ബറാഅത്ത് രാവ് - പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന പവിത്രരാവ് : അന്‍വര്‍ ഹുദവി

അന്‍വര്‍ ഹുദവി

പ്രപഞ്ച പരിപാലകനായ അള്ളാഹുവിന്‍റെ അതി മഹത്തരമായ അനുഗ്രഹങ്ങളും ഔദാര്യങ്ങളും ഏറെ വര്‍ഷിക്കപ്പെടുന്ന അനുഗ്രഹീത മാസമത്രെ വിശുദ്ധ ശഅ്ബാന്‍ . മനുഷ്യരുടെ ചെയ്തികള്‍ വാനലോകത്തേക്ക് ഉയര്‍ത്തപ്പെടുന്നത് ശഅ്ബാന്‍ മാസത്തിലാണ്. തിരു നബി(സ) ഏറെ സ്നേഹിക്കുകയും മഹത്വവല്‍ക്കരിക്കുകയും സുകൃതങ്ങള്‍ കൊണ്ട് ധന്യമാക്കുകയും ചെയ്ത മാസവുമത്രെ ശഅ്ബാന്‍ .

ഉസാമത് ബ്നു സൈദ് (റ) വില്‍ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം ചോദിച്ചു - അള്ളാഹുവിന്‍റെ തിരുദൂദരേ, താങ്കള്‍ ശഅ്ബാനില്‍ നോന്പ് അനുഷ്ടിക്കുന്നത് പോലെ മറ്റൊരു മാസത്തിലും നോന്പെടുക്കുന്നതായി ഞാന്‍ കാണുന്നില്ല. തിരുനബി (സ) പറഞ്ഞു. റജബ്, റമളാന്‍ മാസങ്ങള്‍ക്കിടയില്‍ വരുന്ന ശഅ്ബാനിനെക്കുറിച്ച് ജനങ്ങള്‍ അശ്രദ്ധരാണ്. പ്രപഞ്ച നാഥനിലേക്ക് മനുഷ്യ രാശിയുടെ കൃത്യങ്ങള്‍ ഉയര്‍ത്തപ്പെടുന്ന മാസമാണ് ശഅ്ബാന്‍ . അതിനാല്‍ എന്‍റെ അമലുകള്‍ ഞാന്‍ നോന്പുകാരനായിരിക്കെ അള്ളാഹുവിലേക്ക് ഉയര്‍ത്തപ്പെടാന്‍ ഇഷ്ടപ്പെടുന്നു. (നസാഈ 2357).

ആയിശ (റ) പറയുന്നു. തിരുനബി(സ) റമളാന്‍ അല്ലാതെ ഒരു മാസം പൂര്‍ണ്ണമായും നോന്പനുഷ്ടിച്ചതായി ഞാന്‍ കണ്ടിട്ടില്ല. ശഅ്ബാന്‍ മാസത്തേക്കാള്‍ കൂടുതല്‍ നോന്പെടുത്ത മറ്റൊരു മാസവും ഞാന്‍ കണ്ടിട്ടില്ല. (മുസ്‍ലിം 1156). റമളാനു ശേഷം നബി (സ) ഏറെ പ്രാധാന്യം നല്‍കിയിരുന്നത് ശഅ്ബാനിന് ആയിരുന്നുവെന്ന് ഇത് ബോധിപ്പിക്കുന്നു.ട

ഇമാം തുര്‍മുദി (റ) നിവേദനം ചെയ്യുന്നു. അനസ് (റ)വില്‍ നിന്ന്. - തിരുനബി (സ) യോട് ചോദിക്കപ്പെട്ടു. റമളാനു ശേഷം നോന്പനുഷ്ടിക്കല്‍ പുണ്യമുള്ള മാസമേതാണ്. തിരുനബി(സ) പറഞ്ഞു. ശഅ്ബാന്‍ - റമളാനിനോടുള്ള ആദരവ് പ്രകടമാക്കാന്‍ .

