കോഴിക്കോട്: വഖഫ് ട്രിബ്യൂണല്‍ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. കേരള സര്‍ക്കാര്‍ 2018 മാര്‍ച്ച് 12ന് പ്രസിദ്ധീകരിച്ച ജി.ഒ.(പി) നമ്പര്‍ 12/2018 ആര്‍.ഡി.നോട്ടിഫിക്കേഷന്‍ പ്രകാരം കോഴിക്കോട് വഖഫ് ട്രിബ്യൂണല്‍ അംഗങ്ങളായി നിയമിക്കപ്പെട്ടവര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ എതിര്‍ചേരിയില്‍ പ്രവര്‍ത്തിക്കുന്നവരും അവരുടെ പോഷക സംഘടനകളുടെ പ്രധാന ഭാരവാഹികളും നിരന്തരമായി വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തി പ്രശ്‌നങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നവരുമാകയാല്‍ പ്രസ്തുത നിയമനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സമസ്ത നേതാക്കള്‍ ആവശ്യപ്പെട്ടു.
9808 മദ്‌റസകള്‍, ഏഴായിരത്തോളം മഹല്ലുകള്‍, മറ്റു നിരവധി സ്ഥാപനങ്ങള്‍ എന്നിവക്ക് നേതൃത്വം നല്‍കിവരുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേരളത്തിലെ ഏറ്റവും വലിയ പണ്ഡിത സഭയാണ്. മുസ്‌ലിം സമുദായത്തിലെ മഹാഭൂരിപക്ഷവും ഈ പണ്ഡിതസഭയെ അംഗീകരിച്ച് ജീവിക്കുന്നവരാണ്. എന്നിരിക്കെ, മുസ്‌ലിം സമുദായത്തിലെ ഒരു ചെറിയ ന്യൂനപക്ഷ വിഭാഗത്തെ മാത്രം പ്രതിനിധീകരിക്കുകയും സമസ്തയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യുന്ന വിഭാഗത്തിന്റെ പ്രതിനിധികളെ മാത്രം വഖഫ് ട്രിബ്യൂണലായി നിയമിക്കുന്ന പക്ഷം നീതി നിഷേധവും പക്ഷപാതപരമായ സമീപനവും ഉണ്ടാവുമെന്നും അത് ദൂരവ്യാപകമായ ഭവിഷ്യത്തുകള്‍ക്ക് ഇടവരുത്തുമെന്നും, ആയതിനാല്‍ പ്രസ്തുത നിയമനം പുനഃപരിശോധിക്കണമെന്നും നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ തീരുമാനങ്ങള്‍ കൈകൊള്ളാന്‍ അനുയോജ്യരായ നിയമ വിദഗ്ദരെ വഖഫ് ട്രിബ്യൂണലായി നിയമിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, സമസ്ത സെക്രട്ടറി പി.പി. ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം, സുന്നി യുവജന സംഘം സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മെമ്പര്‍ എം.സി. മായിന്‍ ഹാജി, സമസ്ത ലീഗല്‍ സെല്‍ ചെയര്‍മാന്‍ പി.എ. ജബ്ബാര്‍ ഹാജി, വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, അഡ്വ: മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവരാണ് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്.
- Samasthalayam Chelari