കാരും ദേശക്കാരും വ്യത്യസ്ത ആശയങ്ങളില്‍ വിശ്വസിക്കുന്നവരും ഒത്തൊരുമിച്ചു നീങ്ങുന്നതാണ് ഇന്ത്യന്‍ ബഹുസ്വര സമൂഹത്തിന്റെ പ്രത്യേകത. അവര്‍ക്കിടയില്‍ ഐക്യബോധം അനിവാര്യമാണ്. സഹിഷ്ണുതയുടെ സന്ദേശം പകര്‍ന്നുനല്‍കുകയാണ് അതിനനുയോജ്യമായ മാര്‍ഗം. ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള വാര്‍ത്തകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഈയിടെ പുറത്തുവരുന്നത്. ഒരാള്‍ എന്തു ഭക്ഷിക്കണം, ഭക്ഷിക്കരുത് എന്നു തീരുമാനിക്കുന്നതുപോലും ഫാസിസ്റ്റ് ശക്തികളാണ്.
ബഹുസ്വരത തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ മതേതര ഇന്ത്യയുടെ പ്രതിച്ഛായയ്ക്കു ദോഷമാണെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംനേരെ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന കാലത്തു ലിംഗസമത്വംപോലുള്ള വാദങ്ങള്‍ അപകടകരമാണെന്നും തങ്ങള്‍ പറഞ്ഞു.
സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. വൈകീട്ട് ബന്ദറിലെ സീനത്ത് ബക്ഷ് മസ്ജിദ് പരിസരത്തെ സയ്യിദ് മുഹമ്മദ് മൗലാ ജലാല്‍ ബുഖാരി മഖ്ബറ സിയാറത്തിനു ത്വാഖ അഹ്മദ് അല്‍അസ്ഹരി നേതൃത്വം നല്‍കി. കെ.പി അബ്ദുല്‍ ജബ്ബാര്‍ മുസ്്‌ലിയാര്‍ മിത്തബൈല്‍ പതാക ഉയര്‍ത്തി. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി.കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.
പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, കര്‍ണാടക മന്ത്രിമാരായ യു.ടി ഖാദര്‍, രാമനാഥ റൈ, അഭയചന്ദ്ര ജെയിന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉള്‍പ്പെടെ പ്രമുഖര്‍ സംബന്ധിച്ചു.
പി.കെ അബ്ദുല്‍ ഖാദര്‍ അല്‍ഖാസിമി ബംബ്രാണ സ്വാഗതവും അബ്ദുല്‍ ഖാദര്‍ ദാരിമി കുക്കില നന്ദിയും പറഞ്ഞു. മൗലീദ് പാരായണത്തോടെയാണ് പരിപാടി സമാപിച്ചത്. ചരിത്രഭൂമികയിലേക്ക് ഒഴുകിയെത്തിയ ജനം നെഹ്‌റു മൈതാനിയിലെ ശംസുല്‍ഉലമാ നഗരിയില്‍ ശുഭ്രസാഗരം തീര്‍ത്തപ്പോള്‍ മംഗളൂരുവിന്റെ നാള്‍വഴികളില്‍ പുതുചരിത്രം രചിക്കപ്പെട്ടുസമ്മേളനത്തിനു സുന്നി പടയണി ഒഴുകിയെത്തി.
ആദര്‍ശ വിശുദ്ധിയോടെ കര്‍മപഥത്തില്‍ നിലകൊള്ളുന്ന പ്രസ്ഥാനം സമസ്തതന്നെയാണെന്ന് ഒരിക്കല്‍കൂടി സാക്ഷ്യപ്പെടുത്തുകയായിരുന്നു ഒഴുകിയെത്തിയ ജനസാഗരം.