കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി എട്ട് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9796 ആയി. നൂറുല്‍ഹുദാ മദ്‌റസ വൈറ്റ് ഫീല്‍ഡ് (ബംഗളൂരു), രിഫാഇയ്യ ബ്രാഞ്ച് മദ്‌റസ ഹദിയ ഖുര്‍ആന്‍ സെന്റര്‍ മാട്ടൂല്‍ സൗത്ത്, ദാറുല്‍ ഇസ്‌ലാം മദ്‌റസ വിളക്കോട്ടൂര്‍ (കണ്ണൂര്‍), ഡബ്ലിയു. എം. ഒ. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മദ്‌റസ മേപ്പാടി (വയനാട്), നൂറുല്‍ ഇസ്‌ലാം മദ്‌റസ ആവിലോറ കരണിക്കല്ല്, സിറാജ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മദ്‌റസ കൊടുവള്ളി, ഇര്‍ശാദുല്‍ ഔലാദ് മദ്‌റസ കോശാലിക്കുന്ന് വെള്ളിപ്പറമ്പ് (കോഴിക്കോട്), ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ മാനീരിപറമ്പ് പള്ളിപ്പടി പാണ്ടിക്കാട് (മലപ്പുറം) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
കര്‍ണാടക സംസ്ഥാനം ഒഴികെയുള്ള എല്ലാ മദ്‌റസകളിലെയും മധ്യവേനല്‍ അവധി ഏപ്രില്‍ രണ്ട് മുതല്‍ എട്ട് കൂടിയ ദിവസങ്ങളിലും, കര്‍ണാടകയില്‍ ഏപ്രില്‍ 14 മുതല്‍ 20 കൂടിയ ദിവസങ്ങളിലും അനുവദിക്കാന്‍ തീരുമാനിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങള്‍ അംഗീകരിച്ചു പ്രവര്‍ത്തിച്ചുവരുന്ന ഫിഖ്ഹ് കോളേജുകളെ ഏകോപിപ്പിച്ച് വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ അഫിലിയേഷന്‍ നല്‍കാനും ഇതിനുവേണ്ടി കര്‍മപദ്ധതി തയ്യാറാക്കാന്‍ സമിതിയെ നിശ്ചയിക്കുകയും ചെയ്തു.
ഏപ്രില്‍ 20, 21, 22 തിയ്യതികളില്‍ കാസര്‍കോഡ് നടക്കുന്ന സുന്നി മഹല്ല് ഫെഡറേഷന്‍ ലൈറ്റ് ഓഫ് മദീനയും, സമസ്ത ആദര്‍ശ പ്രചാരണ കാമ്പയിന്റെ ഭാഗമായി ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ നടക്കുന്ന ആദര്‍ശ സംഗമവും, ഏപ്രില്‍ 20ന് നടക്കുന്ന സമസ്ത വയനാട് ജില്ലാ സമ്മേളനവും, എസ്. കെ. എസ്. എസ്. എഫിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മേഖല സമ്മേളനങ്ങളും വിജയിപ്പിക്കാന്‍ യോഗം അഭ്യര്‍ത്ഥിച്ചു.
സാമൂഹിക പ്രതിബദ്ധതയോടെ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ നടപടി സ്വീകരിക്കുന്നതിന് പകരം അവ അടച്ചുപൂട്ടാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ അസ്മിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 14ന് നടത്തുന്ന സെക്രട്ടറിയേറ്റ് ധര്‍ണ്ണ വിജയിപ്പിക്കാനും യോഗം അഭ്യര്‍ത്ഥിച്ചു.
പ്രസിഡന്റ് പി. കെ. പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സി. കെ. എം. സ്വാദിഖ് മുസ്‌ലിയാര്‍, പി. പി. ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, കെ. ടി. ഹംസ മുസ്‌ലിയാര്‍, എ. വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഡേ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, ടി. കെ. പരീക്കുട്ടി ഹാജി, വി. മോയിമോന്‍ ഹാജി, എം. സി. മായിന്‍ ഹാജി, എം. പി. എം. ഹസ്സന്‍ ശരീഫ് കുരിക്കള്‍, ഡോ. എന്‍. എ. എം. അബ്ദുല്‍ഖാദിര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പി. എ. ജബ്ബാര്‍ ഹാജി, പിണങ്ങോട് അബൂബക്കര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari