സമസ്തയുടെ കീഴ്ഘടകങ്ങള്‍





1). സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ്

മുസ്‍ലിം കേരളം മതവിദ്യാഭ്യാസ രംഗത്ത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന ഉന്നത നിലവാരം പുലര്‍ത്തുന്നുവെങ്കില്‍ അന്യദൃശ്യമായ ആ മികവിനു പിന്നിലെ സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ പങ്ക് അനിഷേധ്യവും സുവ്യക്തവുമാണ്. തീര്‍ത്തും വ്യവസ്ഥാപിതവും ശാസ്ത്രീയവും സൃഷ്ടിപരവുമായ ഒരു രീതിശാസ്ത്രവും ചട്ടക്കൂടും മതവിദ്യാഭ്യാസ സന്പ്രദായത്തിന് ആവിഷ്കരിച്ച സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അവ നടപ്പിലാക്കുന്നതിലും നിഷ്കര്‍ഷയും കണിശതയും പ്രകടിപ്പിച്ചതോടെ വൈജ്ഞാനിക മേഖലയില്‍ അന്യപ്രദേശങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം കുതിച്ചു. 1945 ല്‍ കാര്യവട്ടത്ത് ചേര്‍ന്ന സമസ്തയുടെ പതിനാറാം സമ്മേളനത്തില്‍ മദ്റസ സന്പ്രദായത്തെ കുറിച്ച് നടന്ന ചര്‍ച്ചകളാണ് സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ രൂപീകരണത്തിന്‍റെ പ്രാരംഭദശ . എന്നാല്‍ 1651 ല്‍ വടകരയില്‍ നടന്ന പത്തൊന്പതാം സമ്മേളനത്തിലാണ് പ്രസ്തുത ലക്ഷ്യം സാര്‍ത്ഥകമായത്. മൌലാനാ പറവണ്ണ മുഹ്‍യദ്ദീന്‍കുട്ടി മുസ്‍ലിയാര്‍ പ്രസിഡന്‍റും കെ.പി. ഉസ്മാന്‍ സാഹിബ് സെക്രട്ടറിയുമായി 33 അംഗങ്ങളടങ്ങിയ ബോര്‍ഡ് നിലവില്‍ വന്നു. മതവിദ്യാഭ്യാസം കലാലയങ്ങളില്‍ നിയമം മൂലം നിരോധിക്കപ്പെട്ട ഒരു നിര്‍ണ്ണായക വേളയിലാണ് ബോര്‍ഡിന്‍റെ രൂപീകരണം. എന്നിരുന്നാലും മദ്റസകള്‍ നാടുനീളെ സ്ഥാപിക്കുക, ഏകീകൃത പാഠ്യപദ്ധതി അവയിലൊക്കെയും നടപ്പിലാക്കുക തുടങ്ങിയ ശ്രമകരമായ ദൗത്യങ്ങള്‍ നമ്മുടെ നേതാക്കള്‍ ഫലപ്രദമായി തന്നെ ലക്ഷ്യപ്രാപ്തിയിലെത്തിച്ചു.

(1). അഹ്‍ലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ ആശയാദര്‍ശങ്ങളും ആചാരാനുഷ്ഠാനങ്ങളും അതിന്‍റെ തനിമയും തന്മയത്വവും ചോര്‍ന്നുപോകാതെ മദ്റസകളിലൂടെ പകര്‍ന്നു നല്‍കുക. (2). എല്ലാ മതകലാലയങ്ങളെയും പരസ്പരബന്ധിതമായ രീതിയില്‍ സംഘടിപ്പിക്കുക. (3). ആവശ്യമായ പാഠ്യപദ്ധതിയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അവര്‍ക്ക് നല്‍കുക. (4). അവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും പ്രവര്‍ത്തനത്തിനനുസൃതമായി അംഗീകാരപത്രം നല്‍കുക. എന്നിങ്ങനെയുള്ള നിരവധി ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഇതിനകം വിജയപ്രദമായി തന്നെ ബോര്‍ഡ് സാക്ഷാത്കരിച്ചു കഴിഞ്ഞു. നൂതനവും നവീനവുമായ നടപടിക്രമങ്ങളിലൂടെ ഭൗതിക വിദ്യാഭ്യാസത്തിന്‍റെ കുത്തൊഴുക്കിലും അതുമായി പൊരുത്തപ്പെട്ടു പോകാവുന്ന വിധത്തില്‍ മദ്റസാ സന്പ്രദായത്തെ പരുവപ്പെടുത്തിയെടുക്കാന്‍ സാധിച്ചെന്നതും ബോര്‍ഡിന്‍റെ ചരിത്രത്തിലെ പൊന്‍തൂവലാണ്.

