അറബിക് സര്‍വ്വകലാശാല; ജില്ലാ കലക്‌ട്രേറ്റുകളിലേക്കുള്ള SKSSF മാർച്ചുകൾ ഇന്ന്(വ്യാഴം); വിജയിപ്പിക്കാൻ സമസ്ത നേതാക്കളുടെ ആഹ്വാനം

കോഴിക്കോട്: നിര്‍ദിഷ്ട അന്താരാഷ്ട്ര അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കണമെന്നാ വശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (ഡിസംബര്‍ 17, വ്യാഴം) രാവിലെ 10 മണിക്ക് സംസ്ഥാനത്തെ എല്ലാ കലക്‌ട്രേറ്റുകളിലേക്കും ബഹുജന മാര്‍ച്ച് നടക്കും.സര്‍വകലാശാല യാഥാര്‍ഥ്യമാക്കുന്നതിന് മുന്നോടിയായുള്ള വകുപ്പ് തല നടപടിക്രമങ്ങള്‍ നടക്കുന്നതിനിടയില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അനാവശ്യമായ തടസ്സവാദങ്ങള്‍ ഉന്നയിച്ച് പദ്ധതി മരവിപ്പിക്കാന്‍ ശ്രമിച്ച പശ്ചാത്തലത്തിലാണ് സംഘടന പ്രക്ഷോഭവുമായി രംഗത്ത് വന്നിട്ടുള്ളത്.
ഇത്തരുണത്തിൽ എസ് കെ എസ് എസ് എഫ് നടത്തുന്ന കലക്‌ട്രേറ്റ് മാര്‍ച്ച് വന്‍ വിജയമാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന: സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍, സമസ്ത വിദ്യഭ്യാസ ബോര്‍ഡ് ജന: സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍, സുന്നി യുവജന സംഘം സംസ്ഥാന ജന: സെക്രട്ടറി പ്രെഫ: കെ ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു. വിദ്യഭ്യാസ തൊഴില്‍ മേഖലക്കും കേരളത്തിന്റ സമ്പദ്ഘടനക്കും വന്‍ മുതല്‍ കൂട്ടാവുന്ന അറബിക് സര്‍വ്വകലാശാല കാലതാമസം കൂടാതെ യാഥാര്‍ത്യമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.