തീവ്രവാദ പ്രവണതകള്‍ ആശങ്കാജനകം - എസ്.കെ.എസ്.എസ്.എഫ് : ദുബൈ

ദുബൈ : ഇസ്‍ലാമിനെയും മുസ്‍ലിംകളെയും തെറ്റിദ്ധരിപ്പിക്കുന്ന വിധം കേരളത്തില്‍ ചില മുസ്‍ലിം ചെറുപ്പക്കാര്‍ തീവ്രവാദ പ്രവണതകളിലും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നത് ആശങ്കാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് ദുബൈ മലപ്പുറം ജില്ലാ എസ്.കെ.എസ്.എസ്.എഫ് പ്രസ്താവിച്ചു.

ഏറ്റവും വൈകി കോഴിക്കോട് ഇരട്ട സ്ഫോടന കേസിലും ചില പേരുകള്‍ പുറത്തു വരുന്പോള്‍ സമുദായത്തിന് ദുഷ്പേരുണ്ടാക്കുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. എന്നാല്‍ ഇത്തരം ദുഷ്പ്രവണതകള്‍ വളരെ ഒറ്റപ്പെട്ടതാണെന്നും സമുദായത്തിന്‍റെ പൊതുധാര എന്നും വിധ്വംസക പ്രക്രിയകള്‍ക്കെതിരെയാണെന്ന വസ്തുത അധികൃതരും വാര്‍ത്താ മാധ്യമങ്ങളും വിസ്മരിക്കരുതെന്നും യോഗം വിലയിരുത്തി. തീവ്രവാദ പ്രവര്‍ത്തനങ്ങളെ ദശാബ്ദങ്ങള്‍ക്ക് മുന്പേ തള്ളിപ്പറഞ്ഞ എസ്.കെ.എസ്.എസ്.എഫ് പൊതുസമൂഹത്തിന്‍റെ അംഗീകാരവും പ്രശംസയുമര്‍ഹിക്കുന്നുവെന്നും സംഘടന മേല്‍ രംഗത്ത് കൂടുതല്‍ കര്‍മ്മസജ്ജമാവേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.

വിശുദ്ധ റമളാനോടനുബന്ധിച്ച് റമളാനു മുന്പും റമളാനിലും ഉദ്ബോധന സദസ്സുകളും ആത്മീയ പഠന സംസ്കരണ വേദികളും സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. സംഘടനാ ചലനങ്ങളും പ്രസ്ഥാനിക സ്പന്ദനങ്ങളും നേരിലറിയാന്‍ www.skssfnews.blogspot.com എന്ന ബ്ലോഗ് സൗകര്യപ്രദമാണെന്നും യോഗം അറിയിച്ചു.

അബ്ദുല്‍കരീം എടപ്പാള്‍ അധ്യക്ഷത വഹിച്ച യോഗം ഹംസ മൗലവി പോത്തന്നൂര്‍ ഉദ്ഘാടനം ചെയ്തു. ഹക്കീം ഫൈസി, അലവിക്കുട്ടി ഹുദവി, നുഅ്മാന്‍ എം.വി., സാദിഖ് ഇ.എം., ഹാറൂന്‍‍ റഫീഖ്, ഇസ്ഹാഖ് കുന്നക്കാവ്, വി.കെ.എ. റശീദ് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ത്വയ്യിബ് ഹുദവി സ്വാഗതവും ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഉബൈദ് റഹ്‍മാനി നന്ദിയും പറഞ്ഞു.