തദ്ദേശീയമായ പ്രവര്‍്തനങ്ങള്‍ക്കു പുറമെ കേരളീയര്‍ അധിവസിക്കുന്ന വിദേശരാജ്യങ്ങള്‍ , മഹാരാഷ്ട്ര, കര്‍ണ്ണാടക, തമിഴ്നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ് സമൂഹങ്ങള്‍ , അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും ബോര്‍ഡിന്‍റെ അംഗീകാരത്തിനു കീഴില്‍ മദ്റസകള്‍ പ്രവര്‍ത്തിച്ചു വരുന്നു. 8825 മദ്റസകള്‍ ഇപ്പോള്‍ ബോര്‍ഡിന്‍റെ നിര്‍ദ്ദേശോപദേശത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നതു തന്നെ അത് ചെലുത്തിയ സ്വാധീനത്തിന്‍റെ അളവായി കണക്കാക്കാം.

പരീക്ഷാ രംഗത്തും ബോര്‍ഡ് വ്യത്യസ്തവും ഭിന്നവുമായൊരു ചുവടുവെപ്പാണ് നടത്തിയത്. 5, 7, 10 ക്ലാസ്സുകള്‍ക്കായി കേന്ദ്രീകൃതമായ ചോദ്യാവലിയും മൂല്യനിര്‍ണ്ണയ രീതിയുമാണ് ഇപ്പോള്‍ തുടര്‍ന്നുപോരുന്നത്. വസ്തുതാപരവും കാര്യക്ഷമവുമായ രീതിയിലുള്ള ഈ സന്പ്രദായം അധിക്ഷേപങ്ങള്‍ക്കോ ആക്ഷേപങ്ങള്‍ക്കോ ഇടനല്‍കാതെ സ്തുത്യര്‍ഹമായ രീതിയില്‍ നടന്നുവരുന്നു. പൊതുപരീക്ഷയില്‍ ഉന്നത വിജയം കരഗതമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനമെന്നോണം അവാര്‍ഡുകള്‍ ബോര്‍ഡ് നല്‍കിവരുന്നു. പരീക്ഷാ നടത്തിപ്പും മൂല്യനിര്‍ണ്ണയവും ഫലപ്രഖ്യാപനവുമെല്ലാം തികച്ചും സമയനിഷ്ഠവും സുതാര്യവും കര്‍ക്കശവുമാക്കി നടപ്പാക്കുന്നതിലൂടെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു വരെ മാതൃകയാവാന്‍ ബോര്‍ഡിനു കഴിഞ്ഞിട്ടുണ്ട്.

മത വിദ്യാഭ്യാസത്തിനു പുറമെ ലൗകിക വിദ്യാഭ്യാസ മേഖലയിലും ബോര്‍ഡ് അതിന്‍റെ സാന്നിധ്യം ഉറപ്പു വരുത്തിയിട്ടുണ്ട്. മത ഭൗതിക മേഖലകള്‍ക്കിടയിലെ സമസന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ടാണ് ഈ നേട്ടം കൈവരിച്ചതെന്ന് പ്രത്യേകം എടുത്തുപറയേണ്ടതാണ്. മലപ്പുറം ജില്ലയിലെ വെളിമുക്കില്‍ പ്രവര്‍ത്തിക്കുന്ന ക്രസന്‍റ് ബോര്‍ഡിന്‍റെ മദ്റസ ഇതിന്നുദാഹരണമാണ്. മദ്റസക്കു പുറമെ ഹയര്‍സെക്കന്‍ററി സ്കൂളുകളും ഇംഗ്ലീഷ് മീഡിയം സ്കൂളുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. വരക്കല്‍ ക്രസന്‍റ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ , പെരിന്തല്‍മണ്ണ എം.ഇ.എ. എഞ്ചിനീയറിംഗ് കോളെജ് എന്നിവയും ബോര്‍ഡിന്‍റെ കീഴില്‍ നടത്തപ്പെടുന്ന ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.

