ഇസ്‌ലാമിക് ഫൈനാന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു

ചെമ്മാട്: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഫിഖ്ഹ് ഡിപ്പാര്‍ട്ട്‌മെന്റ് ഏകദിന ഇസ്‌ലാമിക് ഫൈനാന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു. ഇസ്‌ലാമിക് ഫൈനാന്‍സ്: തത്വവും സാധ്യതകളും ഇന്ത്യയില്‍ എന്ന പ്രമേയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഇന്നലെ രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച സെമിനാര്‍ വാഴ്‌സിറ്റി ഓഡിറ്റോറിയത്തിലാണ് അരങ്ങേറിയത്. സാമ്പത്തിക ശാസ്ത്രം: ഇസ്‌ലാം, ഇസ്‌ലാമേതര വീക്ഷണങ്ങളില്‍, ഇസ്‌ലാമിക് ഫൈനാന്‍സ്: ആവശ്യകതയും കര്‍മശാസ്ത്രവും, ഇസ്‌ലാമിക് ഫൈനാന്‍സ്: സ്വാധീനം, വെല്ലുവിളി, പ്രായോഗികത എന്നിങ്ങനെ മൂന്ന് സെഷനുകളിലായി സംഘടിപ്പിക്കപ്പെട്ട സെമിനാറില്‍ സാമ്പത്തിക ശാസ്ത്ര രംഗത്തെ പ്രമുഖര്‍ വിഷയാവതരണം നടത്തി. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി സെമിനാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫിഖ്ഹ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍, രജിസ്ട്രാര്‍ എം. കെ ജാബിറലി ഹുദവി, ളിയാഉദ്ധീന്‍ ഫൈസി മേല്‍മുറി, മന്‍സൂര്‍ ചെറുവണ്ണൂര്‍, ഇസ്ഹാഖ് ബാഖവി ചെമ്മാട്., ഇബ്രാഹീം ഫൈസി കരുവാരക്കുണ്ട്, സി. എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ്, റഈസ് ഹുദവി വാഴക്കാട് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വൈകീട്ട് അഞ്ചിന് നടന്ന സമാപന സെഷനില്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍ മോഡറേഷന്‍ നടത്തി. ഡോ. കെ. ടി ജാബിര്‍ ഹുദവി ആശംസ പ്രസംഗം നിര്‍വ്വഹിച്ചു. കഴിഞ്ഞ ഫെബ്രുവരി 20ന് നടന്ന അഖിലേന്ത്യാ ഹനഫീ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കപ്പെട്ട അല്‍ഫഖീഹ് ഗ്രാന്റ് ഫിനാലെ ജേതാക്കള്‍ക്കുള്ള സമ്മാനദാനം പ്രസ്തുത സെഷനില്‍ നിര്‍വഹിക്കപ്പെട്ടു. മത ഭൗതിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. 
- Darul Huda Islamic University