ബറാഅത്ത് രാവ്

ഇമാം ഇബ്നു മാജ (റ) നിവേദനം ചെയ്യുന്നു. അലി(റ) വില്‍ നിന്ന്. - നബി(സ) പറയുന്നു. ശഅ്ബാന്‍ പതിനഞ്ച് ആഗതമായാല്‍ അതിന്‍റെ രാവിനെ നിങ്ങള്‍ നിസ്കാരം കൊണ്ട് സജീവമാക്കുകയും പകലില്‍ നോന്പെടുക്കുകയും ചെയ്യുക. കാരണം, അന്ന് സൂര്യാസ്തമയത്തോടെ അള്ളാഹു താഴേ ആകാശത്തേക്ക് ഇറങ്ങി വന്നുകൊണ്ട് ചോദിക്കുന്നു. - പാപമോചനം നടത്തുന്നവരില്ലേ, ഞാന്‍ അവര്‍ക്ക് പൊറുത്തുകൊടുത്തിരിക്കുന്നു. ഔദാര്യം തേടുന്നവരില്ലേ, ഞാന്‍ അവര്‍ക്ക് ഔദാര്യം ചെയ്തിരിക്കുന്നു. വൈഷമ്യങ്ങള്‍ കൊണ്ട് പരീക്ഷിക്കപ്പെട്ടവരില്ലേ, ഞാന്‍ അവര്‍ക്ക് സൗഖ്യം പ്രദാനം ചെയ്തിരിക്കുന്നു. അങ്ങനെ അങ്ങനെ (ഓരോ വിഭാഗത്തെയും അള്ളാഹു വിളിച്ച് അവന്‍റെ അനുഗ്രഹങ്ങളുടെ കവാടങ്ങള്‍ തുറന്നു കൊടുക്കുന്നു.). ഇത് പ്രഭാതം വരെ തുടരുകയും ചെയ്യുന്നു.

ഇമാം അഹ്‍മദ് (റ), തുര്‍മുദി (റ), ഇബ്നു മാജ തുടങ്ങിയവര്‍ നിവേദനം ചെയ്ത ഹദീസില്‍ ഇപ്രകാരം കാണാം. ആയിശ (റ) പറയുന്നു. ഒരു രാത്രിയില്‍ തിരുനബി(സ) യെ ഞാന്‍ കാണാതായി. ഞാന്‍ അന്വേഷിച്ചു പുറത്തിറങ്ങി. അന്നേരം അവിടുന്ന് ബഖീഇല്‍ (മദീനയിലെ മഖ്ബറ) ആകാശത്തേക്ക് തല ഉയര്‍ത്തി നില്‍പ്പായിരുന്നു. അവിടുന്ന് ചോദിച്ചു. അള്ളാഹു നിന്നോടും എന്നോടും അന്യായം ചെയ്തതായി നീ ധരിച്ചോ? . ഞാന്‍ പറഞ്ഞു. താങ്കള്‍ മറ്റേതെങ്കിലും ഭാര്യമാരുടെ അടുത്തേക്ക് പോയതായിരിക്കുമെന്നാണ് ഞാന്‍ ഊഹിച്ചത്. അപ്പോള്‍ തിരുനബി(സ) പറഞ്ഞു. ശഅ്ബാന്‍ പതിനഞ്ചിന് അള്ളാഹു ഒന്നാം ആകാശത്തേക്ക് ഇറങ്ങി വരികയും കല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്‍റെ അളവിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് പൊറുത്തു കൊടുക്കുകയും ചെയ്യുന്നതാണ്.

ഇബ്നുമാജ (റ) നിവേദനം ചെയ്യുന്നു. ശഅ്ബാന്‍ പതിനഞ്ചിന് അള്ളാഹു പ്രത്യക്ഷപ്പെടുകയും സത്യനിഷേധിയും മനസ്സില്‍ വിദ്വേഷം വെച്ചു നടക്കുന്നവനുമല്ലാത്ത മുഴുവന്‍ വിശ്വാസികള്‍ക്കും അവന്‍ പൊറുത്തു കൊടുക്കുകയും ചെയ്യുന്നു. - ഇതേ ആശയം ദ്യോതിപ്പിക്കുന്ന ധാരാളം ഹദീസുള്‍ വേറെയും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.

ഉപര്യുക്ത ഹദീസുകളടെ പ്രാമാണികതയുടെ പിന്‍ബലത്തില്‍ പൂര്‍വ്വികരായ സ്വാത്വികര്‍ ഈ രാവിന്ന് ഏറെ പവിത്രത നല്‍കുകയും ഇബാദത്തുകള്‍ കൊണ്ട് ധന്യമാക്കുകയും ചെയ്യുക പതിവായിരുന്നു. താബിഉകളില്‍ പ്രമുഖരായ ഖാലിദ് ബ്നു മഅ്ദാന്‍ (റ) മക്ഹൂല്‍ , ലുക്മാനുബ്നു ആമിര്‍ തുടങ്ങിയവര്‍ ഇത്തരത്തില്‍ പ്രാധാന്യം കല്‍പ്പിക്കുകയും ജനങ്ങള്‍ ഈ ദിനത്തെ മഹത്വവല്‍ക്കരിക്കുന്നതില്‍ അവരെ പിന്‍പറ്റുകയും ചെയ്തിരുന്നതായി ചരിത്രത്തില്‍ കാണാം. ബറാഅത്ത് രാവില്‍ പള്ളിയില്‍ ജമാഅത്ത് ആയി നിസ്കാരം നിര്‍വ്വഹിക്കുന്നതിനെ പലരും എതിര്‍ത്തിട്ടുണ്ടെങ്കിലും ഇമാം ഔസാഈ (റ) അടക്കമുള്ള കര്‍മ്മശാസ്ത്ര പണ്ഡിതര്‍ പറയുന്നത് ഈ രാത്രിയില്‍ ഒറ്റക്ക് നിസ്കാരത്തില്‍ ചെലവഴിക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ടതില്ല എന്നാണ്.

