മണ്‍മറഞ്ഞ മഹാന്മാരെ വിസ്മരിക്കരുത്: അബ്ദുസ്സമദ് സമദാനി

തൃശൂര്‍: രാജ്യത്തിനും സമുദായത്തിനും വേണ്ടി ഒരു പുരുഷായുസ്സ് മുഴുവന്‍ ഉഴിച്ച് വെച്ച മഹാന്മാരായ നേതാക്കളെ മറന്ന് പോകുന്നത് ഏറെ ദുഖകരമാണന്ന് എം പി അബ്ദുസ്സമദ് സമദാനി പറഞ്ഞു. അത്തരം പ്രവണത ഇന്ന് വ്യാപകമായി കൊണ്ടിരിക്കുകയാണ്. അവരെ ഓര്‍ക്കുന്നതിലൂടെയും അവരുടെ മാതൃകകള്‍ പുതുതലമുറ പകര്‍ത്തുന്നതിലൂടെയും മാത്രമേ ലോകജനതയുടെ നിലനില്‍പ്പ് തന്നെ സാധ്യമാകുകയുള്ളൂ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മറ്റി സഘടിപ്പിച്ച നാട്ടിക ഉസ്താദ് അനുസ്മരണവും ദുആ സമ്മേളനവും ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്രമമില്ലാത്ത പോരാളിയായിരുന്നു നാട്ടിക ഉസ്താദ്. പോരാട്ടത്തിന്റെ മധ്യത്തിലാണ് അദ്ദേഹം നമ്മോട് വിട പറഞ്ഞത്. മധുരിക്കുന്ന നര്‍മ്മത്തിലൂടെ വിഷയത്തെ അവതരിപ്പിക്കാനും അനുവാചകരുടെ മനസ്സിലേക്ക് അവ സന്നിവേശിപ്പിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. ശരീഅത്ത് സംരക്ഷണത്തിന് വേണ്ടയുള്ള അക്ഷീണമായ പോരാട്ടമായിരുന്നു നാട്ടിക ഉസ്താദിന്റെ പ്രസക്തിയെ പൂര്‍ണ്ണമായും സമുദായത്തെ ബോധ്യപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ പരിശ്രമം മൂലം ശരീഅത്തിന്റെ ശത്രുക്കള്‍ മാളത്തില്‍ ഒൡക്കുന്ന കാഴ്ചയാണ് നാം കണ്ടത്. ചാട്ടുളി പോലുള്ള അദ്ദേഹത്തിന്റെ വാഗ്‌ധോരണി സമുദായത്തിന് ഏറെ മുതല്‍ക്കൂട്ടായിരുന്നുവെന്നും നേരെത്തെയുള്ള അദ്ദേഹത്തിന്റെ വിടവാങ്ങള്‍ സമുദായത്തിന് ഏറെ നഷ്ടമുണ്ടാക്കിയെന്നും സമദാനി പറഞ്ഞു. അനുസ്മരണത്തോടനുബന്ധിച്ച് ത്വലബാ വിംഗ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ആദര്‍ശ പ്രസംഗ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ക്കുളള ട്രോഫി അബ്ദുസ്സമദ് സമദാനി സമ്മാനിച്ചു. 

എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മെഹ്‌റൂഫ് വാഫി അദ്ധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നടത്തി. എസ് എം എഫ് ജില്ലാ വൈസ് പ്രസിഡന്റ് ടി എസ് മമ്മി സാഹിബ്, എസ് എം എഫ് ജില്ലാ സെക്രട്ടറി ഹംസ ബിന്‍ ജമാല്‍ റംലി, മദ്രസ്സാ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ത്രീസ്റ്റാര്‍ കുഞ്ഞിമുഹമ്മദ് ഹാജി, ജംഇയ്യത്തുല്‍ ഖുത്വബാഅ ജില്ലാ സെക്രട്ടറി ഇസ്മായീല്‍ റഹ്മാനി, സിദ്ധീഖ് ബദ്‌രി, ഷെഹീര്‍ ദേശമംഗലം, സിദ്ദീഖ് ഫൈസി മങ്കര, ഷാഹുല്‍ പഴുന്നാന, തുടങ്ങിയവര്‍ സംസാരിച്ചു. എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറി അഡ്വ: ഹാഫിള് അബൂബക്കര്‍ സിദ്ധീഖ് സ്വാഗതവും ജോയിന്റെ സെക്രട്ടറി അംജദ് ഖാന്‍ നന്ദിയും പറഞ്ഞു. 
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur