ജീവിത വിജയത്തിന് ഹൃദയവിശുദ്ധി അനിവാര്യം: ജിഫ്രി മുത്തുക്കോയതങ്ങള്‍

ആത്മീയ വെളിച്ചം നല്‍കി തസ്‌കിയത്ത് കോണ്‍ഫ്രന്‍സിന് സമാപനം


കൊണ്ടോട്ടി :ഹൃദയശുദ്ധിയാണ് മനുഷ്യ വിജയത്തിന്റെ അടിസ്ഥാനമെന്നും അതിനുള്ള തയ്യാറെടുപ്പാണ് നാം ചെയ്യേണ്ടതെന്നും സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. വിശുദ്ധ ദീനിന്റെ വളര്‍ച്ചയില്‍ യുവാക്കളുടെ നന്മ വളരെ പ്രധാനമാണെന്നും ജീവിതം നന്മ നിറഞ്ഞ യുവ സമൂഹത്തിന് ഉത്തമമായ പ്രതിഫലമാണ് നാഥന്‍ ഒരുക്കിവെച്ചതെന്നും, മാതൃകയാവാന്‍ പറ്റിയ ജീവിതമാണ് വിശ്വാസിക്ക് വേണ്ടെതെന്നും തങ്ങള്‍ പറഞ്ഞു. ആത്മീയ വെളിച്ചം നല്‍കിയ മഹാരഥന്മാര്‍ നയിച്ചതാണ് സമസ്തയുടെ വളര്‍ച്ചയുടെ കാരണമെന്നും അതിനാല്‍ സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ തീവ്രത കാണിക്കണമെന്നും തങ്ങള്‍ പറഞ്ഞു. ആത്മ വിശുദ്ധിക്ക് ഒന്നിച്ചിരിക്കാം എന്ന പ്രമേയവുമായി എസ് കെ എസ് എസ് എഫ് ഇബാദ് സംസ്ഥാന സമിതി കൊണ്ടോട്ടിയില്‍ വെച്ച് സംഘടിപ്പിച്ച കേരള തസ്‌കിയത്ത് കോണ്‍ഫ്രന്‍സിന് സമാപന സന്ദേശം നല്‍കി പ്രസംഗിക്കുകയായിരുന്നു തങ്ങള്‍.

സൈനുല്‍ ഉലമ ചെറുശ്ശേരി ഉസ്താദിന്റെ പേരിലൊരുക്കിയ ഖത്മുല്‍ ഖുര്‍ആന്‍ സദസ്സോടെ കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം നാലിന് തുടങ്ങി 48 മണിക്കൂര്‍ നീണ്ടുനിന്ന തസ്‌കിയത്ത്‌കോണ്‍ഫ്രന്‍സിന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും, ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി ആയിരത്തിലധികം പ്രതിനിധികള്‍ എത്തിയിരുന്നു. ആത്മീയ മജ് ലിസുകള്‍, മഹാന്മാരുടെ ഉപദേശങ്ങള്‍, കര്‍മങ്ങലിലെ ആസ്വാദനം തുടങ്ങി നിത്യജീവിതത്തിലെ ജീവിതരീതികള്‍ക്കാവശ്യമായ പഠനാര്‍ഹമായ ക്ലാസ്സുകള്‍ക്കും, പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കും സാക്ഷിയായ കോണ്‍ഫ്രന്‍സില്‍ നിന്നും ആത്മീയ വെളിച്ചം നേടിയാണ് പ്രതിനിധികള്‍ പിരിഞ്ഞ് പോയത്.

ശനിയാഴ്ച രാത്രി നടന്ന മജ്‌ലിസുന്നൂര്‍ സദസ്സിന് ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. വിവിധ സെഷനുകളിലായി സമസ്ത കേന്ദ്ര മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, മലപ്പുറം ജില്ല പ്രസിഡണ്ട് സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, ഹമീദ് ഫൈസി അമ്പലക്കടവ്, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ഡോ നാട്ടിക മുഹമ്മദലി, ജലീല്‍ റഹ്മാനി വാണിയന്നൂര്‍, വഹാബ് ഹൈത്തമി ചീക്കോട്, ഷാജഹാന്‍ റഹ്മാനി കംബ്ലാക്കാട്, ശറഫുദ്ധീന്‍ ഹുദവി ആനമങ്ങാട്, ഡോ സാലിം ഫൈസി ഒളവട്ടൂര്‍, ആസിഫ് ദാരിമി പുളിക്കല്‍ എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ :കേരള തസ്‌കിയത്ത് കോണ്‍ഫ്രന്‍സിന് സമാപന സന്ദേശം നല്‍കി ജിഫ്രി മുത്തുക്കോയതങ്ങള്‍ പ്രസംഗിക്കുന്നു.
- Yoonus MP