റബീഉൽ അവ്വൽ പടിവാതിലിലെത്തി; ഇശ്ഖ് വസന്തം തീര്‍ത്ത് ദാറുന്നഈമില്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ പെയ്തിറങ്ങി

റബീഉൽ അവ്വൽ കാന്പയിന്‍ പ്രമേയം 
'തിരുനബി സഹിഷ്ണുതയുടെ തിരുദൂതര്‍' 
മലപ്പുറം: 'യാ നബീ സലാം അലൈക്കും, യാ റസൂല്‍ സലാം അലൈക്കും...' 
തിരുനബി പ്രകീര്‍ത്തനത്തിന്റെ ഈരടികള്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കൊപ്പം ഏറ്റുചൊല്ലുമ്പോള്‍ ഉള്‍പ്പുളകമണിയുകയായിരുന്നു സദസ്. തിരുനബിക്കു അഭിവാദ്യവും സ്വാഗതവുമോതി പാണക്കാട്ടെ ദാറുന്നഈമില്‍ ഇന്നലെയാണ് നബിദിന മാസത്തിന്റെ വരവിനു സ്വാഗതമോതി മൗലീദ് സദസ് ഒരുക്കിയത്. തങ്ങളുടെ വീട്ടുമുറ്റത്ത്് പ്രത്യേകം പന്തലൊരുക്കി മുസ്വല്ല വിരിച്ചായിരുന്നു മജ്‌ലിസ് നടന്നത്. പ്രവാചക കുടുംബത്തിന്റെ നേതൃത്വത്തിലുള്ള നബികീര്‍ത്തന സദസില്‍ പങ്കെടുക്കാന്‍ പ്രഗത്ഭപണ്ഡിതരുള്‍പ്പെടെ നിരവധി പേരാണ് ഒഴുകിയെത്തിയത്. രാവിലെ എട്ടുമണിക്കാണ് മൗലിദ് മജ്‌ലിസ് ആരംഭിച്ചത്.
സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കോഴിക്കോട് ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് കെ.കെ.എസ് തങ്ങള്‍, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍, സയ്യിദ് ഫസല്‍ തങ്ങള്‍ മേല്‍മുറി, സയ്യിദ് മുത്തുപ്പ തങ്ങള്‍, സയ്യിദ് കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍,സയ്യിദ് ഫഖ്‌റുദ്ദീന്‍ മാനു തങ്ങള്‍, സയ്യിദ് ടി.പി.സി തങ്ങള്‍ നാദാപുരം, സയ്യിദ് എസ്.കെ.പി.എം തങ്ങള്‍, സയ്യിദ് ഉമര്‍ പൂക്കോയ തങ്ങള്‍ തുടങ്ങി വിവിധ സാദാത്തുക്കള്‍
 ഒത്തുചേര്‍ന്നു. ഇവര്‍ക്കൊപ്പം ഒട്ടേറെ മതപണ്ഡിതന്‍മാരും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ള നേതാക്കളും വിവിധ മഹല്ല് ഖാസിമാരും മുദര്‍രിസുമാരുമടക്കം വലിയ സദസാണ് മൗലിദില്‍ പങ്കെടുത്തത്.
റബീഉല്‍ അവ്വലിന്റെ പിറവിയോടെ പള്ളികളിലും മുസ്്‌ലിം വീടുകളിലും ഒരുമാസം പ്രകീര്‍ത്തന മുഖരിതമാകും. മസ്ജിദുകള്‍ കേന്ദ്രീകരിച്ചും മഹല്ലുകള്‍, മതകലാലയങ്ങള്‍, മതസംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലും നബിദിന സമ്മേളനം, പ്രകീര്‍ത്തന സദസുകള്‍ എന്നിവ നടക്കും. സമസ്തയുടെ വിവിധ പോഷകഘടകങ്ങളുടെ നേതൃത്വത്തില്‍ 'തിരുനബി സഹിഷ്ണുതയുടെ തിരുദൂതര്‍' എന്ന പ്രമേയത്തില്‍ നബിദിന കാംപയിന്‍ ആചരിക്കുന്നുണ്ട്. കേരളത്തിലെ മുസ്്‌ലിം ഭവനങ്ങളില്‍ മുഴങ്ങുന്ന പ്രകീര്‍ത്തന വിളംബരം കൂടിയാണ് ഇന്നലെ ഹൈദരലി തങ്ങളുടെ വസതിയില്‍ തുടക്കമായത്.(സുപ്രഭാതം)