ദാറുല്‍ഹുദാ അഡ്മിഷന്‍ ടെസ്റ്റ് ഫലം പ്രസിദ്ധീകരിച്ചു

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയിലെയും വിവിധ യു.ജി കോളേജുകളിലെയും സെക്കന്‍ഡറിയിലേക്ക് നടന്ന ഏകീകൃത പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം വാഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അറിയാവുന്നതാണ്. വാഴ്സിറ്റിക്കു കീഴിലുള്ള ഫാഥ്വിമ സഹ്റാ വനിതാ കോളജ്, മമ്പുറം ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജ് എന്നീ സ്ഥാപനങ്ങളിലേക്കു നടന്ന പ്രവേശന പരീക്ഷയുടെ ഫലവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ദാറുല്‍ഹുദാ സെക്കന്‍ഡറിയിലേക്ക് ഇത്തവണ 3627 വിദ്യാര്‍ത്ഥികളാണ് അപേക്ഷിച്ചത്. കേരളത്തിലെ 24 സ്ഥാപനങ്ങളിലായി 852 സീറ്റുകളിലേക്കാണ് ഒന്നാം അലോട്ട്മെന്റിന്‍ പ്രവേശനം ലഭിച്ചത്. ഹിഫ്ള് കോഴ്സിലേക്ക് 362 അപേക്ഷകരില്‍ 19 പേര്‍ക്കും സഹ്റാവിയ്യ കോഴ്സിലേക്ക് 541 ല്‍ 45 പേര്‍ക്കുമാണ് പ്രവേശനം ലഭിച്ചിരിക്കുന്നത്. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തു ഈ മാസം 15, 16 തിയ്യതികളില്‍ നിശ്ചിത സ്ഥാപനങ്ങളില്‍ പ്രവേശനം ഉറപ്പുവരുത്തേണ്ടതുമാണ്.

വെയിറ്റിങ് ലിസ്റ്റുകാര്‍ തിങ്കളാഴ്ച ഓണ്‍ലൈനായിത്തന്നെ അധിക ഓപ്ഷനുകള്‍ നല്‍കേണ്ടതാണ്. വെയിറ്റിങ് ലിസ്റ്റ് അലോട്ട്മെന്‍റ് ജൂണ്‍ 19 നു പ്രസിദ്ധീകരിക്കും. വെയിറ്റിങ് ലിസ്റ്റില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ 19,20 തിയ്യതികളിലായി അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്.

പുതുതായി പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ 24 ന് തിങ്കളാഴ്ച ക്ലാസുകളാരംഭിക്കും. പഠനാരംഭ ചടങ്ങളുകളുടെ സംസ്ഥാന തല ഉദ്ഘാടനം ദാറുല്‍ഹുദായില്‍ 24 ന് പത്ത് മണിക്ക് നടക്കും. ബഹു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡണ്ട് ബഹു സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ഡോ.ബഹാഉദ്ദീന് മുഹമ്മദ് നദ് വി, മുഹമ്മദ് കോയതങ്ങള് ജമലുല്ലൈല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
- Darul Huda Islamic University