വിദ്യാർത്ഥികളിൽ ഉത്തരവാദിത്വവും നേതൃപാടവും പരിശീലിപ്പിക്കുക
ചേളാരി: വിദ്യാർത്ഥി കാലം തൊട്ടേ കുട്ടികളിൽ ഉത്തരവാദിത്ത ബോധവും നേതൃപാടവവും പരിശീലിപ്പിക്കാൻ സമസ്ത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള സ്കൂളുകളിൽ *പ്യൂപ്പിൾസ് റെസ്പോൺസീവ് ഇനീസിയെഷൻ ഫോർ സ്കിൽസ് ആൻഡ് മൊറെയ്ൽസ് (പ്രിസം) കേഡറ്റ്* എന്ന പേരിൽ യുണിറ്റുകള്‍ രൂപവത്കരിക്കുന്നു. വെള്ള, വയലറ്റ്, ഇൻഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ചു, ചുകപ്പ്, കറുപ്പ് എന്നിങ്ങനെ ഒമ്പതു നിറങ്ങൾ യഥാക്രമം ധാർമ്മിക മൂല്യം, സാമൂഹികം, ദേശീയം, മാനസികാരോഗ്യം, പാരിസ്ഥിതികം, ക്ഷേമ കാര്യം, നേതൃപാടവം, ശാരീരികാരോഗ്യം, സർഗാത്മകം എന്നീ ഒമ്പതു പ്രവർത്തന മേഖലകളാക്കി തിരിച്ചുള്ള പരിശീലന - സന്നദ്ധ സേവന പ്രവർത്തനങ്ങളാണ് പ്രിസം കേഡറ്റിന് കീഴിൽ സംഘടിപ്പിക്കുക. ഓരോ വിദ്യാലയത്തിലും കെ.ജി, എൽ. പി, യു.
പി, ഹൈ സ്കൂൾ എന്നീ നാല് തലങ്ങളിലായി വ്യത്യസ്ത യൂണിറ്റുകളിൽ ആൺകുട്ടികളും പെണ്കുട്ടികളുമടക്കം മുപ്പത്തിമൂന്നു വിദ്യാർത്ഥികളാണ് പ്രിസം കേഡറ്റുകളായി ഉണ്ടാകുക. സവിശേഷമായ യൂണിഫോമും ബാഡ്ജും ഗീതവും പതാകയും പ്രിസം കേഡറ്റുകൾക്കുണ്ടാകും.
ഇവരെ പരിശീലിപ്പിക്കുന്നതിനും പ്രവർത്തനങ്ങളെ കോർഡിനേറ്റു ചെയ്യുന്നതിനും പ്രത്യേകം ട്രെയിനിങ് ലഭിച്ച പ്രിസം മെൻറ്റർമാരും ഓരോ വിദ്യാലയത്തിലും ഉണ്ടാകും. വർഷത്തിൽ മൂന്നു മുതൽ അഞ്ചു ദിവസം വരെ നീണ്ടു നില്ക്കുന്ന യൂണിറ്റ് തല സഹവാസ ക്യാമ്പുകൾക്കു പുറമെ മേഖല, സംസ്ഥാന തല ക്യാമ്പുകളും ഉണ്ടാകും. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന മികച്ച യൂണിറ്റ്, കേഡറ്റ്, മെന്റര്‍, പാരന്റ് എന്നിവർക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും.
പ്രിസം കേഡറ്റ് യൂണിറ്റ് രൂപീകരണ പ്രഖ്യാപനവും പ്രിസം കേഡറ്റിനായി രൂപ കൽപ്പന ചെയ്യപ്പെട്ട ലോഗോയുടെ പ്രകാശനവും അസ്മി ചെയര്മാന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിര്‍വഹിച്ചു. പി.വി മുഹമ്മദ് മൗലവി എടപ്പാൾ അധ്യക്ഷത വഹിച്ചു. ഹാജി. പി. കെ മുഹമ്മദ്, കെ. കെ. എസ് തങ്ങള്‍ വെട്ടിചിറ, ഒ. കെ. എം. കുട്ടി ഉമരി, റഹീം ചുഴലി, അഡ്വ. പി പി ആരിഫ്, അഡ്വ. നാസര്‍ കാളംപാറ, റഷീദ് കമ്പളകാട്, നവാസ് ഓമശ്ശേരി, സയ്യിദ് അനീസ് ജിഫ്രി തങ്ങൾ,പ്രൊഫ. കമറുദ്ദീന് പരപ്പില്‍, ഷിയാസ് അഹമ്മദ് ഹുദവി, മജീദ് പറവണ്ണ, മുഹമ്മദ് അലി.എ എന്നിവര്‍ സംബന്ധിച്ചു.
- ASMI KERALA