ഉമര്‍ ബ്നു അബ്ദുല്‍ അസീസ് (റ) ല്‍ നിന്ന് നിവേദനം ചെയ്യപ്പെടുന്നു. അദ്ദേഹം തന്‍റെ ബസ്വറയിലെ ഗവര്‍ണ്ണര്‍ക്ക് ഇപ്രകാരം എഴുതി അറിയിച്ചു. വര്‍ഷത്തിലെ നാല് രാത്രികള്‍ നീ ്പ്രത്യേകം ശ്രദ്ധിക്കുക. അള്ളാഹു അവന്‍റെ അനുഗ്രഹങ്ങള്‍ ചൊരിയുന്ന മഹത്തര രാത്രികളത്രെ അവ. റജബിലെ ആദ്യരാത്രി, ശഅ്ബാന്‍ പതിനഞ്ച് രാവ്, രണ്ട് പെരുന്നാള്‍ രാവുകള്‍ എന്നിവയാണവ. ഇമാം ശാഫിഈ (റ) ല്‍ നിന്നും ഇതേ ആശയം ഉദ്ധരിക്കപ്പെട്ടിരിക്കുന്നു.

കഅ്ബ് (റ) ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ശഅ്ബാന്‍ പതിനഞ്ചിനു രാത്രിയില്‍ അള്ളാഹു ജിബ്‍രീല്‍ (അ) നെ സ്വര്‍ഗ്ഗത്തിലേക്ക് അയക്കുകയും സ്വര്‍ഗ്ഗത്തോട് അണിഞ്ഞൊരുങ്ങാന്‍ ആജ്ഞാപിക്കുകയും ചെയ്യുമത്രെ. അദ്ദേഹം പറയും. - നിശ്ചയം അള്ളാഹു ഈ രാത്രിയില്‍ ആകാശത്തിലെ നക്ഷത്രങ്ങളുടെയും രാപ്പകലുകളുടെയും വൃക്ഷങ്ങളിലെ ഇലകളുടെയും എണ്ണം കണക്കെ ആളുകളെ നരക മോചനം നല്‍കുന്നതാണ്.

അത്വാഅ്ബ്നു യസാര്‍ (റ) പറയുന്നു. - ലൈലത്തുല്‍ ഖദ്ര്‍ കഴിഞ്ഞാല്‍ ശഅ്ബാന്‍ പതിനഞ്ചിലെ രാത്രിയേക്കാള്‍ മഹത്ത്വരമായ മറ്റൊരു രാവില്ല. സത്യനിഷേധികളും, വിദ്വേഷവും പകയും കൊണ്ടു നടക്കുന്നവരും, കുടുംബ ബന്ധം ഛിദ്രമാക്കുന്നവരുമൊഴികെ മുഴുവന്‍ അടിമകള്‍ക്കും അള്ളാഹു പൊറുത്തു കൊടുക്കുന്നു.

ബറാഅത്ത് എന്നാല്‍ മോചനം എന്നര്‍ത്ഥം. ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും മോചനത്തിന്‍റെ പ്രവിശാലമായ വാതായനങ്ങള്‍ തുറക്കപ്പെടുന്ന സുധന്യ സന്ധ്യയാണ് ബറാഅത്ത് രാവിന്‍റെ വാചകാര്‍ത്ഥം തന്നെ പ്രകാശിതമാക്കുന്നത്.

വിശുദ്ധ ഖുര്‍ആനിലെ സുറത്തു ദുഖാനിലെ മൂന്നാം സൂക്തത്തില്‍ പ്രതിപാദിക്കപ്പെട്ട ലൈലത്തുല്‍ മുബാറക കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ലൈലത്തുല്‍ ഖദര്‍ ആണെന്നാണ് മിക്ക മുഫസ്സിറുകളും രേഖപ്പെടുത്തിയത്. ശഅ്ബാന്‍ പതിനഞ്ചാം രാവാണെന്ന് അഭിപ്രായപ്പെടുന്ന പ്രമുഖരും ഉണ്ട്.

