40 ആണ്ടിന്റെ സപര്യക്ക് വിട; ഹുസൈൻ മുസ്ലിയാർ നാടണയുന്നു

അൽഐൻ: നാല് പതിറ്റാണ്ടോളമായി ഒരേ പള്ളിയിൽ ഇമാമായി സേവന മനുഷ്ഠിച്ച സുകൃതവുമായി ഹുസൈൻ മുസ്ലിയാർ പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുകയാണ്. സൗമ്യവും സൂക്ഷ്മവുമായ ജീവിത ശൈലിയും ജോലിയിലുള്ള കണിശതയും ആത്മാർഥതയുമാണ് ഈ സപര്യക്ക് കാരണമെന്ന് അദ്ദേഹത്തെ അടുത്തറിയുന്ന ഏവർക്കും ബോധ്യപ്പെടും.
1977ലാണ് ജോലി ആവശ്യാർഥം അദ്ദേഹം യു.എ.ഇ ൽ എത്തുന്നത്. കുറച്ച് കാലം ബേക്കറിയിൽ ജോലി ചെയ്തു. അപ്പോഴും ഏതെങ്കിലും ഒരു പള്ളിയിൽ ജോലി ചെയ്യണം എന്ന ആഗ്രഹത്തിൽ അന്യേഷണം തുടർന്നു. അങ്ങിനെ യു.എ.ഇയുടെ ഹരിത നഗരമായ അൽ ഐനിലെ ഹീലിയിൽ ജോലി ചെയ്തിരുന്ന അത്തിപ്പറ്റ ഉസ്താദിന്റെ അടുത്ത് എത്തിച്ചേർന്നു. ഉസ്താദിന്റെ നിർദ്ദേശപ്രകാരം ജീമിയിൽ ഇമാമായി ജോലി ചെയ്തിരുന്ന അബ്ദുൽ ഖാദർ മുസ്ലിയാരുടെ കൂടെ മുഅദ്ദിനായി താത്കാലിക ജോലി ലഭിച്ചു. എന്നാൽ പത്ത് വർഷത്തോളം അതേ ജോലിയിൽ അദ്ദേഹത്തോടൊപ്പം തുടർന്നു. പിന്നീട് അബദുൽ ഖാദർ മുസ്ലിയാർക്ക് സ്ഥലംമാറ്റം ലഭിച്ച് സാഗറിലേക്ക് മാറി. പിന്നീട് കുറഞ്ഞ കാലം രണ്ട് അറബി വംശജർ ഇമാമായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് ഹുസൈൻ മുസ്ലിയാർ തന്നെ ഇവിടുത്തെ ഇമാമായി നിയോഗിക്കപ്പെട്ടു. തന്റെ ദീർഘമായ സേവന കാലഘട്ടത്തിനിടക്ക് രണ്ട് തവണ പള്ളി പുനർനിർമ്മിക്കുന്നതിന് അദ്ദേഹം സാക്ഷിയായി. 82-ൽ വിമാന മാർഗം ആദ്യമായി ഹജ്ജ് നിർവഹിക്കാൻ സാധിച്ചു.
ഇവിടെ എത്തിയത് മുതൽ അത്തിപ്പറ്റ ഉസ്താദുമായുള്ള ആത്മബന്ധം ഇപ്പോഴും തുടരുന്നു. തിരക്കുകൾക്കിടയിലും അൽ ഐൻ സുന്നി യൂത്ത് സെൻറർ, മറ്റു സാമൂഹിക സാംസ്കാരിക രംഗങ്ങളുമായുള്ള ബന്ധം തുടർന്ന് പോരുന്നു. പ്രവാസ ജീവിതത്തിനിടയിൽ ബദ്ധപ്പെട്ട എല്ലാവരുമായും നല്ലത് മാത്രം ഓർമ്മിക്കുന്ന ഹുസൈൻ മുസലിയാർ പ്രാർഥിക്കണം എന്നാണ് എല്ലാവരോടും അഭ്യർഥിക്കുന്നത്. ഇപ്പോഴും ആരോഗ്യവാനും ഊർജസ്വലനുമായ മുസ്ലിയാർ അബൂദാബി ഔഖാഫിന്റെ ഔദ്യോഗിക വിരമിക്കൽ പ്രായമായതു മൂലം സർവിസിൽ നിന്നും വിരമിക്കുകയാണ്.
മലപ്പുറം കാടാമ്പുഴ മദ്രസ്സ പടി സ്വദേശിയായ ഹുസൈൻ മുസ്ലിയാർ 4 ആണും 2പെണ്ണുമായി 6 മക്കളുടെ പിതാവാണ്. പെൺമക്കളുടെ വിവാഹം കഴിഞ്ഞു. ആൺമക്കൾ ജോലി, വിദ്യഭ്യാസം തുടങ്ങി വിവിധ മേഘലകളിൽ പ്രവർത്തിക്കുന്നു. ആമിനയാണ് ഭാര്യ, കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞിപ്പ, ഖാലിദ്, മുഹമ്മദ് സലീം, മുഹമ്മദ് റഷീദ്‌ എന്നിവർ ആൺ മക്കളും, ഫാത്തിമ, സീനത്ത് എന്നിവർ പെൺ മക്കളുമാണ്. അബ്ദുൽ റസാഖ് ഹാജി കുറുമ്പത്തൂർ, സൈനുദ്ധീൻ ക്ലാരി മൂച്ചിക്കൽ എന്നിവർ ജാമാതാക്കളാണ്.
- sainualain