പ്രവര്‍ത്തന വീഥിയില്‍ അരനൂറ്റാണ്ട് പിന്നിട്ട ബോര്‍ഡ് അതിന്‍റെ സ്തുത്യര്‍ഹമായ സന്നദ്ധ സേവനങ്ങള്‍ കൊണ്ടും കര്‍മ്മനിരതമായ വൈജ്ഞാനിക സപര്യകൊണ്ടും മുസ്‍ലിം കൈരളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു.

(2). സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍

മദ്റസാദ്ധ്യാപകരുടെ സേവന രംഗം പ്രവര്‍ത്തനക്ഷമമാക്കാനും മദ്റസാദ്ധ്യാപനത്തിലെ അപാകതകളും പാകപ്പിഴകളും പരിഹരിക്കാനും വേണ്ടി ഊര്‍ജ്ജിത ശ്രമങ്ങളുടെ ഫലമായാണ് 1957 ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നിലവില്‍ വന്നത്. 385 റെയ്ഞ്ചുതല ഘടകങ്ങള്‍ ഇപ്പോള്‍ ഇതിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു. മദ്റസാ ക്ലാസുകളിലെ പാദ അര്‍ദ്ധ വാര്‍ഷിക പരീക്ഷകളും (5, 7, 10 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകളൊഴികെ) പ്രസ്തുത സംഘം നടത്തി വരുന്നു. മുഅല്ലിം ക്ഷേമനിധി, മുഅല്ലിം നിക്ഷേപ പദ്ധതി, മുഅല്ലിം പെന്‍ഷന്‍ പദ്ധതി തുടങ്ങി മദ്റസാദ്ധ്യാപകര്‍ക്ക് പ്രയോജനപ്രദമായ പല പദ്ധതികളും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നടപ്പാക്കി വരുന്നു. പതിനാല് തരം സര്‍വ്വീസ് ആനുകൂല്യങ്ങളും ആറ് തരം ക്ഷേമനിധി ആനുകൂല്യങ്ങളുമാണ് ഈ വിഭാഗത്തില്‍ പെട്ടത്. അല്‍മുഅല്ലിം, സന്തുഷ്ട കുടുംബം, കുരുന്നുകള്‍ എന്നീ പ്രസിദ്ധീകരണങ്ങള്‍ സെന്‍ട്രല്‍ കൗണ്‍സിലിന്‍റെ കീഴില്‍ എല്ലാ മാസവും പുറത്തിറങ്ങുന്നു. പ്രാപ്തരും പരിശീലനം നേടിയവരുമായ മുഅല്ലിം സമൂഹത്തെ സൃഷ്ടിച്ചെടുക്കാന്‍ മുഅല്ലിം ട്രൈനിംഗ് സെന്‍ററും , മുസ്‍ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് പരിപൂര്‍ണ്ണ ചിട്ടയോടെ മത ഭൗതിക വിദ്യാഭ്യാസം നല്‍കുന്നതിന് വനിതാ ശരീഅത്ത് കോളേജും കൗണ്‍സിലിനു കീഴില്‍ പ്രവര്‍ത്തിക്കുന്നു. മഹനീയമായൊരു സമുദായ സേവനമാണ് കേരളത്തിലുടനീളമുള്ള മദ്റസാദ്ധ്യാപകര്‍ നിര്‍വ്വഹിക്കുന്നത്. പ്രാരാബ്ധങ്ങളും.

