പൊതു വിദ്യാലയങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണം: ജംഇയ്യത്തുല്‍ മുഫത്തിശീന്‍

ചേളാരി : പൊതുവിദ്യാലയങ്ങള്‍ സ്വന്തം താല്‍പര്യത്തിന് വേണ്ടി ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ സംസ്ഥാന സംഗമം ആവശ്യപ്പെട്ടു. ത്യശൂര്‍ ജില്ലയിലെ ചേര്‍പ്പ് സി.എന്‍.എന്‍ ഗേള്‍സ് ഹൈസ്‌കൂളിലെ ഗുരുപൂര്‍ണിമ ആഘോഷത്തിന്റെ ഭാഗമായി മുസ്‌ലിം വിദ്യാര്‍ത്ഥിനികളോട് ഗുരുപൂജ നടത്തിച്ചത് വിദ്യാഭ്യാസ വകുപ്പ് അത്യന്തം ഗൗരവമായി കണ്ട് യഥാസമയം നടപടി സ്വീകരിക്കേണ്ടതായിരുന്നു. ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കമുണ്ടാക്കുന്ന ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ ജാഗ്രത പാലിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
പ്രസിഡന്റ് എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മദ്‌റസ അധ്യാപക ക്ഷേമ നിധി ഓഫീസര്‍ പി. എം. ഹമീദ്, എം.എ. ചേളാരി, കെ. പി. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ.സി. അഹ്മദ് കുട്ടി മൗലവി, വി.കെ. ഉണ്ണീന്‍കുട്ടി മുസ്‌ലിയാര്‍, വി.കെ.എസ്. തങ്ങള്‍, പുത്തലം അബ്ദുറസാഖ് മുസ്‌ലിയാര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി കെ.എച്ച്. കോട്ടപുഴ സ്വാഗതവും കെ.ഇ. മുഹമ്മദ് മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
- Samasthalayam Chelari