ബറാഅത്ത് രാവിന്‍റെ മഹത്വങ്ങള്‍ വിവരിക്കുന്ന പ്രമാണങ്ങള്‍ വിശദമാക്കിയ ശേഷം ശൈഖ് ഇബ്നു ഹജര്‍ അല്‍ ഹൈതമി (റ) പറയുന്നു - ചുരുക്കത്തില്‍ ഈ രാവിനു ഏറെ ശ്രേഷ്ഠതയുണ്ട്. ഇതില്‍ സവിശിഷ്ടമായ പാപമോചനവും പ്രാര്‍ത്ഥനക്ക് പ്രത്യേകം സാഫല്യവും ലഭിക്കുന്നു. അതുകൊണ്ടാണ് ഈ രാത്രിയില്‍ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുമെന്ന് ഇമാം ശാഫിഈ (റ) പ്രസ്താവിച്ചത്. (ഫതാവല്‍ കുബ്റാ)

ഖുര്‍ആനില്‍ നിന്ന് പ്രത്യേകമായ ചില അധ്യായങ്ങള്‍ ഓതി പ്രാര്‍ത്ഥന നടത്തല്‍ പ്രത്യേകം സുന്നത്താണെന്ന് ഉലമാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ശൈഖ് അബ്ദു റഹ്‍മാനുബ്നു തരീം (റ) വിന്‍റെ രിസാലയില്‍ ഇങ്ങനെ ഉദ്ധരിക്കുന്നു - ബറാഅത്ത് രാവില്‍ ഇശാ മഗ്‍രിബിന്‍റെ ഇടയില്‍ സൂറത്ത് യാസീന്‍ മൂന്ന് തവണ തുടര്‍ച്ചയായി, ഇടയില്‍ മറ്റു സംസാരങ്ങളൊന്നുമില്ലാതെ പാരായണം ചെയ്യല്‍ അത്യാവശ്യമാണ്. അവയില്‍ ഒന്നാമത്തേത് തന്‍റെയും താന്‍ സ്നേഹിക്കുന്നവരുടെയും ദീര്‍ഘായുസ്സിന്നും, രണ്ടാമത്തേത് ഭക്ഷണ പാനീയങ്ങളില്‍ അഭിവൃദ്ധി ലഭിക്കുവാനും, മൂന്നാമത്തേത് ഇഹപര വിജയികളില്‍ ഉള്‍പ്പെടുത്താനുള്ള നിയ്യത്തോട് കൂടിയായിരിക്കണം.

ആയുസ്സില്‍ ബറകത്ത് ലഭിക്കുവാനും ഭക്ഷണത്തില്‍ അഭിവൃദ്ധി ഉണ്ടാകാനും സൗഭാഗ്യ സിദ്ധമായ അന്ത്യം (ഹുസ്നുല്‍ ഖാതിമ) ലഭിക്കാനും ശഅ്ബാന്‍ പതിനഞ്ചാം രാവില്‍ ഓരോ യാസീന്‍ ഓതുകയെന്നുള്ളത് മുന്‍ഗാമികളില്‍ നിന്ന് അനന്തരമായി ലഭിച്ചതാണ്. (ഇത്ഹാഫ് 3/427)

ഹദീസുകളുടെയും പ്രാമാണികമായ മഹദ് വചനങ്ങളുടെയും അടിസ്ഥാനത്തില്‍ ഏറെ സവിശേഷതയും പ്രാധാന്യവും പുണ്യവുമുള്ള രാവാണ് ശഅ്ബാന്‍ പതിനഞ്ചാം രാവ് എന്ന് മനസ്സിലാക്കാവുന്നതാണ്. ഈ രാവിനെ ആദരിക്കുകയും ആരാധനകള്‍ കൊണ്ട് ധന്യമാക്കുകയും ചെയ്യുന്ന രീതി‍ മഹാന്മാരായ പൂര്‍വ്വികരില്‍ നിന്ന് ലഭിച്ച അമൂല്യമായ പൈതൃകമാണ്. പൈതൃകത്തിന്‍റെ കണ്ണികളില്‍ കോര്‍ത്തിണക്കപ്പെട്ട വിശുദ്ധ പാതയാണ് ഇസ്‍ലാമിന്‍റെ മുസ്തഖീമായ പാത.

നാഥാ, നീ ഞങ്ങളെ മുസ്തഖീം ആയ പാതയില്‍ വഴി നടത്തേണമേ. ആമീന്‍ . . .