കടുത്ത ജീവിത സാഹചര്യങ്ങളും കാരണം അവശതയനുഭവിക്കുന്ന അവരുടെ പ്രയാസങ്ങളും പരിദേവനങ്ങളുമൊപ്പാന്‍ വേണ്ടി അവരില്‍ നിന്നും അര്‍ഹരായവര്‍ക്ക് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സേവന ആനുകൂല്യങ്ങള്‍ നല്‍കി വരുന്നു. ഈയിനത്തില്‍ സമുദായ സ്നേഹികളുടെ സാന്പത്തികവും ശാരീരികവുമായുള്ള വിശാല മനസ്കത ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. ഇതിനു പുറമെ റെയ്ഞ്ചുകളില്‍ നടത്തപ്പെടുന്ന മോഡല്‍ ക്ലാസ്, സ്പെഷ്യല്‍ മാതൃകാ ക്ലാസ്, ലിഖിത പരിജ്ഞാന കോഴ്സ്, ഇന്‍സര്‍വ്വീസ് കോഴ്സ് തുടങ്ങിയവക്കും, റെയ്ഞ്ച് ജില്ലാ സംരംഭങ്ങള്‍ക്കും നിശ്ചിത തുക ഗ്രാന്‍റായും അലവന്‍സായും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നല്‍കുന്നു. വര്‍ഷങ്ങളോളം സേവനനിരതരായ മുഅല്ലിംകള്‍ക്കുള്ള പുരസ്കാരങ്ങള്‍ , സേവനത്തില്‍ നിന്നും വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍ തുടങ്ങിയവയും മദ്റസാ അദ്ധ്യാപകന്മാരുടെ ഉന്നമനത്തിനായി സെന്‍ട്രല്‍ കൗണ്‍സില്‍ നടപ്പാക്കിയ സംരംഭങ്ങളില്‍ പെടുന്നു. മദ്റസാ വിദ്യാര്‍ത്ഥികളുടെ നാനോന്മുഖമായ പുരോഗതികള്‍ക്കു വേണ്ടി രൂപീകൃതമായ സമസ്ത കേരള സുന്നി ബാല വേദിക്ക് രൂപം നല്‍കിയതും അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും കൗണ്‍സില്‍ ആണ്.

(3). സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍

സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ ജീവനാഡികളാണ് മുഫത്തിശുമാര്‍. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമായി അങ്ങോളമിങ്ങോളമുള്ള മദ്റസകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന വിദ്യാഭ്യാസ ബോര്‍ഡിനെ കൂടുതല്‍ ജീവസുറ്റതാക്കാന്‍ മുഫത്തിശുമാരുടെ സാന്നിധ്യം കൂടിയേ തീരൂ. അംഗീകൃത മദ്റസകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചപ്പോള്‍ ബോര്‍ഡും മദ്റസകളും തമ്മിലുള്ള ആശയവിനിമയം പൂര്‍വ്വോപരി ക്രിയാത്മകമാക്കാന്‍ മുഫത്തിശുമാരെ നിയോഗിക്കാമെന്ന് ധാരണയാകുകയും, അതിന്‍റെ അടിസ്ഥാനത്തില്‍ 1953ല്‍ പയ്യോളി സി.കെ. അബ്ദുല്ല മുസ്‍ലിയാര്‍ ബാഖവിയും, 1956ല്‍ ഹാജി. കെ. അബ്ദുല്ല മുസ്‍ലിയാര്‍ ബാഖവിയും, 1957ല്‍ ആനക്കര കുഞ്ഞഹമദ് മുസ്‍ലിയാരും പ്രഥമ ഘട്ടത്തിലെ മുഫത്തിശുമാരായി നിയുക്തരായി.

