നീറ്റ്‌ ഡ്രസ്‌ കോഡ്‌ 2018; മതവസ്ത്രങ്ങൾ വിലക്കില്ലെന്ന് SKSSF

കോഴിക്കോട്‌: 2018 മെയ്‌ 6 ന് നടക്കാനിരിക്കുന്ന സി. ബി. എസ്‌. ഇ നീറ്റ്‌ പരീക്ഷയിൽ ഡ്രസ്‌ കോഡ്‌ വേണമെന്ന നിർദ്ദേശം മതവസ്ത്രങ്ങൾക്ക്‌ ബാധകമല്ലെന്ന് സി. ബി. എസ്‌. ഇയിൽ നിന്ന് ഉറപ്പ്‌ ലഭിച്ചതായി എസ്‌. കെ. എസ്‌. എസ്‌. എഫ്‌ ക്യാമ്പസ്‌ വിംഗ്‌. ഡ്രസ്‌ കോഡ്‌ വിവാദ നടപടി, എം. എച്ച്‌. ആർ. ഡിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ, സി. ബി. എസ്‌. ഇ നീറ്റ്‌ ഡെപ്യൂട്ടി സെക്രട്ടറി എസ്‌. ധരിണി അരുൺ നൽകിയ മറുപടിയിലാണ് കസ്റ്റമറി വസ്ത്രങ്ങൾക്ക്‌ വിലക്കേർപ്പെടുത്തില്ലെന്ന് അറിയിച്ചത്‌. റിപ്പോർട്ടിംഗ്‌ സമയത്തിന് ഒരു മണിക്കൂർ നേരത്തെ എത്തുന്ന വിദ്യാർത്ഥികൾക്ക്‌ പരിശോധനക്ക്‌ ശേഷം മതവസ്ത്രങ്ങളോടെ തന്നെ പരീക്ഷ എഴുതാമെന്ന് രേഖാമൂലം ഉറപ്പ്‌ ലഭിച്ചിട്ടുണ്ട്‌. സി. ബി. എസ്‌. ഇ, നീറ്റ്‌ യൂണിറ്റ്‌ പുതുതായി പുറത്തിറക്കിയ ഇൻഫർമേഷൻ ബുള്ളറ്റിനിലെ പതിനൊന്നാം അധ്യായത്തിലും ഈ കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്‌. 
ഈ നിർദ്ദേശം എല്ലാ പരീക്ഷ സെന്റർ അധികൃതരും കർശനമായി പാലിക്കണമെന്നും, പ്രത്യേക വസ്ത്രം ധരിക്കേണ്ട വിദ്യാർത്ഥികൾ പരീക്ഷ ദിവസം 8. 30 ന് മുൻപായി തന്നെ പരീക്ഷാ സെന്ററിൽ എത്താൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും എസ്‌. കെ. എസ്‌. എസ്‌. എഫ്‌ ക്യാമ്പസ്‌ വിംഗ്‌ അറിയിച്ചു. സുരക്ഷ ക്രമീകരണങ്ങളോട്‌ വിയോജിപ്പില്ലെന്നും, എന്നാൽ പരിശോധനയുടെ പേരിൽ വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കരുതെന്നും ക്യാമ്പസ്‌ വിംഗ്‌ പ്രസ്താവിച്ചു. 
- https://www.facebook.com/SKSSFStateCommittee/posts/2057938187797837