സമസ്ത

കേരള സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 24.7 ശതമാനം വരുന്ന കേരള മുസ്‍ലിംകള്‍ക്ക് തങ്ങളെ ഇന്ത്യയിലെ ഇതര മുസ്‍ലിം സമാജങ്ങളില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്ന ഒട്ടേറെ സവിശേഷതകളും പ്രത്യേകതകളും ഉണ്ട്. ഉത്തരേന്ത്യയെ അപേക്ഷിച്ച് വളരെ നേരത്തെ തന്നെ ഇസ്‍ലാമിന്‍റെ പ്രകാശം എത്തിയത് ദക്ഷിണേന്ത്യയിലാണ്. അറബ് കച്ചവടക്കാരും മതപ്രബോധകരും ജീവിത വിശുദ്ധിയും സ്വഭാവ മഹിമയും കൈമുതലാക്കി കേരളത്തില്‍ മതപ്രചരണം നടത്തുകയുണ്ടായി. അറേബ്യന്‍ ഇസ്‍ലാമുമായുള്ള ബന്ധവും ഇന്ത്യോ പേര്‍ഷ്യന്‍ ഇസ്‍ലാമുമായുള്ള അകല്‍ച്ചയും ഇതര സ്റ്റേറ്റുകളിലെ മുസ്‍ലിംകളില്‍ നിന്നും കേരളീയ മുസ്‍ലിംകളെ വ്യതിരിക്തരാക്കുന്നു. കേരളത്തിലെ മുസ്‍ലിംകള്‍ ശാഫിഈ മദ്ഹബ് ആണ് പിന്തുടര്‍ന്ന് പോരുന്നത് എന്നത് ഇതിന്‍റെ നിദര്‍ശനമാണ്.

ഉത്തരേന്ത്യന്‍ മുസ്‍ലിംകളെ പോലെ അവര്‍ ഒരിക്കലും ഭരണം നടത്തിയിട്ടില്ല. പ്രത്യുത സ്വയം പര്യാപ്തരായ കച്ചവടക്കാരും മത്സത്തൊഴിലാളികളും കര്‍ഷകരുമൊക്കെയായി കാലാകാലങ്ങളില്‍ അവര്‍ ജീവിച്ചു പോന്നു.

മുസ്‍ലിംകളെ അമുസ്‍ലിംകളില്‍ നിന്നും മാറ്റി നിര്‍ത്താനുതകുന്ന ഭാഷാപരമായ പ്രതിസന്ധികളും കേരളത്തിലുണ്ടായിരുന്നില്ല. എല്ലാ കേരളീയരും സംസാരിക്കുന്നത് ദ്രാവിഡ ഭാഷയായ മലയാളമാണ് എന്നതും കേരള മുസ്‍ലിംകള്‍ ഒരിക്കലും മാതൃഭാഷയായി ഉറുദു ഉപയോഗിക്കുകയുണ്ടായില്ല എന്നതും തന്നെ കാരണം. എല്ലാത്തിനുമുപരി കേരള മുസ്‍ലിംകള്‍ ബഹുമുഖമായൊരു മതനേതൃത്വം കൊണ്ട് അനുഗ്രഹീതമായിരുന്നുവെന്നത് സവിശേഷ പ്രധാനമര്‍ഹിക്കുന്ന കാര്യമാണ്. വിശ്രുതരായ സാദാത്തുക്കളും മഹാരഥന്മാരായ മതപണ്ഡിത വരേണ്യരും സ്വാത്വികരായിരുന്ന മഹല്‍വ്യക്തിത്വങ്ങളുമെല്ലാം ഒരുമിച്ച് പ്രയാസങ്ങള്‍ക്കും വറുതികള്‍ക്കും മദ്ധ്യേ പോയ നൂറ്റാണ്ടുകളുടെ നീളം കേരള മുസ്‍ലിംകള്‍ക്ക് ശക്തമായ നേതൃത്വം നല്‍കുകയുണ്ടായി. ലോകത്തുടനീളം ഇസ്‍ലാമിന് പലതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ രൂപം കൊണ്ടെങ്കിലും ഇരുപതാം നൂറ്റാണ്ടിനു മുന്പ് ആദര്‍ശപരമായ വ്യതിയാനങ്ങളും വിയോജിപ്പുകളും കേരള മുസ്‍ലിംകള്‍ക്കിടയില്‍ തുലോം വിരളമായേ ഉടലെടുത്തിട്ടുണ്ടായിരുന്നുള്ളൂ. മതവിശ്വാസികള്‍ക്കെതിരെയുള്ള എല്ലാ അതിക്രമങ്ങളെയും ചെറുത്തു തോല്‍പ്പിക്കാന്‍ ഇവിടത്തെ മതനേതൃത്വം പ്രത്യേകം ശ്രദ്ധിച്ചതുകൊണ്ടായിരുന്നു ഇങ്ങനെ സംഭവിച്ചത്. പുതിയ കാലത്തിനനുസൃതമായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഇസ്‍ലാമിക വിജ്ഞാനം പകര്‍ന്നു നല്‍കുന്നതിനായി ഈ അദ്ധ്യാത്മിക നേതൃത്വം നാനോന്മുഖമായ വിദ്യാഭ്യാസ രീതികള്‍ തന്നെ ആവിഷ്കരിച്ചുവെന്നത് വളരെ ശ്രദ്ധേയമാണ്.