ബോര്‍ഡ് നല്‍കുന്ന നിയമ നിര്‍ദ്ദേശങ്ങള്‍ യഥാവിധി മദ്റസകളിലെത്തിക്കുക, മദ്റസകളുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായും നിരീക്ഷിക്കുക, പഠന നിലവാരം ഉറപ്പുവരുത്താന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക എന്നിങ്ങനെയുള്ള മഹത്തായ ബാധ്യതകളാണ് മുഫത്തിശുമാരില്‍ അര്‍പ്പിതമായിട്ടുള്ളത്. മദ്റസകളുടെ സ്ഥാപിത ലക്ഷ്യങ്ങളെന്തൊക്കെയാണോ അതിനെ ഭംഗിയായി നിര്‍വ്വഹിക്കുകയെന്ന ഉത്തരവാദിത്വം മുഫത്തിശുമാര്‍ നിറവേറ്റുന്നു. ഇതോടൊപ്പം പരിശുദ്ധ ഖുര്‍ആന്‍ പാരായണം മെച്ചപ്പെടുത്താന്‍ വേണ്ടി ഹിസ്ബ് ക്ലാസുകള്‍ നടത്താന്‍ നിയുക്തരായ ഖാരിഉകളും, പ്രചാരകരായ മുബല്ലിഗുമാരും ഇവരിലുള്‍പ്പെടുന്നു. രണ്ട് പ്രാദേശിക മുഫത്തിശുമാര്‍ക്കാണ് ഇവരുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം.

മുഫത്തിശ്, ട്യൂട്ടര്‍ , ഖാരിഅ് , മുബല്ലിഗ് എന്നിങ്ങനെയുള്ളവര്‍ ഉള്‍ക്കൊള്ളുന്ന ഇവര്‍ക്കു വേണ്ടിയും വിവിധയിനത്തിലുള്ള ക്ഷേമനിധികളും പദ്ധതികളും നടപ്പില്‍ വരുത്തുകയും അതെല്ലാം സ്തുത്യര്‍ഹമായ രീതിയില്‍ നടന്നു വരികയും ചെയ്യുന്നു.

(4). സുന്നി യുവജന സംഘം

സമസ്തയുടെ പ്രവര്‍ത്തനങ്ങളെയും സംരംഭങ്ങളെയും ബഹുജനങ്ങള്‍ക്കിടയില്‍ പരിചയപ്പെടുത്തുന്നതിനും അതിനെ ജനകീയമാക്കുന്നതിനും വേണ്ടി 1954ല്‍ താനൂര്‍ സമ്മേളനത്തില്‍ രൂപീകരിക്കപ്പെട്ട യുവജന കൂട്ടായ്മയാണ് സുന്നി യുവജന സംഘം. തുടക്കത്തില്‍ അതിനെ ഒരു കീഴ്ഘടകമായി നിര്‍ണ്ണയിക്കപ്പെട്ടില്ലായിരുന്നുവെങ്കിലും ഏഴു വര്‍ഷത്തെ അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ ഒരു കീഴ്ഘടകമായി അംഗീകാരം നല്‍കുകയുണ്ടായി.

(5). എസ്.കെ.എസ്.എസ്.എഫ്.

നാളെയുടെ മോഹനവാഗ്ദാനങ്ങളും ഭാവിയുടെ നേതാക്കളും ജേതാക്കളുമാണ് വിദ്യാര്‍ത്ഥി സമൂഹം. സമൂഹത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ണ്ണയിക്കാനുള്ളത് നിര്‍ണ്ണായകവും അതിപ്രധാനവുമായ ഭാഗധേയവും ഉത്തരവാദിത്വവുമാണ്. മത ഭൗതിക വിദ്യാഭ്യാസം തുല്യരീതിയില്‍ ആര്‍ജ്ജിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രത്യേകിച്ചും ഈ ദൗത്യം ക്രിയാത്മകമായി നിറവേറ്റാന്‍ കഴിയുന്നത്. അവര്‍ക്ക് സംഘടിതമായ കൂട്ടായ്മ രൂപീകരിക്കപ്പെടുന്നതിലൂടെ അവര്‍ ഇഷ്ടപ്പെടുന്ന മേഖലകള്‍ കൂടുതല്‍ വിപുലമാവുമെന്നും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാവുമെന്നും മനസ്സിലാക്കിയ സമസ്തയുടെ സമുന്നതരായ നേതാക്കള്‍ 1989 ല്‍ എസ്.കെ.എസ്.എസ്.എഫിന് രൂപീകരണം നല്‍കി.

