ആള്‍ക്കൂട്ട കൊലപാതങ്ങള്‍ തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നിയമനിര്‍മ്മാണം നടത്തണം: SKSSF

കോഴിക്കോട്: രാജ്യത്ത് വര്‍ധിച്ച് വരുന്ന ആള്‍ക്കൂട്ട കൊലപാതങ്ങള്‍ തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഇത്തരം കൊലപാതകങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സുപ്രീം കോടതി തന്നെ നിയമ നിര്‍മ്മാണം നടത്താന്‍ സര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇയ്യിടെ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ അവരുടെ റിപ്പാര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇത്തരം സംഭവങ്ങളില്‍ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ലഭ്യമാക്കുവാനും ഇരകള്‍ക്ക് സംരക്ഷണം, നഷ്ടപരിഹാരം, പുനരധിവാസം തുടങ്ങിയവ ഉറപ്പ് വരുത്തുന്നതുമാവണം പുതിയ നിയമ നിര്‍മ്മാണം.

കേരളത്തിലും ഒറ്റപ്പെട്ട രീതിയില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറും ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണത്തിനുള്ള അടിയന്തിര നടപടി സ്വീകരിക്കണം. മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ നിയമം മാതൃകയാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.

ഫൈസി നടമ്മല്‍ പോയില്‍, പി. എം റഫീഖ് അഹ്മദ്, ഡോ.ജാബിര്‍ ഹുദവി,ശഹീര്‍ പാപ്പിനിശ്ശേരി,ഹാരിസ് ദാരിമി ബെദിര,സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാടൂര്‍,ആശിഖ് കുഴിപ്പുറം,ഹബീബ് ഫൈസി കോട്ടോപാടം,ഡോ.അബ്ദുല്‍ മജീദ് കൊടക്കാട്,നൗഫല്‍ വാകേരി, ഒ പി എം അശ്‌റഫ്, ജലീല്‍ ഫൈസി അരിമ്പ്ര, ഖാദര്‍ ഫൈസി തലക്കശ്ശേരി,നിസാം കണ്ടത്തില്‍,ഇസ്മായീല്‍ യമാനി മംഗലാപുരം,ജാഫര്‍ യമാനി ലക്ഷദ്വീപ് പങ്കെടുത്തു. സത്താര്‍ പന്തലൂര്‍ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE