ഖുര്‍ആനിലൂടെ

മനുഷ്യ സമൂഹമേ, നിങ്ങളെ നാം ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ് നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമാക്കി തിരിച്ചത്. നിശ്ചയം അള്ളാഹുവിന്‍റെ അടുത്ത് മഹത്വമുള്ളവര്‍ ഭയഭക്തിയുള്ളവര്‍ മാത്രമാണാ (സൂറത്തുല്‍ ഹുജറാത്ത് /13)

ആഗോള മനുഷ്യന്‍റെ ഏകത്വമാണ് വിശുദ്ധ ഖുര്‍ആന്‍ ഈ സൂക്തത്തിലൂടെ ലക്ഷീകരിക്കുന്നത്. ലോകത്തുള്ള മുഴുവന്‍ മനുഷ്യരും മറ്റു അനേകം ജീവികളും സ്രഷ്ടാവായ നാഥന്‍റെ സൃഷ്ടികളാണ്. മനുഷ്യ സമുദായം ഒരേ ആണ്‍പെണ്‍ പിതാവിന്‍റെ സന്താനങ്ങളാണ്. മനുഷ്യപിതാവ് ആദമിന്‍റെയും ഭാര്യ ഹവ്വയുടെയും സന്തതികളായാണ് ഭൂമിയിലഖിലം ഈ കുലം പ്രസരിച്ചത്. അത് തന്നെ ഖുര്‍ആന്‍ പറയുന്നതും. നിങ്ങളെ നാം ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നും പടച്ചിരിക്കുന്നു.
മനുഷ്യര്‍ പരസ്പരം ജാതിയുടെയും മതത്തിന്‍റെയും എന്തിന് വര്‍ണ്ണത്തിന്‍റെ പേരില്‍ വരെ പരസ്പരം കലഹിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന ഇക്കാലത്ത് മാനുഷികത്വത്തിന്‍റെ ഏറ്റവും വലിയ പ്രഖ്യാപനവുമായാണ് ഖുര്‍ആന്‍ കടന്നു വരുന്നത്. മനുഷ്യനെ സംബന്ധിച്ച് വര്‍ണ്ണ, വര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ദൈവഭക്തി വരിച്ചവരാണ് അവന്‍റെയടുക്കല്‍ ഉത്തരമെന്നും ഈ സൂക്തം പഠിപ്പിക്കുന്നു. കാരണം മനുഷ്യകുലത്തെ അവന്‍ സൃഷ്ടിച്ചത് തന്നെ അവനെ അംഗീകരിക്കാനും ആരാധനകള്‍ നിറവേറ്റാനുമാണ്. ഈ ലക്ഷ്യം തിരിച്ചറിയുകയും പടച്ചവനെ ഭയപ്പെടുകയും ചെയ്യുകയെന്നതാണ് സ്ഥാനത്തിന്‍റെ മാനദണ്ഡം. അല്ലാതെ കറുപ്പോ , വെളുപ്പോ, കുലമഹിമയോ അല്ല യഥാര്‍ത്ഥ മഹത്ത്വം തീരുമാനിക്കുന്നത്. അതിനാല്‍ ദൈവ ഭക്തിയും നിഷ്കളങ്കതയും കൈമുതലാക്കി ഇസ്‍ലാമിന്‍റെ രാജപാതയില്‍ മുന്നേറാന്‍ നാം ശ്രമിക്കണം.