ഒരു വിദ്യാര്‍ത്ഥി സംഘടനയെന്ന നിലയില്‍ എസ്.കെ.എസ്.എസ്.എഫ് ഇക്കാലയളവില്‍ സ്തുത്യര്‍ഹമായ പല സേവനങ്ങള്‍ക്കും കാര്‍മ്മികത്വം വഹിച്ചിട്ടുണ്ട്. അറബിക് വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ ജല്‍പ്പനങ്ങളും വക്രീകരിക്കപ്പെട്ട വസ്തുതകളും ഇടം പിടിച്ചപ്പോള്‍ അതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ എസ്.കെ.എസ്.എസ്.എഫിന്‍റെ ഭാഗത്തു നിന്നുമുണ്ടായി. അഹ്‍ലുസ്സുന്നയുടെ ആശയാദര്‍ശങ്ങള്‍ക്ക് തികച്ചും കടകവിരുദ്ധവും അബദ്ധജടിലവും തെറ്റിദ്ധാരണാജനകവുമായ ഒട്ടേറെ പരാമര്‍ശങ്ങള്‍ക്കുമെതിരെയും എസ്.കെ.എസ്.എസ്.എഫ് തുറന്നടിച്ചു.

വിദ്യാഭ്യാസ പരമായ പ്രശ്നങ്ങളാകട്ടെ, സാമൂഹിക പ്രതിബദ്ധതയുള്ള പ്രശ്നങ്ങളാകട്ടെ ഏതിലും എസ്.കെ.എസ്.എസ്.എഫ് ക്രിയാത്മകവും സൃഷ്ടിപരവുമായി തന്നെ ഇടപെട്ടുപോന്നു. പ്രകോപനപരവും ഹിംസാത്മകവുമായ പ്രതിഷേധ പരിപാടികളുടെ സ്ഥാനത്ത് സമാധാനപരവും ശാന്തിദായകവുമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് അഭികാമ്യവും കരണീയവുമെന്ന് മനസ്സിലാക്കിയ എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ അതിലൂടെ സാമുദായിക ഭദ്രത ഉറപ്പാക്കി അവരുടെ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നില്ലെന്ന് തീര്‍ച്ചയാക്കി.

വിദ്യാര്‍ത്ഥി സംഘടന ഇടപെടുന്ന മണ്ഡലങ്ങളും മേഖലകളും ഇന്ന് അനുസരണക്കേടിന്‍റെയും അച്ചടക്കരാഹിത്യത്തിന്‍റെയും അസമാധാനത്തിന്‍റെയും രംഗവേദിയായി മാറിക്കൊണ്ടിരിക്കുന്നുവെന്ന പശ്ചാത്തലത്തില്‍ വ്യത്യസ്തമായൊരു പ്രവര്‍ത്തന മേഖല തെരെഞ്ഞെടുത്ത എസ്.കെ.എസ്.എസ്.എഫ് അതിന്‍റെ പ്രവര്‍ത്തനപഥത്തില്‍ പുതുമയാര്‍ന്ന രജതരേഖകള്‍ തീര്‍ത്തുകൊണ്ടാണ് മുന്നേറുന്നത്. 1998 ല്‍ നീളാനദിക്കരയിലെ വാദീനൂര്‍ ല്‍ നടന്ന ദശവാര്‍ഷിക മഹാ സമ്മേളനം എസ്.കെ.എസ്.എസ്.എഫിന്‍റെ സംഘചരിത്രത്തില്‍ ശ്രദ്ധേയവും വ്യത്യസ്തവുമായ ഒരനുഭവം പകര്‍ന്നു നല്‍കി. സമസ്തയുടെയും അതിന്‍റെ പോഷക സംഘടനകളുടെയും സ്വാധീനവും ആധിപത്യവും അരക്കിട്ടുറപ്പിക്കുന്ന വിധമുള്ളതായിരുന്നു ഈ സമ്മേളനമെന്നത് നിസ്കര്‍ക്കതമായ ഒരു വസ്തുത തന്നെയാണ്. സത്യധാര ദ്വൈവാരികയാണ് സംഘത്തിന്‍റെ മുഖപത്രം.