ഇന്ത്യയുടെ ഇസ്രാഈല്‍ അനുകൂല നിലപാട് ആശങ്കാജനകം: എസ്. വൈ. എസ്

കോഴിക്കോട്: ഇന്ത്യ നാളിത് വരെ തുടര്‍ന്നുവന്ന മര്‍ദ്ദിത പക്ഷ നിലപാടും, നൈതികതയും മതിയാക്കി ഫാലസ്തീനെതിരില്‍ ഇസ്രാഈലിന് അനുകൂലമായി അമേരിക്കക്കൊപ്പം ചേര്‍ന്ന് ഐക്യരാഷ്ട്രസഭയുടെ ഉപസമിതിയില്‍ വോട്ട് ചെയ്ത നടപടി ആശങ്കാജനകമെന്ന് എസ്. വൈ. എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിംഗ് സെക്രട്ടറിമാരായ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ പ്രസ്താവിച്ചു. കഴിഞ്ഞ ആറര പതിറ്റാണ്ടിലധികമായി ഇസ്രാഈല്‍ ഫലസ്തീനികളെ മര്‍ദ്ദിച്ചും, കൊന്നും ഒതുക്കുകയാണ്. ഐക്യരാഷ്ട്ര സഭ പാസാക്കിയ 44 പ്രമേയങ്ങളാണ് ഇസ്രാഈല്‍ ചവറ്റുകൊട്ടയിലെറിഞ്ഞത്.

ഇന്ത്യയുടെ വ്യാപാര പങ്കാളികളും, സുഹൃത് രാഷ്ട്രങ്ങളുമായ അറബ് മുസ്‌ലിം രാഷ്ട്രങ്ങളെ ഇന്ത്യാവിരുദ്ധ നിലപാടിലെത്തിക്കാന്‍ ഇത്തരം നടപടികള്‍ കാരണമാവും. അരകോടിയോളം ഇന്ത്യക്കാര്‍ വിവിധ അറബ് മുസ്‌ലിം രാഷ്ട്രങ്ങളില്‍ തൊഴിലെടുക്കുന്നവരാണ് ഇന്ത്യയുടെ പ്രധാന വിപണിയും മധ്യ പൗരസത്യനാടുകളാണ്.

ഇന്ത്യ ഇക്കാലമത്രയും ഫാലസ്തീനൊപ്പം നിലകൊണ്ടിരുന്നു. ഇസ്രാഈലിനും, ഫാലസ്തീനും പരമാധികാരം നല്‍കുന്ന ദ്വിരാഷ്ട്ര സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്ന ഈ ഘട്ടത്തില്‍ ഇന്ത്യയുടെ നിലപാട് മാറ്റം അമേരിക്ക ഇസ്രാഈല്‍ അച്ചുതണ്ടിന്റെ പ്രേരണകാരണമാണെന്ന് വേണം വിലയിരുത്തല്‍. ജന്മാനാടിന് വേണ്ടി പതിറ്റാണ്ടുകളായി പോരാടുന്ന ഫാലസ്തീനികളെ വേദനിപ്പിക്കുന്ന നടപടിയാണ് ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. യാസര്‍ അറഫാത്തിന്റെ കാലം മുതല്‍ ഭാരതം സ്വീകരിച്ചുവന്ന വിദേശ നയത്തില്‍ നിന്നുള്ള മലക്കം മറിച്ചല്‍ അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ പ്രതിഛായ തകര്‍ക്കുമെന്നും, ഇന്ത്യയുടെ പൂര്‍വ്വകാല നിലപാടുകള്‍ പിന്തുടരണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
- Samasthalayam Chelari