മതരംഗത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ഓത്തുപള്ളികളും, ഉന്നത വിദ്യാഭ്യാസത്തിനായി ദര്‍സുകളും പൊതു വിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ട് വഅള് പരിപാടികളും പ്രഭാഷണ സദസ്സുകളും കേരളത്തില്‍ നിലവിലുണ്ടായിരുന്നു. ഈ സംരംഭങ്ങള്‍ക്കെല്ലാം തന്നെ അവയുടേതായ നേട്ടങ്ങളുണ്ടായിരുന്നുവെങ്കിലും പല പരിമിതികളും ഉണ്ടായിരുന്നുവെന്നതും ഇവിടെ ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ഇരുപതാം നൂറ്റാണ്ടിന്‍റെ പിറവിയോടെ ജീവിതത്തിന്‍റെ എല്ലാ തുറകളിലും ആധുനിക പാശ്ചാത്യ സംസ്കാര രീതികള്‍ കടന്നുകയറ്റം നടത്തിയപ്പോള്‍ മറ്റേതു സമുദായങ്ങളേയുമെന്ന പോലെ കേരള മുസ്‍ലിംകള്‍ക്കിടയിലും മാറ്റത്തിന്‍റെ കൊടുങ്കാറ്റുകള്‍ ആഞ്ഞടിക്കുകയുണ്ടായി. സര്‍വ്വ മേഖലകളിലും മുസ്‍ലിംകളുടെ പരിതസ്ഥിതി ദയനീയവും ശോചനീയവുമാക്കിത്തീര്‍ത്ത, ഏതാണ്ട് നാല് ശതകങ്ങളോളം അധിനിവേശ ശക്തികള്‍ മുസ്‍ലിംകള്‍ക്കെതിരെ അഴിച്ചു വിട്ട ക്രൂരതകളുടെയും അതിക്രമങ്ങളുടെയും പരിണതിയായുണ്ടായ 1921 ലെ ദുരന്തപൂര്‍ണ്ണമായ സംഭവ വികാസങ്ങള്‍ ആധുനികവല്‍ക്കരണ പ്രവണതകള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുകയാണ് ചെയ്തത്.

