അറബിക് സര്‍വകലാശാലയെ വര്‍ഗീയവല്‍ക്കരിക്കുന്നത് മണ്ടത്തരം: പി സുരേന്ദ്രന്‍

കോഴിക്കോട്: അറബിക് സര്‍വകലാശാല യാഥാര്‍ത്ഥ്യമായാല്‍ കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാവുമെന്ന നിലപാട് മണ്ടത്തരമാണെന്ന് പ്രമുഖ എഴുത്തുകാരന്‍ പി.സുരേന്ദ്രന്‍ പ്രസ്താവിച്ചു. എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് കലക്‌ട്രേറ്റ് നടത്തിയ ബഹുജനമാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസ്‌രിക്കുയായിരുന്നു സര്‍വകലാശാലയെ വര്‍ഗീയമായി കാണുന്നത് അംഗീകരിക്കാനാവില്ല. ഭാഷ, സംസ്‌കാരം, ഭക്ഷണം എന്നിവയെ വര്‍ഗീയമായി മാത്രം കാണുന്ന സാഹചര്യമാണ് നിലവിലുള്ളത്. അറബിക് സര്‍വകലാശാല സ്ഥാപിക്കണമെന്ന ആവശ്യത്തെ മതപരമായി കാണാതെ അക്കാദമിക് തലത്തില്‍ കാണാന്‍ ഭരണകൂടം തയ്യാറാകണം. മതത്തിന്റെ ഐഡന്റിറ്റിയില്‍ നിന്നും അറബി ഭാഷയെ പുറത്തുനിര്‍ത്തണം. ഈ ഭാഷയുടെ ഗുണം പൊതുസമൂഹത്തിന് കൂടി ലഭ്യമാകാന്‍ അറബിക് സര്‍വകലാശാല എത്രയും വേഗം സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്ത് ഏറ്റവും പ്രചാരമുള്ള ഭാഷയായി വികസിച്ചുകൊണ്ടിരിക്കുന്ന ഭാഷയാണ് അറബി. നിരവധി കവികളും എഴുത്തുകാരും ഈ ഭാഷയില്‍ ഉയര്‍ന്നുവരുന്നുണ്ട്. മറ്റു രാജ്യങ്ങളില്‍ അറബിക്ക് പ്രാധാന്യം വര്‍ധിക്കുമ്പോള്‍ ഇവിടെ അറബിയെ മുസ്‌ലിംകളുടെ മാത്രം ഭാഷയായി ചുരുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആഗോളാടിസ്ഥാനത്തില്‍ ഇസ്‌ലാമിനെ എതിര്‍ക്കുന്നവരും മതത്തെ നിരസിക്കുന്നവര്‍ പോലും അറബി ഭാഷയിലാണ് എഴുതുന്നത്. ലോക പ്രശസ്ത സിറിയന്‍ കവി അഡോണിസ് കവിത എഴുതുന്നത് അറബിയിലാണ്. ഇക്കാര്യങ്ങളെല്ലാം വിസ്മരിച്ചാണ് ചിലര്‍ അറബി ഭാഷക്കെതിരെ തിരിയുന്നത്. അറബി ഭാഷ കേവലം മതപഠനകേന്ദ്രങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കണമെന്നാണ് ഇവരുടെ ആഗ്രഹമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.