ജിദ്ദ : സ്വയംകൃതാനര്‍ത്ഥങ്ങളാല്‍ നേരിടുന്ന മഹാവിപത്തുകള്‍ മാനവ സമൂഹത്തെ ഒരു പുനര്‍ വിചിന്തനത്തിലൂടെ ഇസ്‍ലാമിക ചര്യയിലേക്ക് തിരിച്ചു പോകാന്‍ പ്രേരിപ്പിക്കുന്ന ദൈവീക പരീക്ഷണണാണെന്ന് ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ ഡയറക്ടര്‍ മുഹമ്മദ് ടി.എച്ച്. ദാരിമി ഉദ്ബോധിപ്പിച്ചു. ജിദ്ദ ബഗ്ദാദിയ്യ ദാറുസ്സലാം ജെ.ഐ.സി. ഓഡിറ്റോറിയത്തില്‍ നടന്ന മത പഠന ക്ലാസില്‍ H1NI ഭയാശങ്കകളെ കുറിച്ചുള്ള ഇസ്‍ലാമിക മാനം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ തിന്മകള്‍ വ്യാപകമാവുകയും അതു പരസ്യമായി ആഘോഷിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് മഹാമാരികള്‍ കൊണ്ടുള്ള ദുരന്ത പരീക്ഷണങ്ങള്‍ അവര്‍ക്ക് നേരിടേണ്ടി വരും എന്ന പ്രവാചക തിരുമേനിയുടെ താക്കീത് പ്രസക്തമാണ്. നിര്‍ണ്ണിതമായ ഇസ്‍ലാമിക വിധി വിലക്കുകള്‍ മനുഷ്യന്‍റെ മതപരവും ആരോഗ്യപരവും കുടുംബ പരവും സാന്പത്തികവും തുടങ്ങി നിഖില മേഖലകളുടെയം സംരക്ഷണത്തിനു വേണ്ടിയുള്ളതാണ്. യഥാവിധി സൂക്ഷ്മതയോടെ ജീവിക്കുകയും ദൈവത്തില്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുക. വഴിവിട്ട ജീവിത ക്രമങ്ങള്‍ കാരണമാണ് പല പൂര്‍വ്വ സമൂഹങ്ങളും നശിപ്പിക്കപ്പെട്ടത്. ഇന്നത്തെ ദുരന്തങ്ങള്‍ ഒട്ടുമിക്കതും പാശ്ചാത്യ സംസ്കാരത്തിന്‍റെ സംഭാവനകളായി ചരിത്രം വിലയിരുത്തും.
ഏതൊരു സമൂഹവും സ്വയം നിലപാടില്‍ മാറ്റം വരുത്തുന്നതു വരെ അല്ലാഹുവും അവന്‍റെ സമീപനത്തില്‍ മാറ്റം വരുത്തുകയില്ല എന്ന വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപനം ഉള്‍കൊള്ളുന്ന സത്യവിശ്വാസികള്‍ വ്യക്തപരവും സാമൂഹ്യവുമായ സകല തിന്മകളില്‍ നിന്നും മുക്തമാകുകയും ജീവിതത്തിന്‍റെ മുഴുവന്‍ മേഖലകളിലും പരിശുദ്ധി കാത്തു സൂക്ഷിക്കുകയും ചെയ്യാന്‍ തയ്യാറാകണം. ശാരീരിക ശുദ്ധി ആരാധനകളുടെ ഭാഗമായ മുസ്‍ലിം സമൂഹം മുക്തിയുടെ ആത്യന്തിക ശുദ്ധി കാംക്ഷിച്ചു കൊണ്ട് ഇസ്‍ലാം വിവക്ഷിക്കുന്ന മാതൃകാ സമൂഹമായി നിലകൊള്ളണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
- Usman Edathil Jeddah -