ഈ സ്ഥിതി വിശേഷങ്ങള്‍ വ്യത്യസ്തമായ മൂന്ന് പ്രതികരണങ്ങളാണ് കേരള മുസ്‍ലിംകളില്‍ ഉളവാക്കിയത്. സമൂഹത്തിലെ ഒരുപറ്റം വിശിഷ്യാ ചില വരേണ്യ വിഭാഗക്കാരും കുറേ പ്രഖ്യാപിത ബുദ്ധിജീവികളും മതത്തെ പിന്നോക്കാവസ്ഥയുടെ സ്രോതസ്സായി മുദ്രകുത്തി, മതവിരോധികളായി മാറാനും ആധുനികതയേയും പാശ്ചാത്യ സംസ്കാരത്തെയും സന്പൂര്‍ണ്ണമായി വേള്‍ക്കാനും ധൈര്യം കാണിച്ചു. രണ്ടാമതൊരു പ്രതികരണമുണ്ടായത് വഹാബിസം പോലുള്ള ഇസ്‍ലാമിലെ പുത്തന്‍ പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടരായ ആധുനിക വിദ്യാഭ്യാസം നേടിയ ചില വ്യക്തികളില്‍ നിന്നും മതവിദ്യാഭ്യാസം സ്വീകരിച്ച മറ്റു ചില ആളുകളില്‍ നിന്നുമാണ്. പാരന്പര്യത്തെ തീര്‍ത്തും നിരാകരിക്കുകയും നൂറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു പോരുന്ന മതനേതൃത്വത്തെയും ഭൂരിപക്ഷം വരുന്ന അവരുടെ അനുയായികളെയും ഇസ്‍ലാമിക വിരുദ്ധരായി ചിത്രീകരിക്കുകയും പ്രമാണങ്ങള്‍ക്ക് വിരുദ്ധമായി മതത്തെ ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്ത ഇക്കൂട്ടരാകട്ടെ പരിഷ്കൃത ഇസ്‍ലാമിന് വേണ്ടി മുറവിളി കൂട്ടി. മാത്രവുമല്ല, മതത്തിന്‍റെ ആധികാരിക വ്യാഖ്യാനങ്ങളെ ഇവര്‍ തിരസ്കരിക്കുകയും തലമുറകളായി സത്യസന്ധമായി കൈമാറ്റം ചെയ്യപ്പെട്ടു പോന്ന മിക്ക വിജ്ഞാനീയങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.

സാദാത്തുക്കളും പണ്ഡിതന്മാരും സൂഫിവര്യന്മാരും അടങ്ങുന്ന ആത്മീയ നേതൃത്ത്വത്തിന്‍റെ ഭാഗത്തു നിന്നാണ് മൂന്നാമതൊരു പ്രതികരണമുണ്ടായത്. ഒരുഭാഗത്ത് മുസ്‍ലിം സമുദായത്തെ പാശ്ചാത്യ അനിസ്‍ലാമിക സംസ്കാരത്തിന്‍റെ അധിനിവേശത്തില്‍ നിന്നും പരിരക്ഷിച്ചു നിര്‍ത്തേണ്ട ബാധ്യതയുണ്ടായിരുന്ന ഈ മഹാരഥന്മാര്‍ക്ക് മറുഭാഗത്ത് പരിഷ്കൃത നവോത്ഥാന പ്രസ്ഥാനക്കാരാല്‍ പാരന്പര്യ ഇസ്‍ലാം കൈമോശം വന്നുപോകുന്നതിനെയും ചെറുക്കേണ്ടതുണ്ടായിരുന്നു. ഈ രണ്ടു വെല്ലുവിളികളെയും ഒരേ സമയം തരണം ചെയ്യുന്നതിനായി കേരളത്തിലെ ആധ്യാത്മിക പണ്ഡിത നേതൃത്വം ഇസ്‍ലാമിക വിദ്യാഭ്യാസം പുനരുജ്ജീവിപ്പിക്കുന്നതിനെ കുറിച്ചും മഹത്തായ പാരന്പര്യ വിജ്ഞാനങ്ങളെ പ്രസരിപ്പിക്കുന്നതിനെ കുറിച്ചും സാന്പ്രദായിക ആചാരാനു,ഷ്ഠാനങ്ങളെ സംരക്ഷിക്കുന്നതിനായി സംഘടിക്കേണ്ടതിനെ കുറിച്ചും പുതിയ വ്യാഖ്യാനങ്ങളെയും പ്രവണതകളെയും പറ്റി ബഹുജനത്തെ കൂടുതല്‍ ബോധവല്‍ക്കരിക്കുന്നതിനെ കുറിച്ചുമെല്ലാം ചിന്തിച്ചു. പാരന്പര്യത്തിലധിഷ്ഠിതമായ ഈ പ്രതികരണത്തിന്‍റെ ഫലമായിരുന്നു യഥാര്‍ത്ഥത്തില്‍ സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ രൂപീകരണം.

