ഡോ.എന്‍.എ.എം.അബ്ദുല്‍ഖാദിറിന് രാഷ്ട്രപതിയുടെ ബഹുമതി അവാര്‍ഡ്

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ലക്ഷദ്വീപ് ഉന്നത വിദ്യാഭ്യാസ ഡീനും, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയുമായ പ്രൊഫസര്‍ എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, ഭാഷാ-സാഹിത്യ മേഖലയിലെ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സവിശേഷ ബഹുമതി പുരസ്‌കാരത്തിന്ന് അര്‍ഹനായി. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും ഉപഹാരവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. രാഷ്ട്രപതി ഭവനില്‍ പ്രത്യേകം സംഘടിപ്പിക്കുന്ന ചടങ്ങില്‍ വെച്ച് രാഷ്ട്രപതി അവാര്‍ഡ് സമ്മാനിക്കും.
കോഴിക്കോട് ഫാറൂഖ് കോളേജില്‍ 16 വര്‍ഷം ബിരുദ-ബിരുദാനന്തര തലത്തില്‍ അദ്ധ്യാപകനായി സേവനമനുഷ്ടിച്ചിരുന്ന പ്രൊഫസര്‍ അബ്ദുല്‍ഖാദിര്‍ 1998ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല അറബി പഠന വിഭാഗത്തില്‍ റീഡറായി നിയമിതനായി. പ്രൊഫസറും വകുപ്പ് മേധാവിയുമായി 2015ല്‍ വിരമിച്ചെങ്കിലും, യു.ജി.സിയുടെ എമരിറ്റസ് പ്രൊഫസറായി തുടര്‍ന്നു വരുന്നു. 'കേരള-ഗള്‍ഫ് ബന്ധങ്ങളുടെ സ്വാധീനം ഭാഷയിലും സാഹിത്യത്തിലും സാംസ്‌കാരിക ജീവിതത്തിലും' എന്ന വിഷയം ആസ്പദമാക്കി ഗവേഷണ പഠനം നടത്തിവരുന്നതിനിടയിലാണ് ലക്ഷദ്വീപ് ഡീന്‍ ആയി നിയമിതനായത്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും അറബി ഭാഷാ-സാഹിത്യത്തില്‍ ബി.എ, എം.എ, എം.എഫില്‍ ബിരുദങ്ങള്‍ ഒന്നാം റാങ്കോടെ നേടിയ ശേഷം 'ഫലസ്തീനിലെ ചെറുത്ത് നില്‍പിന്റെ കവിത'യെക്കുറിച്ച് സവിശേഷ പഠനം നടത്തി ഡോക്ടറേറ്റും കരസ്ഥമാക്കി. കൂടാതെ എല്‍.എല്‍.ബി ബിരുദവും നേടിയിട്ടുണ്ട്.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ പരീക്ഷാ കണ്‍ട്രോളര്‍, അക്കാദമിക് സ്റ്റാഫ് കോളേജ് ഡെപ്യൂട്ടി ഡയറക്ടര്‍, ഇസ്‌ലാമിക് ചെയര്‍ വിസിറ്റിംങ് പ്രൊഫസര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്ന ഇദ്ധേഹം നിലവില്‍ ഇസ്‌ലാമിക് സ്റ്റഡീസ് പഠന ബോര്‍ഡ് ചെയര്‍മാനും മാനവിക വിഷയങ്ങള്‍ക്കുള്ള ഫാക്കല്‍റ്റി ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ച് വരുന്നു. കൂടാതെ ജെ.എന്‍.യു ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ യൂണിവേഴ്‌സിറ്റികളുടെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയും വിദഗ്ദ സമിതികളില്‍ ചെയര്‍മാനായും അംഗമായും തുടര്‍ന്നുവരുന്നു.
നേരത്തെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെനറ്റ്, അക്കാദമിക് കൗണ്‍സില്‍ ഭാഷാ വിഷയങ്ങള്‍ക്കുള്ള ഫാക്കള്‍ട്ടി ബോര്‍ഡ് തുടങ്ങിയ സമിതികളില്‍ അംഗവും ദീര്‍ഘകാലം അറബിക് പി.ജി.പഠന ബോര്‍ഡ് ചെയര്‍മാനും ആയിരുന്നു. പതിനഞ്ചോളം പുസ്തകങ്ങളും നാല്‍പതില്‍ പരം ഗവേഷണ പഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ദേശീയ-അന്തര്‍ദേശീയ കോണ്‍ഫറന്‍സുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ അറബി പൈതൃകത്തെയും പുരാരേഖകളെയും കൈയെഴുത്ത് പ്രതികളെയും കുറിച്ച് പ്രൊഫസർ നടത്തിയ ശ്രദ്ധേയമായ പഠനങ്ങൾ ന്യൂഡൽഹിയിലെ നാഷണൽ മിഷൻ ഫോർ മനുസ്ക്രിപ്റ്റ്സിന്റെ സവിശേഷ പ്രശംസക്ക് അർഹമായിട്ടുണ്ട്
2006ല്‍ സ്ഥാപിതമായത് മുതല്‍ 'അന്നഹ്ദ' അറബി ദൈ്വമാസിക ചീഫ് എഡിറ്ററും, 'അന്നൂര്‍' റിസര്‍ച്ച് ജേര്‍ണല്‍ കണ്‍സള്‍ട്ടന്റ് എഡിറ്ററുമാണ്. കുറേ വര്‍ഷങ്ങള്‍ 'കാലിക്കൂത്' അറബി റിസർച്ച് ജേര്‍ണല്‍ പത്രാധിപര്‍ ആയിരുന്നു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയും മരണം വരെ അര നൂറ്റാണ്ട് കാലത്തോളം ക്രിയാത്മക കാര്യദര്‍ശിത്വം വഹിച്ച സമുന്നത നേതാവുമായിരുന്ന കെ.പി.ഉസ്മാന്‍ സാഹിബിന്റെ പുത്രനായ പ്രൊഫസര്‍ അബ്ദുല്‍ഖാദിര്‍ നേരത്തെ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എസ്.വൈ.എസ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം തുടങ്ങിയ തസ്തികകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സെനറ്റ് അംഗം, കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസ് (വാഫി) അക്കാദമിക് ജോയിന്റ് ഡയറക്ടര്‍, എസ്.കെ.എം.ഇ.എ.സംസ്ഥാന പ്രസിഡണ്ട്, അല്‍ബിറ്ര്‍ ഇസ്‌ലാമിക് പ്രീസ്‌കൂള്‍ ഡയറക്ടര്‍ തുടങ്ങിയ ചുമതലകള്‍ വഹിക്കുന്നു.
- Samasthalayam Chelari