അസ്മി വിദ്യാലയങ്ങളില്‍ പെരുന്നാള്‍ വിശേഷങ്ങളുടെ അവതരണ മത്സരം

ചേളാരി: അസ്സോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍ (അസ്മി) അഫിലിയേറ്റഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമായി പെരുന്നാള്‍ വിശേഷങ്ങളുടെ അവതരണ മത്സരം 'ഈദിയ്യ: 2020 വാക്കും വരയും' സംഘടിപ്പിക്കുന്നു. മെയ് 21 മുതല്‍ ഒരാഴ്ച്ച നീണ്ടുനില്ക്കുന്ന ദേശീയ തല മത്സരത്തില്‍ അസ്മി കിഡ്‌സ്, സബ് ജൂനിയര്‍ (എല്‍ പി), ജൂനിയര്‍(എല്‍ പി), ജൂനിയര്‍ പ്ലസ് (യു. പി), സീനിയര്‍ (എച്ച്. എസ്.), സീനിയര്‍ പ്ലസ് (എച്ച്. എസ്. എസ്.) അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നീ എട്ട് വിഭാഗങ്ങളായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. താന്‍ അനുഭവിച്ചതോ ഭാവനയില്‍ കാണുന്നതോ ആയ പെരുന്നാള്‍ വിശേഷങ്ങളാണ് മത്സരത്തിന്റെ പ്രമേയം.

പ്രസ്തുത പ്രമേയത്തിലൂന്നിയുള്ള പെന്‍സില്‍ കൊണ്ടുള്ള ചിത്രരചന, നിറം കൊടുക്കല്‍, മലയാളം,അറബി,ഇംഗ്ലീഷ് എന്നിവയില്‍ ഏതെങ്കിലും ഒരു ഭാഷയിലുള്ള കവിതാപാരായണം, ഗാനാലാപനം, പ്രസംഗം, കഥാവതരണം, ഉപന്യാസ രചന, കവിതാ രചന എന്നീ നിര്‍ദ്ധിഷ്ഠ ഇനങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മാത്രമാണ് മത്സരാര്‍ത്ഥികള്‍ പങ്കെടുക്കേണ്ടത്. കവിതാപാരായണം, ഗാനാലാപനം, പ്രസംഗം, കഥാവതരണം എന്നിവ മൂന്ന് മിനുട്ടില്‍ കവിയരുത്. മത്സരാര്‍ത്ഥിയുടെ അവതരണം ഇടയ്ക്ക് നിര്‍ത്തലോ എഡിറ്റിംഗോ ഇല്ലാതെ വീഡിയോ ഷൂട്ട് ചെയ്യണം. ചിത്രരചന, നിറം കൊടുക്കല്‍, ഉപന്യാസ രചന എന്നീ ഇനങ്ങളില്‍ പങ്കെടുക്കുന്നവര്‍ സ്വന്തം സൃഷ്ടിയാണെന്ന് ബോധ്യപ്പെടുത്തുന്നതിനായി മത്സര പുരോഗതിയുടെ വിവിധ ഘട്ടങ്ങള്‍ മൂന്ന് മിനുട്ടിലൊതുങ്ങും വിധം വീഡിയോയില്‍ പകര്‍ത്തണം. വീഡിയോയുടെ തുടക്കത്തില്‍ ലഘുപരിചയമെന്നോണം മത്സരാര്‍ത്ഥിയുടെയും സ്ഥാപനത്തിന്റെയും പേരും വിലാസവും മത്സര വിഭാഗവും വ്യക്തമാക്കിയിരിക്കണം. അധ്യാപകരും രക്ഷിതാക്കളും വീഡിയോവിന് പകരം ഓഡിയോ ഫോര്‍മാറ്റിലാണ് സൃഷ്ടികള്‍ സമര്‍പ്പിക്കേണ്ടത്.

ഒരു വിദ്യാലയത്തില്‍ നിന്ന് എത്ര പേര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. എന്നാല്‍ ഒരു മത്സരാര്‍ത്ഥി ഒരു വീഡിയോ മാത്രമേ മത്സരത്തിന് അയക്കാവൂ. കൂടുതല്‍ എന്‍ട്രികള്‍ അയോഗ്യതയായി കണക്കാക്കും. വീഡിയോകള്‍ മെയ് 27ന് വൈകുന്നേരം 4 മണിക്ക് മുമ്പായി വിദ്യാര്‍ത്ഥികള്‍ +91 99464 39097 എന്ന നമ്പറിലേക്കും അദ്ധ്യാപകരും രക്ഷിതാക്കളും +91 99952 60156 എന്ന നമ്പറിലേക്കും വാട്‌സ് ആപ്പ് വഴി പോസ്റ്റ് ചെയ്യണം. വിശദ വിവരങ്ങള്‍ക്ക് 90482 33828, 75618 87699, 70252 22000 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
- Samasthalayam Chelari