കേരള മുസ്‍ലിംകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണയാര്‍ജ്ജിച്ച പ്രശസ്തരായ സുന്നി പണ്ഡിത മഹത്തുക്കളുടെ കൂട്ടായ്മയാണ് സമസ്ത എന്ന പേരില്‍ വിശ്രുതമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. വ്യക്തിഗത നേതൃത്വത്തില്‍ നിന്നും സംഘടിത പ്രസ്ഥാനങ്ങളിലേക്കുള്ള ഒരു മൗലികമായ മാറ്റം കേരള മുസ്‍ലിംകള്‍ക്കിടയില്‍ പൊതുവെ ദൃശ്യമായത് 1921 ന് ശേഷമുള്ള കാലഘട്ടത്തിലാണ്. ഈ മാറിയ സാഹചര്യങ്ങളോട് പാരന്പര്യത്തെ ഉയര്‍ത്തിപ്പിടിച്ച പണ്ഡിതവരേണ്യര്‍ നടത്തിയ പ്രതികരണത്തിന്‍റെ ഫലമായാണ് സമസ്ത പിറവിയെടുക്കുന്നത്.

പാശ്ചാത്യന്‍ നടപ്പുരീതികളിലുള്ള ആധുനികവല്‍ക്കരണ ശ്രമങ്ങള്‍ക്ക് വേഗം കൂടുന്നതും മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹാബ് (1702 – 1793) ന്‍റെ നൂതന ആശയങ്ങളും റശീദ് റിള (1865 – 1935) യുടെ സലഫിസവും മുഹമ്മദ് അബ്ദു (1814 – 1897) വിന്‍റെ ഇസ്‍ലാമിക ആധുനികതയും ജമാലുദ്ദീന്‍ അഫ്ഗാനി (1939 – 1997) യുടെ പാന്‍ ഇസ്‍ലാമിസവും ഉത്തരേന്ത്യയിലെ ത്വരീഖെ മുജാഹിദീനു പോലുള്ള നവ ചിന്താ ധാരകളും കേരള മുസ്‍ലിംകള്‍ക്കിടയില്‍ പടര്‍ന്നുപിടിക്കുന്നതും ഈ പണ്ഡിതന്മാരെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.

സീതി സാഹിബ്, കെ.എം. മൗലവി, ഇ.കെ. മൗലവി തുടങ്ങിയ നേതാക്കളുടെ കീഴില്‍ 1922 ല്‍ തിരുകൊച്ചി സംസ്ഥാനത്തെ കൊടുങ്ങല്ലൂരില്‍ രൂപീകൃതമായ കേരള മുസ്‍ലിം ഐക്യ സംഘത്തിലൂടെയാണ് ആദ്യമായി പുതിയ വാദഗതികള്‍ പുറത്തുവരാന്‍ തുടങ്ങിയത്. സംസ്ഥാനത്ത് അങ്ങിങ്ങായി ചിന്നിച്ചിതറിക്കിടന്നിരുന്ന നൂതന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാന്‍ ഈ സംഘടന യത്നിച്ചു. പിന്നീട് ഇവര്‍ 1924 ല്‍ ആലുവയില്‍ നടന്ന ഒരു ദ്വിദിന സമ്മേളനത്തില്‍ വെച്ച് കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പേരില്‍ ഒരു പണ്ഡിത സംഘടന രൂപീകരിച്ചു. ഈ ദ്വിദിന സമ്മേളനത്തില്‍ ഒരുപാട് പണ്ഡിതന്മാര്‍ പ്രത്യേക ക്ഷണിതാക്കളായിരുന്നു. എന്നാല്‍ കേരളത്തിലെ പ്രമുഖരായ യാഥാസ്ഥിതിക പണ്ഡിതന്മാര്‍ തുടക്കത്തില്‍ പരസ്യമായി കേരള ജംഇയ്യത്തുല്‍ ഉലമയെ എതിര്‍ക്കാന്‍ മുന്പോട്ടു വന്നിട്ടില്ലെന്നത് ഒരു പച്ചയായ യാഥാര്‍ത്ഥ്യമാണ്. പൊന്നാനിയിലെ മഖ്ദൂമികളുടെ കാര്‍മികത്വത്തിലുള്ള മഹാന്മാരായ പണ്ഡിതമഹത്തുക്കളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കു കീഴില്‍ പുഷ്കലമാകുകയും നൂറ്റാണ്ടുകളായി മുസ്‍ലിംകള്‍ നിരാക്ഷേപം അനുവര്‍ത്തിച്ചു പോരുന്നതുമായ പാരന്പര്യ ഇസ്‍ലാമിനെ ആക്രമിക്കാന്‍ ഇക്കൂട്ടര്‍ തങ്ങളുടെ സംഘടനാ വേദികള്‍ മെല്ലെ മെല്ലെ ഉപയോഗപ്പെടുത്താന്‍ തുടങ്ങി. നിരവധി ഇസ്‍ലാമിക ആചാരാനുഷ്ഠാനങ്ങളെ ഇവര്‍ ശിര്‍ക്കും ബിദ്അത്തുമായി പ്രഖ്യാപിക്കുകയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള കേരള മുസ്‍ലിംകളുടെ പരന്പരാഗത മൂല്യങ്ങളെ അനിസ്‍ലാമികമായും വ്യതിയാനങ്ങളായും ചിത്രീകരിക്കുകയും ചെയ്തു.

ഇത്തരമൊരു നിര്‍ണ്ണായക ഘട്ടത്തില്‍ കേരളത്തിലെ ഇസ്‍ലാമിക പാരന്പര്യത്തെ സംരക്ഷിച്ചു നിര്‍ത്തേണ്ടതിന്‍റെയും പുതിയ വ്യാഖ്യാനങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരം ചെയ്യേണ്ടതിന്‍റെയും അനിവാര്യത ഇവിടത്തെ സച്ചരിതരായ സലഫു സ്വാലിഹീങ്ങളും പണ്ഡിതന്മാരുടെയും നേതൃത്വത്തില്‍ സാഹചര്യത്തിന്‍റെ അനിവാര്യതയായി രൂപം കൊണ്ടതാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. അന്നും ഇന്നും കേരള മുസ്‍ലിംകളുടെ ആധികാരിക പരമോന്നത മത വേദിയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ലോകത്ത് പോലും എവിടെയും കാണാത്ത മത വിദ്യാഭ്യാസത്തിന്‍റെ പ്രകാശം കേരളത്തില്‍ പ്രകടമാകുന്നതിന്‍റെ ചാലകശക്തിയും സമസ്തയുടെ സാന്നിദ്ധ്യം തന്നെ. തീര്‍ച്ച.. അല്‍ഹംദുലില്ലാഹ്.

ഗവണ്‍മെന്‍റ് സംവിധാനത്തേക്കാള്‍ ക്രിയാത്മകമായി എണ്ണയിട്ട യന്ത്രം പോലെ 8800 ല്‍ അധികം മദ്‍റസകളും ഒട്ടേറെ യതീംഖാനകളും അറബി കോളേജുകളും മത ഭൗതിക സമന്വയ കലാലയങ്ങളും സമസ്തക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു. കേരളീയ മുസ്‍ലിം സമൂഹം ബഹുഭൂരിപക്ഷവും സമസ്തക്ക് പിന്നിലാണ് അണിനിരന്നിട്ടുള്ളത് എന്നതിന് കാലം സാക്ഷിയാണ്.

സാത്വികരും പാണ്ഡിത്യത്തിന്‍റെ നിരകുടങ്ങളുമായ നാല്‍പത് പണ്ഡിതന്മാരുടെ കരങ്ങളിലാണ് സമസ്തയുടെ നേതൃത്വം എന്നത് തന്നെ മുസ്‍ലിം കൈരളിയുടെ സൗഭാഗ്യമാണ്. അള്ളാഹു നമ്മുടെ നേതാക്കള്‍ക്ക് ദീര്‍ഘായുസ്സും ആഫിയത്തും നല്‍കട്ടെ... ആമീന്‍ .